ഇരിട്ടി: തലശ്ശേരി-വളവുപാറ അന്തർ സംസ്ഥാന പാതയിലെ നിർമാണ അപാകത സംബന്ധിച്ച് ഇരിട്ടിയിൽ നടന്ന താലൂക്ക്തല വികസനസമിതി യോഗത്തിൽ രൂക്ഷ വിമർശനം.
മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത് താലൂക്ക് വികസന സമിതി യോഗത്തിൽ കെ.എസ്.ടി.പിക്കും പൊതുമരാമത്തിനുമെതിരെ ഉയർത്തിയ രൂക്ഷ വിമർശനം എം.എൽ.എ ഉൾപ്പെടെ മറ്റ് ജനപ്രതിനിധികളും ഏറ്റെടുത്തു. കോടികൾ മുടക്കി നിർമിച്ച റോഡിന് ഇപ്പോൾ ഒരു നാഥനില്ലാത അവസ്ഥയാണ്.
കരാറുകാരൻ പണി പൂർത്തിയാക്കി അവർക്ക് വേണ്ടതും കൊണ്ടുപോയി.റോഡിന്റെ പലഭാഗങ്ങളിലും ഓവുചാലുകൾ പോലും ഇല്ല. വഴിവിളക്കുകൾ ഒന്നും കത്തുന്നില്ല. മട്ടന്നൂർ ടൗണിലെ പ്രധാന കവല എന്നും അപകടക്കെണിയായി മാറുന്നു. ഇക്കാര്യങ്ങളൊക്കെ ആരോടാണ് പറയേണ്ടതെന്ന് മട്ടന്നൂർ നഗരസഭ ചെയർമാൻ ചോദിച്ചു. ഇതുതന്നെയാണ് എല്ലാവരും ചോദിക്കുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സണ്ണിജോസഫ് എം.എൽ.എയും പറഞ്ഞു.
റോഡ് പൊതുമാരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടില്ലെന്ന് യോഗത്തിൽ എത്തിയ മരാമത്ത് എൻജിനീയർ പറഞ്ഞപ്പോൾ ഇപ്പോഴത്തെ അവസ്ഥയിൽ ഏറ്റെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് ജനപ്രതിനിധികൾ പരിഹസിക്കുകയും ചെയ്തു. അന്തർ സംസ്ഥാന പതയിലെ സോളാർ വഴിവിളക്കിന്റെ ബാറ്ററികൾ യാത്രക്കാരുടെ തലയിൽ എപ്പോൾ വീഴുമെന്ന് പറയാനാവില്ലെന്നും അപകടം സംഭവിച്ചിട്ട പറഞ്ഞിട്ട് കാര്യമില്ലെന്നും മുസ്ലിംലീഗ് പ്രതിനിധി ഇബ്രാഹിം മുണ്ടേരി പറഞ്ഞു.
എം.എൽ.എ കെ .എസ്. ടി .പി പ്രതിനിധിയെ മറുപടിക്കായി ക്ഷണിച്ചെങ്കിലും വ്യക്തമായ വിശദീകരണം പോലും നൽകാൻ അദ്ദേഹത്തിനായില്ല. മാക്കൂട്ടം- ചുരം റോഡിൽ മരം വീണ് ഉണ്ടാകുന്ന അപകടങ്ങളും റോഡിന്റെ ശോച്യാവസ്ഥയും ബന്ധപ്പെട്ടവരെ അറിയിക്കാൻ യോഗം തഹസിൽദാരെ ചുമതലപ്പെടുത്തി.എൻ.സി.പി അംഗം കെ.പി ഷാജിയാണ് റോഡിലെ അപകടാവസ്ഥ യോഗത്തിൽ ഉന്നയിച്ചത്. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പ്രവ്യത്തികൾ ഒരാഴ്ചക്കുള്ളിൽ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ യോഗത്തെ അറിയിച്ചു. പാൽച്ചുരം -ബോയ്സ് ടൗൺ റോഡിന്റെ നവീകരണ പ്രവ്യത്തി ഒരാഴ്ചക്കുള്ളിൽ ആരംഭിക്കണമെന്ന് യോഗം നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.