കേളകം: കൊട്ടിയൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് ഒറ്റപ്ലാവ് മക്കിയാസ് കോളനി നിവാസിയാണ് 90കാരനാണ് ചെല്ലപ്പൻ ചേട്ടൻ. ബന്ധുക്കൾ ആരും ഇല്ല. തകർച്ച ഭീഷണി നേരിടുന്ന വീട്ടിനുള്ളിൽ മണ്ണിട്ട തറയിൽ ഒറ്റക്കാണ് ചെല്ലപ്പൻ ചേട്ടന്റെ താമസം. കേൾവിക്കുറവുണ്ട്. കാഴ്ചശക്തിയും കുറവാണ്. താമസിക്കാൻ തണുപ്പടിക്കാത്ത രീതിയിൽ ചെറിയൊരു സൗകര്യം, അതു മാത്രമാണ് അദ്ദേഹത്തിന്റെ ഒരേയൊരു ആഗ്രഹം. പൊട്ടി വീഴാറായ കട്ടിലിൽ ഇരുന്ന് ചെല്ലപ്പൻ ചേട്ടൻ ആഗ്രഹം പങ്കുവെക്കുമ്പോൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. പേക്ഷ, ആരു കേൾക്കും ഈ വേദന. കോളനിയിലെ കുടുംബങ്ങളുടെ ദയനീയ കാഴ്ചകളിലൊന്നാണിത്.
ഈ വയോധികൻ ഉൾപ്പെടെ താമസിക്കുന്ന സ്ഥലത്തിന്റെ രേഖകൾക്കായി കോളനിവാസികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് 22 വർഷമായി. നീളുകയാണ്. വീടുകൾ പലതും തകർച്ച ഭീഷണിയിലായതിനെ തുടർന്ന് അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാതെ ദുരിതക്കയത്തിലാണ് കോളനിവാസികൾ.
ഈ നാല് സെന്റ് കോളനിയിൽ ഒമ്പത് വീടുകളിലായി 20ലധികം കുടുംബങ്ങളുണ്ട്. കഴിഞ്ഞ 22 വർഷമായി ഇവിടെ താമസിക്കുന്നവരാണ് ഇവർ. 2000ത്തിൽ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഏക്കർ സ്ഥലം നാല് സെന്റ് ഭൂമിയായി 22 കുടുംബങ്ങൾക്ക് നൽകിയതാണ്. എന്നാൽ പല കുടുംബങ്ങളും ഇവിടെ താമസിക്കാതെവന്നതോടെ ഒമ്പത് വീടുകളായി മാത്രം അവശേഷിച്ചു. ഭൂമി ലഭിച്ചതോടെ ഇവർ പലരും കടമെടുത്തും കൂലിപ്പണിചെയ്തും വീട് വെച്ചു. പേക്ഷ, സ്ഥലത്തിന്റെ രേഖകളൊന്നും അധികാരികൾ നൽകിയില്ല. ഭൂമി നൽകുന്ന സമയത്ത് വീടും രേഖകളും താക്കോലും അടക്കം കൈമാറാമെന്ന് പറഞ്ഞിരുന്നുവെങ്കിലും 22 വർഷമായിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് വീട്ടമ്മ പറയുന്നു.
കഴിഞ്ഞ 22 വർഷമായി രേഖകൾക്കായി അധികാരികളുടെ മുന്നിലും പല ഓഫിസുകളിലും കയറിയിറങ്ങുകയാണ് ഇവർ. നാല് സെന്റ് കൃത്യമായി അളന്നു തിട്ടപ്പെടുത്തി സ്ഥലത്തിന്റെ രേഖകൾ കൈമാറണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
ഇതിനിടയിൽ വീടുകൾ പലതും വിണ്ടുകീറി തകർച്ചയുടെ വക്കിലാണ്. കുടിവെള്ളത്തിനായി പണം നൽകുകയാണ് കോളനിവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.