ഇരിട്ടി: ഭരണാനുമതി ലഭിച്ചിട്ടും ഫയലിൽ മാത്രം ഒതുങ്ങിയ തേർമല- വളവുകരി പാലത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് തുടരുന്നു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽപെടുന്ന തേർമലയെയും വളവുകരി മലയോരപാതയെയും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പാലത്തിന് 2016ലാണ് ഭരണാനുമതി ലഭിച്ചത്.
ഒമ്പത് കോടി രൂപ ചെലവ് കണക്കാക്കി ഡ്രോയിങും മണ്ണ് പരിശോധനയും അടക്കം പൂർത്തിയാക്കിയ ശേഷമാണ് കഴിഞ്ഞ ഏഴ് വർഷമായി ഫണ്ട് ഇല്ലെന്ന പേരിൽ നിർമാണം അനിശ്ചിതമായി നീളുന്നത്. നിലവിൽ തേർമലയിൽ പയ്യാവൂർ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ 12 കിലോമീറ്റർ ദൂരം അധികം യാത്ര ചെയ്യണം. പാലം യാഥാർഥ്യമാകുന്നതോടെ തേർമലയിൽനിന്ന് ഒരു കിലോമീറ്റർ യാത്ര ചെയ്താൽ വളവുകരി മലയോര ഹൈവേയിൽ എത്താൻ കഴിയുമെന്നതാണ് പാലമെന്ന ആവശ്യം ശക്തിപ്പെടാൻ കാരണം. കിഫ്ബി പദ്ധതിയിൽ പണിതീർന്ന കോക്കാട് കണിയാർവയൽ റോഡിൽ തേർമലയിൽനിന്ന് പയ്യാവൂരിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാനും നിർദിഷ്ട പാലം ഉപകരിക്കും. ഉളിക്കൽ പഞ്ചായത്തിൽ ഇന്ന് പ്രവർത്തിക്കുന്ന ഏക തോണിക്കടവിനെ ആശ്രയിക്കുന്നത് നിരവധി കുടുംബങ്ങളാണ്.
പുഴകടന്നാൽ എത്തുന്ന സമീപത്തെ എസ്റ്റേറ്റിലെ മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികൾ ഇന്നും ആശ്രയിക്കുന്നത് കടത്തു വഞ്ചിയെ ആണ്. മഴക്കാലം എത്തുന്നതോടെ കടവിൽ തോണിയിറക്കാൻ കഴിയാതെ 12 കിലോമീറ്റർ അധികം യാത്ര ചെയ്യണം.
നിരവധി അപകടങ്ങളും മരണവും സംഭവിച്ച തോണിക്കടവിൽ മിഷൻ ലീഗ് കുട്ടികളുമായി പോയ കടത്ത് തോണി ഒരിക്കൽ അപകടത്തിൽപെടുകയും നാട്ടുകാരുടെ ഇടപെടലിൽ വലിയ ദുരന്തം ഒഴിവായതായും കടത്തുവഞ്ചി ഇല്ലാത്തതുകൊണ്ട് പുഴ നീന്തിക്കടന്ന യുവാവ് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടതായും നാട്ടുകാർ പറഞ്ഞു. 75 മീറ്ററിൽ അധികം ദൂരം വരുന്ന പാലത്തിന് അപ്രോച്ച് റോഡിന് ആവശ്യമായ കൃഷിഭൂമി ഉൾപ്പെടുന്ന സ്ഥലം സൗജന്യമായി ജനങ്ങൾ വിട്ടു നൽകുകയായിരുന്നു.
2019ൽ വീണ്ടും നിരന്തരമായി പരാതികൾ വകുപ്പ് മന്ത്രിക്കും ധനകാര്യ മന്ത്രിക്കും നൽകിയെങ്കിലും പാലത്തിന് അനുവദിച്ച തുക 11 കോടിയായി ഉയർത്തിയതല്ലാതെ ഒരു ജോലികളും നടന്നില്ല. ഫാ. സെബാസ്റ്റ്യൻ ഇട്ടിയാപാറ രക്ഷാധികാരിയായും വാർഡ് അംഗം രാമകൃഷ്ണൻ കോയാട്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ചാക്കോ പാലക്കലോടി, കുര്യാക്കോസ് മണിപാടത്ത്, ജോർജ് പുളിക്കകുന്നേൽ, ജോയി തൊടുകയിൽ എന്നിവരുമടങ്ങുന്ന ജനകീയ ആക്ഷൻ കമ്മിറ്റി സ്ഥലം എം.എൽ.എ സജീവ് ജോസഫിനും വകുപ്പ് മന്ത്രിക്കും വീണ്ടും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.