ഇരിട്ടി: മലയോര മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കീഴ്പ്പള്ളിക്കടുത്ത് പുതിയങ്ങാടി, പരിപ്പുതോട് മേഖലകളിൽ വീണ്ടും കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഒരു മാസത്തിനിടയിൽ മൂന്നാം തവണയാണ് മേഖലയിൽ കാട്ടാനകൂട്ടം നാശം വിതക്കുന്നത്. പ്രദേശത്തെ കൊച്ചുപുരയ്ക്കൽ മുഹമ്മദിന്റെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വൻ നാശനഷ്ടമാണ് ഉണ്ടാക്കിയത്.
തെങ്ങ്, കമുക്, വാഴ, ചേന, കപ്പ തുടങ്ങിയ സർവ വിളകളും നശിപ്പിച്ചു. ആറളം ഫാമിൽ നിന്നും കക്കുവ പുഴ കടന്ന് എത്തുന്ന ആനകൾ കഴിഞ്ഞ കുറെ ദിവസങ്ങളായി പരിപ്പുതോട്, പുതിയങ്ങാടി മേഖലകളിൽ വ്യാപകമായി കൃഷി നാശം വിതക്കുകയാണ്. ആനയുടെ ശല്യം അധികരിച്ചതോടെ കഴിഞ്ഞ ദിവസം സർവകക്ഷി യോഗം ചേർന്ന് ജനകീയ പങ്കാളിത്തത്തോടെ തൂക്കുവേലി നിർമിക്കാൻ ജനകീയ കമ്മിറ്റി രൂപവത്കരിച്ചിരുന്നു.
വനം വകുപ്പിനെ വിവരം അറിയിച്ചാലൂം കൃഷിനാശം സംഭവിച്ച കർഷകന് ലഭിക്കേണ്ട നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന പരാതി നിലനിൽക്കുകയാണ്. ബാങ്കുകളിൽ നിന്നും വായ്പ എടുത്തു കൃഷിചെയ്യന്ന കർഷകന്റെ വിളകൾ നശിച്ചാൽ വർഷങ്ങൾക്ക് ശേഷം ലഭിക്കുന്നതാകട്ടെ വളരെ തുച്ഛമായ തുകയാണ്. മുണ്ടുപറമ്പിൽ കുട്ടപ്പന്റെയും കൂറ്റാരപള്ളിൽ ജോസഫിന്റെ കൃഷിയിടത്തിലും ആനകൾ കഴിഞ്ഞ ദിവസം കൃഷികൾ നശിപ്പിച്ചിരുന്നു.
പേരാവൂർ: ആറളം ഫാമിൽ കാട്ടാനകൾ രണ്ട് കുടിലുകൾ തകർക്കുകയും വ്യാപകമായി കൃഷിനാശം വരുത്തുകയും ചെയ്തു. തകർന്ന കുടിലുകളിൽ കുടുംബങ്ങൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരും രക്ഷപ്പെട്ടത് തലനാരിഴക്ക്. ഫാം പുനരധിവാസ മേഖലയിലെ 13ാം ബ്ലോക്കിലെ സുമി, കുമാരൻ എന്നിവർ താമസിക്കുന്ന കുടിലുകളാണ് ആനകൾ തകർത്തത്.
ജനവാസ മേഖലയിൽ ആനയുണ്ടെന്ന് അറിഞ്ഞെത്തിയ വനപാലക സംഘം ആന നിലയുറപ്പിച്ച സ്ഥലം മനസ്സിലാക്കാതെ പ്രധാന റോഡിൽ നിന്നും പടക്കം കത്തിച്ച് എറിഞ്ഞു. പടക്കം പൊട്ടിയ പാടെ വീട്ടുപറമ്പിൽ ഉണ്ടായിരുന്ന ആന ഓടുന്നതിനിടയിലാണ് കുമാരന്റെയും സുമിയുടെയും കുടിലിന്റെ ഒരു ഭാഗം ഭാഗികമായി തകർത്തത്.
സംഭവസമയത്ത് സുമിയുടെ കുടിലിൽ രണ്ട് ചെറിയ കുട്ടികളും ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് ഇവർ ആനയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടത്. സമീപത്തെ കുമാരന്റെ വീട്ടിലും താമസക്കാർ ഉണ്ടായിരുന്നു. ഇരുവരും താമസിക്കുന്ന ഭൂമിക്ക് പട്ടയം കിട്ടാഞ്ഞതിനാൽ കുടുംബങ്ങൾ പത്ത് വർഷത്തിലധികമായി കുടിലിലാണ് താമസിക്കുന്നത്. പ്രദേശത്തെ ദാമു, കുഞ്ഞിരാമൻ, കുമാരൻ എന്നിവരുടെ വീട്ടുപറമ്പിലെ വാഴ, തെങ്ങ്, കമുങ്ങ് ഉൾപ്പെടെയുള്ള വിളകൾ നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.