കണ്ണൂർ: അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് മയക്കുമരുന്ന് കേസിലെ ശിക്ഷ തടവുകാരൻ ടി.സി. ഹർഷാദ് രക്ഷപ്പെട്ടത് ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിൽ. പത്രക്കെട്ടുകൾ എടുക്കാനായി ജയിൽ കവാടത്തിലെത്തിയ പ്രതി, ഗേറ്റ് ചാടികടന്ന് നടപ്പാതയിൽ ഇരുചക്രവാഹനത്തിൽ കാത്തിരുന്ന ആൾക്കൊപ്പം രക്ഷപ്പെടുന്നതിനായി വിശദമായ പദ്ധതി തയാറാക്കിയിരുന്നു.
കർണാടക മയക്കുമരുന്ന് മാഫിയ നേരിട്ടാണ് പദ്ധതി നടപ്പാക്കിയതെന്നാണ് വിവരം. കർണാടക രജിസ്ട്രേഷനിലുള്ള റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്ക് ഇതിനായി ഉപയോഗിച്ചു. സംഭവത്തിന് തലേദിവസവും ജയിലിന് സമീപം ഈ ബൈക്ക് എത്തിയതായാണ് വിവരം. ജയിൽ കവാടവും ഗേറ്റും റോഡും സുരക്ഷ രീതികളുമെല്ലാം മനസ്സിലാക്കിയ ശേഷമാണ് തടവുചാട്ടം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ജയിലിൽ നല്ലനടപ്പായതിനാൽ ഹർഷാദിനെ വെൽഫെയർ ഓഫിസിലെ കാര്യങ്ങൾ നോക്കാൻ നിയോഗിച്ചിരുന്നു. ഏറെക്കാലമായി ഇയാളാണ് കവാടത്തിൽനിന്ന് പത്രക്കെട്ടുകൾ എടുത്തുകൊണ്ടുവന്നിരുന്നത്.
പ്രതിയുടെ ഫോൺ സംഭാഷണങ്ങൾ നിരീക്ഷിച്ചിരുന്നില്ല. ഇത് മുതലെടുത്താണ് ജയിലിലെ കാര്യങ്ങൾ പുറത്തുള്ളവരുമായി പങ്കുവെച്ചത്. ഹർഷാദിനെ ജയിലിൽ കാണാൻ അധികം സന്ദർശകരെത്താറില്ലെന്നാണ് വിവരം. സുഹൃത്തും നാട്ടുകാരനുമായ യുവാവ് ജനുവരി ഒമ്പതിന് രാവിലെ 10.30ന് ഹർഷാദിനെ ജയിലിൽ സന്ദർശിച്ചിരുന്നു. 15 മിനിറ്റോളം ഇരുവരും സംസാരിച്ചു. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. ഇയാളല്ല ബൈക്കിലെത്തിയതെന്നാണ് സ്ഥിരീകരണം. എന്നാൽ, ജയിൽ ചാട്ടം സംബന്ധിച്ച ആസൂത്രണത്തിൽ ഇയാളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
ജയിലിലെ ഏഴാം നമ്പർ ബ്ലോക്കിലെ തടവുകാരനായ ഹർഷാദ് ഞായറാഴ്ച രാവിലെ 5.30ന് ഉണർന്ന ശേഷമാണ് ആറോടെ വെൽഫെയർ ഓഫിസിൽ എത്തിയത്. 30 മിനിറ്റ് ജോലി ചെയ്തശേഷം പത്രക്കെട്ടുകൾ എടുക്കാൻ പുറത്തിറങ്ങി. ഗാന്ധി പ്രതിമക്ക് സമീപത്തുള്ള പത്രക്കെട്ട് എടുക്കാനെന്ന വ്യാജേന കുനിഞ്ഞ് പടികളിലൂടെ റോഡിലേക്ക് ഇറങ്ങിയോടുകയായിരുന്നു.
