ഇരിട്ടി: ആറളം വിയറ്റ്നാം കോളനിയിലെ വള്ള്യാടൻ ഗോപാലൻ എന്ന കുഞ്ഞാമേട്ടന് വീടൊരുക്കി നാട്. കുഞ്ഞാമേട്ടൻ 40 വർഷമായി ഷെഡിലാണ് അന്തിയുറങ്ങുന്നത്. നാട്ടുകാരുടെ സഹായം കൊണ്ട് ജീവിതം മുന്നോട്ടുപോയികൊണ്ടിരിക്കെ 85ാം വയസ്സിലാണ് സ്വന്തമായി വീടുണ്ടാകുന്നത്. വാർഡ് അംഗം ഇ.സി. രാജുവിന്റെ ഇടപെടലിനെ തുടർന്ന് കുഞ്ഞാമേട്ടനെ അതിദരിദ്ര പട്ടികയിൽപ്പെടുത്തി വിവിധ ആനുകൂല്യങ്ങൾ നൽകി റേഷൻ കാർഡ്, പെൻഷൻ, വീട് തുടങ്ങിയവയിലെല്ലാം ഉൾപ്പെടുത്തിയത്. 14 വർഷമായി മുടക്കം കൂടാതെ ഭക്ഷണം നൽകുന്നത് അയൽവാസിയായ കുഞ്ഞിക്കണ്ടി പറമ്പിൽ അജയനും കുടുംബവുമാണ്. കുഞ്ഞാമേട്ടന് ഷെഡ് നിർമിച്ചു നൽകുന്നത് നാട്ടിലെ യുവാക്കളാണ്.
ഈ വർഷത്തെ ലൈഫ് ഭവന പദ്ധതിയിൽ ഇദ്ദേഹത്തിന്റെ പേര് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമാണം ആരംഭിച്ചത്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആളായതിനാൽ ആറ് ലക്ഷം രൂപ ഭവന നിർമാണത്തിന് ലഭിച്ചു. വിയറ്റ്നാം കോളനിയിലെ യുവാക്കളുടെ കൂട്ടായ്മയാണ് മനോഹരമായ വീട് നിർമിച്ചത്.
വൈദ്യുതി ലഭിച്ചില്ലെങ്കിലും പൂർത്തിയായ വീട്ടിൽ താൽക്കാലിക താമസം തുടങ്ങിയിരിക്കുകയാണ് കുഞ്ഞാമേട്ടൻ. വയറിങ് പ്രവൃത്തി കഴിഞ്ഞ് വൈദ്യുതി കണക്ഷനായി അപേക്ഷ നൽകിയിട്ടുണ്ട്. അടുത്ത ഞായറാഴ്ച പാലുകാച്ചൽ കർമം നടത്തി ഔദ്യോഗികമായി വീടിന്റെ താക്കോൽ കുഞ്ഞാമേട്ടന് കൈമാറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വിയറ്റ്നാം കോളനി നിവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.