ഇരിട്ടി: വൈദ്യുതി വകുപ്പിന്റെ മൂന്ന് ഓഫിസുകളെ ഒരു കുടക്കീഴിലാക്കി ഇരിട്ടിയിൽ മിനി വൈദ്യുതിഭവൻ ചൊവ്വാഴ്ച തുറക്കും. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പയഞ്ചേരി മുക്കിൽ പുതുതായി തുടങ്ങിയ ഓഫിസ് കെട്ടിടം വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ സണ്ണിജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഇരിട്ടി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഡിവിഷൻ, സബ് ഡിവിഷൻ, സെഷൻ ഓഫിസുകളാണ് മിനിവൈദ്യുതി ഭവനിൽ പ്രവർത്തിക്കുക. കെ.എസ്.ഇ.ബിയുടെ എക്സിക്യൂട്ടിവ് എൻജിനീയർ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ, അസി. എൻജിനീയർ എന്നിവരുടെ ഓഫിസുകൾ ഒരേസ്ഥലത്ത് പ്രവർത്തിക്കുന്നത് പൊതുജനങ്ങൾക്ക് ആശ്വാസമാകും.
നിലവിൽ കെ.എസ്.ഇ.ബി ഓഫിസുകൾ സ്ഥലപരിമിതികൾ മൂലം വീർപ്പുമുട്ടുന്നതിനും പരിഹാരമാകും. 1.40 കോടി രൂപ ചെലവിൽ 2021 മാർച്ചിലാണ് ഇരുനില കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്. ജലസേചന വകുപ്പ് വിട്ടുനൽകിയ 43.5 സെന്റിൽ 27.5 സെന്റ് സ്ഥലത്താണ് പാർക്കിങ്ങ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ 5266 ചതുരശ്ര അടിയിൽ കെട്ടിടം ഒരുക്കിയത്.
ബാക്കി സ്ഥലം സബ് സ്റ്റേഷൻ നിർമാണത്തിനായി ഉപയോഗിക്കും. കെ.എസ്.ഇ.ബിയുടെ പഴശ്ശി സാഗർ മിനി ജലവൈദ്യുതി പദ്ധതിയിലെ സിവിൽ വിഭാഗമാണ് നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. ഇരിട്ടി, മട്ടന്നൂർ, ശ്രീകണ്ഠാപുരം നഗരസഭകളും 19 ഗ്രാമപഞ്ചായത്തുകളും പുതിയ ഓഫിസിന്റെ കീഴിലാണ്.
1,96,488 ഉപഭോക്താക്കളുമുണ്ട്. സ്വന്തമായി സ്ഥലം ഉണ്ടായിട്ടും വൈദ്യുതി ഭവന് സ്വന്തമായി ഓഫിസില്ലാത്തത് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഓഫിസുകളെല്ലാം ഒരു കുടക്കീഴിലായതോടെ ഭരണപരമായ കാര്യങ്ങളും എളുപ്പം പൂർത്തിയാക്കാനാവും.
ഉദ്ഘാടനത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ വിളംബര ജാഥയും ഉണ്ടാകുമെന്ന് ഇരിട്ടി നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ കെ. സുരേഷ്, കെ. സോയ, കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ ഹരീശൻ മൊട്ടമ്മൽ, എക്സിക്യൂട്ടീവ് എൻജിനീയർ സാനുജോർജ്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർമാരായ സി.കെ. രതീശൻ, ദിനേശൻ ചെക്കിക്കുന്നുമ്മൽ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.