പദ്ധതികൾ അൽപം പോലും പിഴക്കാതെ പടവുകൾ ഇറങ്ങി റോഡിലിറങ്ങി ബൈക്കുമായി കാത്തുനിൽക്കുന്ന സുഹൃത്തിന്റെ കൂടെ രക്ഷപ്പെടുകയായിരുന്നു. ഈ ദൃശ്യങ്ങൾ ജയിലിന്റെ നിയന്ത്രണത്തിലുള്ള പെട്രോൾ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.
സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിയെ രക്ഷപ്പെടുത്തിയ സാഹചര്യത്തിൽ കർണാടക മയക്കുമരുന്ന് മാഫിയയുടെ ഇടപെടൽ വീണ്ടും ചർച്ചയാവുകയാണ്. ജില്ലയിൽ എം.ഡി.എം.എ അടക്കമുള്ള ന്യൂജൻ മയക്കുമരുന്നുകൾ എത്തിക്കുന്നത് കർണാടകയിൽ നിന്നാണ്. 2022 മാർച്ചിൽ പൊലീസിനെ ഞെട്ടിച്ച് സംസ്ഥാനത്തെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട കണ്ണൂരിൽ നടന്നിരുന്നു. രണ്ട് കിലോയോളം മാരക മയക്കുമരുന്നാണ് അന്ന് പിടിച്ചെടുത്തത്.
കണ്ണൂർ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് കടത്തിന്റെയും വിതരണത്തിന്റെയും ചുരുളഴിച്ചപ്പോൾ പിന്നിൽ കർണാടക മാഫിയയാണെന്ന് പൊലീസ് കണ്ടെത്തി. പിന്നാലെയാണ് മലബാറിലെ മൊത്തവിതരണക്കാരനും കേസിലെ മുഖ്യപ്രതിയുമായ തെക്കിബസാർ സ്വദേശി നിസാം അബ്ദുൽ ഗഫൂർ മഞ്ചേശ്വരം ഹൊസങ്കടിയിൽ ഒളിവിൽ കഴിയവേ പിടിയിലാവുന്നത്. ബംഗളൂരുവിൽനിന്ന് ടെക്സ്റ്റൈൽ ഉൽപന്നങ്ങളെന്ന വ്യാജേന വലിയ അളവിൽ പാഴ്സലായി മയക്കുമരുന്ന് അയച്ചിരുന്നത് ഇയാളായിരുന്നു. മയക്കുമരുന്നുകള് ചില്ലറ വിൽപനക്കായി വിതരണം നടത്തിയിരുന്ന പടന്നപ്പാലം പാസ്പോർട്ട് ഓഫിസിന് സമീപമുള്ള ഇന്റീരിയർ ഡിസൈനിങ് സ്ഥാപനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ എൽ.എസ്.ഡി സ്റ്റാമ്പുകളും മോളി ഗുളികകളും കണ്ടെടുത്തിരുന്നു. നിസാം പിടിയിലായതോടെ എം.ഡി.എം.എ വരവ് കുറഞ്ഞിരുന്നു. എന്നാൽ, ചെറുസംഘങ്ങൾ രംഗത്തിറങ്ങിയതോടെ എം.ഡി.എം.എ വിപണനവും വിതരണവും വീണ്ടും വർധിച്ചു.
ഒരോമാസവും കോടികളാണ് പ്രധാന വിതരണക്കാരുടെ ബാങ്ക് അക്കൗണ്ടിലെത്തിയത്. കണ്ണൂരിലെ മയക്കുമരുന്ന് കടത്തിന് പിന്നിൽ കർണാടക സംഘത്തിലെ കൂടുതൽ കണ്ണികൾ ഉണ്ടെന്ന് മനസ്സിലായതോടെ കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അന്വേഷണം നടത്തിയത്. സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി രക്ഷപ്പെട്ടതിന് പിന്നിലെ പങ്ക് കണ്ടെത്തിയതോടെ കർണാടക മയക്കുമരുന്ന് മാഫിയയുടെ ഇടപെടൽ വീണ്ടും ചർച്ചയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.