കണ്ണൂർ: കാലത്തിനൊപ്പം കണ്ണൂരിനെ ഐ.ടി മേഖലയിൽ കൈപിടിച്ചുയർത്താൻ ജില്ലക്ക് ഐ.ടി പാർക്ക് വാഗ്ദാനം ചെയ്ത് ബജറ്റ്. 500 കോടി രൂപ വീതമാണ് കൊല്ലത്തിനും കണ്ണൂരിനും ഇതിനായി വകയിരുത്തിയത്. നേരത്തേ സൈബർ പാർക്കിന് എരമം കുറ്റൂരിൽ തറക്കല്ലിട്ടിരുന്നെങ്കിലും ഇതുവരെ യാഥാർഥ്യമായിട്ടില്ല.
ഈ സാഹചര്യത്തിൽ കണ്ണൂർ വിമാനത്താവളത്തിനു സമീപം ഐ.ടി പാർക്ക് വരുന്നത് പ്രതീക്ഷ ഉയർത്തുന്നു. മട്ടന്നൂരിനടുത്ത വെള്ളിയാംപറമ്പിലാണ് ഐ.ടി പാർക്ക് വരുന്നത്. ആവശ്യമായ ഭൂമി ഏറ്റെടുക്കുന്ന മുറക്ക് പാർക്കിെൻറ നിർമാണം തുടങ്ങും. കണ്ണൂര്‍ വിമാനത്താവളം വികസിപ്പിച്ചതോടുകൂടി ഐ.ടി വ്യവസായത്തിന് കൂടുതല്‍ സാധ്യതയാണുള്ളത്.
മഹാമാരിയുടെ കാലത്ത് അഭിവൃദ്ധിയുണ്ടായ രംഗമാണ് വിവര സാങ്കേതിക മേഖല. ഇതു പരിഗണിച്ച്, നിലവില്‍ നാലുവരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാത 66ന് സമാന്തരമായി നാല് ഐ.ടി ഇടനാഴികള്‍ സംസ്ഥാനത്ത് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി ബജറ്റിൽ പറയുന്നു. ടെക്നോപാര്‍ക്ക് മൂന്നാംഘട്ടമായി തിരുവനന്തപുരം -കൊല്ലം, എറണാകുളം -കൊരട്ടി, എറണാകുളം -ചേർത്തല, കോഴിക്കോട് -കണ്ണൂർ എന്നിവയാണ് നിർദിഷ്ട ഇടനാഴികള്‍.
കിഫ്ബിയിൽ നിന്ന് 427.30 കോടി രൂപ ചെലവഴിച്ച് മലബാർ കാൻസർ സെന്‍ററിന്‍റെ രണ്ടാം ഘട്ട വികസനവും സ്ഥാപനത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ആൻഡ് സയൻസസ് റിസർച് ആയി ഉയർത്തുന്നതിനുള്ള കെട്ടിട നിർമാണം ഉൾപ്പെടെ അനുബന്ധ പ്രവൃത്തിയും പുരോഗമിച്ചു വരുകയാണ്. ഇതിന്‍റെ തുടർച്ചയായി 2022 -23 സാമ്പത്തിക വർഷം 28 കോടി രൂപ ബജറ്റിൽ അനുവദിച്ചു.
സര്‍വകലാശാല കാമ്പസുകളില്‍ പുതിയ ഹ്രസ്വ കാല കോഴ്സുകളും പി.ജി കോഴുസുകളും പ്രോജക്ട് മോഡിൽ ആരംഭിക്കാൻ ബജറ്റ് വിഭാവനം ചെയ്യുന്നു. അഞ്ചു വര്‍ഷത്തേക്ക് വിഭാവനം ചെയ്യുന്ന പദ്ധതിയില്‍ കണ്ണൂർ ഉൾപ്പെടെ ഓരോ സർവകലാശാലയിലും മൂന്ന് പ്രോജക്ടുകള്‍ വീതം ഈവര്‍ഷം അനുവദിക്കും. ഇതിനായി 20 കോടി രൂപ ബജറ്റിൽ വകയിരുത്തിയത് കണ്ണൂർ സർവകലാശാലക്കും പ്രയോജനപ്പെടും.
കേരളത്തിലെ സർവകലാശാലകളിലെ ട്രാൻസ്ലേഷൻ സെന്‍ററുകൾ വികസിപ്പിക്കാനുള്ള ബജറ്റ് തീരുമാനവും കണ്ണൂർ സർവകലാശാലയുടെ വികസനത്തിന് പാതയൊരുക്കും. കേരള, കോഴിക്കോട്, എം.ജി, കണ്ണൂർ, കുസാറ്റ്, ഫിഷറീസ്, മെഡിക്കൽ, ടെക്നിക്കൽ, വെറ്ററിനറി, അഗ്രികൾചറൽ സർവകലാശാലകൾക്ക് 20 കോടി വീതം കിഫ്ബി വഴി ലഭ്യമാക്കും. സർവകലാശാലകളിൽ പുതിയ 1500 പുതിയ ഹോസ്റ്റൽ മുറികൾ സമയ ബന്ധിതമായി നിർമിക്കുമെന്നും ബജറ്റ് വാഗ്ദാനം ചെയ്യുന്നു.
