കണ്ണൂർ: കണ്ണൂരിൽ സി.പി.എം നേതൃത്വത്തിലുള്ള പെയിൻ ആൻഡ് പാലിയേറ്റിവ് കൂട്ടായ്മ ഐ.ആർ.പി.സിയിൽനിന്ന് പി. ജയരാജനുമായി അടുത്ത ബന്ധമുള്ള ധീരജ് കുമാർ പുറത്ത്. ശനിയാഴ്ച ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഐ.ആർ.പി.സിയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് ധീരജ് കുമാറിനെ നീക്കിയത്. പി. ജയരാജൻ പാർട്ടി ജില്ല സെക്രട്ടറിയായിരിക്കെയാണ് ഐ.ആർ.പി.സി രൂപവത്കരിച്ചത്.
ഉപദേശക സമിതി ചെയർമാൻ എന്ന നിലക്ക് പി. ജയരാജനായിരുന്നു ഇതിെൻറ പൂർണ നിയന്ത്രണം. നേരത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്ന ധീരജ് കുമാർ ഇടക്കാലത്ത് സംഘ്പരിവാറിനൊപ്പമായിരുന്നു. ധീരജിെന പാർട്ടിയിൽ തിരികെകൊണ്ടുവന്നതും ഐ.ആർ.പി.സിയുടെ തലപ്പത്ത് നിയോഗിച്ചതും പി. ജയരാജനാണ്. പി. ജയരാജൻ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയതോടെ അദ്ദേഹവുമായി അടുപ്പമുള്ളവരും തഴയപ്പെടുന്നതിെൻറ തുടർച്ചയാണ് ധീരജ് കുമാറിെൻറ പുറത്താകൽ.
സംഘ്പരിവാർ ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിൽ തിരിച്ചെത്തിയ ധീരജ് കുമാറും അനുയായികളും അമ്പാടിമുക്ക് സഖാക്കൾ എന്നാണ് അറിയപ്പെട്ടിരുന്നത്. പാർട്ടിയുടെ സമൂഹ മാധ്യമ ഇടങ്ങളിൽ നിരന്തരം പി. ജയരാജനെ ഉയർത്തിക്കാട്ടിയും പ്രകീർത്തിച്ചും നിറഞ്ഞുനിന്ന അമ്പാടിമുക്ക് സഖാക്കൾ പാർട്ടി നേതൃത്വത്തിെൻറ കണ്ണിലെ കരടായിരുന്നു. പി. ജയരാജനെ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതിനുപിന്നാലെ ഇവരെ തള്ളിപ്പറഞ്ഞ് പാർട്ടി നേതൃത്വം രംഗത്തുവന്നിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പി. ജയരാജന് സ്ഥാനാർഥിത്വം നിഷേധിക്കുകകൂടി ചെയ്തതിെനതിെര ധീരജ് കുമാർ പരസ്യമായി രംഗത്തുവന്നു.
പി.ജയരാജന് സീറ്റില്ലെങ്കിൽ പാർട്ടി നൽകിയ ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് സ്ഥാനം വേണ്ടെന്നുപറഞ്ഞ് ധീരജ് കുമാർ തൽസ്ഥാനം രാജിവെച്ചു. പിന്നാലെ ധീരജ് കുമാറിനെ സി.പി.എം പുറത്താക്കുകയും ചെയ്തു. എന്നാൽ, ഐ.ആർ.പി.സി ചെയർമാൻ സ്ഥാനത്ത് തുടരുകയായിരുന്നു. അത് വേണ്ടെന്ന ജില്ല നേതൃത്വത്തിെൻറ തീരുമാനപ്രകാരമാണ് ശനിയാഴ്ച ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഐ.ആർ.പി.സി ജനറൽ ബോഡി ചേർന്ന് ധീരജ് കുമാറിനെ പുറത്താക്കിയത്.
ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന പി. ജയരാജൻ എതിർപ്പ് വ്യക്തമാക്കി വിട്ടുനിൽക്കുകയും ചെയ്തു. കണ്ണൂരിലെ പാർട്ടിയിൽ ഇപ്പോൾ കാര്യമായ ചുമതലകൾ ഒന്നുമില്ലാത്ത പി. ജയരാജന് ഐ.ആർ.പി.സിയുടെ മേലുള്ള നിയന്ത്രണവും നഷ്ടപ്പെടുന്നതാണ് പുതിയ സംഭവവികാസം. ധീരജ് കുമാറിനുപകരം പാർട്ടി ലോക്കൽ സെക്രട്ടറി എം.ടി. സതീശനെ ചെയർമാനായി തെരഞ്ഞെടുത്തിട്ടുണ്ട്. സാജിദ്(സെക്ര.), ഒ.കെ. വിനീഷ് (ട്രഷ.) എന്നിവരാണ് മറ്റു ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.