ഇരിട്ടി: കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വനിത യാത്രക്കാരെ പരിശോധിക്കാൻ വനിത ജീവനക്കാരില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. നിരവധി മയക്കുമരുന്ന് കേസുകൾ പിടികൂടുന്ന അതിർത്തിയിലെ ചെക്ക്പോസ്റ്റാണ് സ്ത്രീ യാത്രക്കാരെ പരിശോധിക്കാൻ വനിത ജീവനക്കാരില്ലാതെ പ്രതിസന്ധിയിലായത്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്ന ചെക്ക്പോസ്റ്റിൽ വനിത ജീവനക്കാർ ഇല്ലാത്ത അവസരം മുതലാക്കി ഇതുവഴി സ്ത്രീകളെ ഉപയോഗിച്ച് മയക്കുമരുന്നുകൾ കടത്തുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രണ്ടാഴ്ചയോളം വനിത ജീവനക്കാരെ അനുവദിച്ചിരുന്നുവെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു.
ബംഗളൂരുവിൽനിന്ന് എത്തുന്ന വിദ്യാർഥികളെ ഉപയോഗിച്ച് മാഫിയ സംഘം മയക്കുമരുന്ന് കടത്തുന്നതായി സംശയമുണ്ട്. ഇത് പരിശോധിക്കാൻ വനിത ജീവനക്കാർ ഇല്ലാത്തത് മയക്കുമരുന്ന് സംഘം ഉപയോഗപ്പെടുത്തുന്നതായാണ് സൂചന.
വനിത ജീവനക്കാരില്ലാത്തതുകൊണ്ട് വനിതകളുള്ള വാഹനം എക്സൈസിന് തലവേദന സൃഷ്ടിക്കുകയാണ്. വനിതകൾ ഉൾപ്പെടെയുള്ള വാഹനത്തെ വനിത ജീവനക്കാർ ഇല്ലാതെ പരിശോധിച്ചാൽ ആരെങ്കിലും പരാതി നൽകിയാൽ ജോലിപോലും നഷ്ടപ്പെടുന്ന സാഹചര്യമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ജൂൺ മൂന്നിന് സ്കൂളുകൾ തുറക്കുന്നതോടെ വിദ്യാർഥികളെ ലക്ഷ്യംവെച്ചുള്ള മയക്കുമരുന്ന് സംഘം സജീവമാണ്. യുവാക്കളും വിദ്യാർഥികളും അടങ്ങുന്ന സംഘമാണ് അതിർത്തിയിൽ മയക്കുമരുന്നുമായി പിടിയിലാവുന്നത്. ജില്ലയിൽ അമ്പതോളം വനിത എക്സൈസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ ഒരുഉദ്യോഗസ്ഥയെ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നിയമിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.