ശാസ്ത്ര സാങ്കേതിക മേഖലയിലെ നേട്ടങ്ങൾ ധാരാളം പുതിയ വ്യവസായ സാധ്യതകൾ തുറക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സമീപം ഇരട്ട ബ്ലോക്കുകളുള്ള സയൻസ് പാർക്കുകൾ സ്ഥാപിക്കും. ഓരോ സയൻസ് പാർക്കും 200 കോടി രൂപ വീതം മുതൽ മുടക്കുള്ളതും രണ്ട് ബ്ലോക്കുകളിലായി 10 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ളതും ആയിരിക്കും. മൂന്നു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും.
റബർ സബ്സിഡിക്ക് 500 കോടി നൽകാനുള്ള തീരുമാനവും പൊതുമരാമത്ത് വകുപ്പും കിഫ്ബിയും ഏറ്റെടുക്കുന്ന റോഡ് നിർമാണങ്ങളിൽ ടാറിനൊപ്പം റബർ മിശ്രിതം കൂടി ചേർക്കുന്ന പദ്ധതിക്ക് 50 കോടി വകയിരുത്തിയതും ജില്ലയിലെ റബർ കർഷകർക്കും ഏറെ ആശ്വാസം നൽകുന്നതാണ്.
പഴശ്ശി പ്രോജക്ടിന്റെ പദ്ധതി വിഹിതം അഞ്ചുകോടിയിൽനിന്ന് 10 കോടിയായി ഉയർത്തി. പണി വേഗത്തിൽ പൂർത്തിയാക്കുന്നതിന്‍റെ ഭാഗമാണിത്.
അഴീക്കൽ, ബേപ്പൂർ, കൊല്ലം, വിഴിഞ്ഞം, പൊന്നാനി തുടങ്ങിയ തെരഞ്ഞെടുത്ത തുറമുഖങ്ങളിൽ സുസ്ഥിര ചരക്ക് നീക്കത്തിനും യാത്ര ഗതാഗതത്തിനുമുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് 41.51 കോടി വകയിരുത്തി.
മലയാളത്തിലെ പ്രാചീന കവിത്രയത്തിൽ പ്രമുഖനായ ചെറുശ്ശേരി നമ്പൂതിരിയുടെ നാമധേയത്തിൽ സാംസ്കാരിക കേന്ദ്രം ചിറക്കലിൽ സ്ഥാപിക്കുന്നതിനായി രണ്ടുകോടി വകയിരുത്തി.
മട്ടന്നൂരിലെ റവന്യൂ ഭൂമിയിൽ മൂന്നുനിലകളിലായി 115 കിടക്കകളുള്ള വർക്കിങ് വിമൻസ് ഹോസ്റ്റൽ നിർമിക്കും. ഇതിന് 2.25 കോടി രൂപ വകയിരുത്തി. കണ്ണൂർ നിയോജക മണ്ഡലത്തിലെ കാനാമ്പുഴ വികസന പദ്ധതിക്കും തിലാന്നൂർ സത്രം റോഡിനും മുണ്ടേരി അപ്പക്കടവ് റോഡിനും രണ്ടുകോടി വീതവും കണ്ണൂർ വിദ്യാഭ്യാസ കോംപ്ലക്സ്, മുണ്ടേരി പഞ്ചായത്ത് പൊതുശ്മശാനം, താവക്കര കണ്ണൂർ സർവകലാശാല റോഡ്, തായത്തെരു റെയിൽവേ കട്ടിങ് വീതി കൂട്ടൽ എന്നിവക്ക് ഒരു കോടി വീതവും വകയിരുത്തിയിട്ടുണ്ട്.
പയ്യന്നൂർ മണ്ഡലത്തിൽ ഏച്ചിലാംവയലിൽ പ്രവർത്തിക്കുന്ന ആസ്ട്രോ വാനനിരീക്ഷണ കേന്ദ്രം പ്ലാനറ്റോറിയത്തിന് ബജറ്റിൽ 11 കോടി നീക്കിവെച്ചു. ഇതോടെ വാനനിരീക്ഷണ കേന്ദ്രത്തിന്‍റെ വികസനം ത്വരിതഗതിയിലാവുമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവർ.
മനുഷ്യ -വന്യമൃഗ സംഘര്‍ഷ മേഖലകളിലെ പ്രശ്നങ്ങള്‍ക്ക് ദീർഘകാല പരിഹാര പദ്ധതികള്‍ രൂപപ്പെടുത്തുന്നതിന് ബജറ്റിൽ 25 കോടി രൂപ വകയിരുത്തിയത് കണ്ണൂരിലെ മലയോര കർഷകർക്ക് ആശ്വാസം പകരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.