കണ്ണൂർ: തോട്ടടയിൽ ബോംബ് സ്ഫോടനത്തിൽ മരിച്ച ജിഷ്ണുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് 3.45ന് നാട്ടിലെത്തിച്ച് ഏച്ചൂർ ഫുട്ബാൾ ഗ്രൗണ്ടിൽ പൊതുദർശനത്തിനു വെച്ചു.
മൃതദേഹത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ, ജില്ല സെക്രട്ടേറിയറ്റ് അംഗം എൻ. ചന്ദ്രൻ, ഏരിയ സെക്രട്ടറി കെ. ബാബുരാജ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി.കെ. സുരേഷ് ബാബു, തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് വസതിയിലെത്തിച്ച മൃതദേഹം 4.45ഓടെ പയ്യാമ്പലത്തെത്തിച്ച് സംസ്കരിച്ചു.
തോട്ടട സംഭവത്തില്‍ സി.പി.എം നേതൃത്വത്തിന് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്ട്ടിന് ജോര്‍ജ് പറഞ്ഞു.
ബോംബ് നിർമാണത്തെ തള്ളിപ്പറയാതെ വിവാഹംപോലെ പരിപാവനമായ ചടങ്ങില്‍ ബോംബുമായി പോകുന്നതാണ് കുറ്റമെന്നു പറയുന്ന സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന് ക്രിമിനലുകളെ ന്യായീകരിക്കുകയാണ്.
സി.പി.എമ്മിന്റെ ക്രിമിനല്‍ സംഘംതന്നെയാണ് തോട്ടടയില്‍ അക്രമം നടത്തിയതെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും സജീവ പ്രവര്‍ത്തകരാണ് ബോംബുകളുമായി വിവാഹവീട്ടിലെത്തിയത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി മുഴുവന്‍ കുറ്റവാളികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.
കണ്ണൂരില്‍ കുടില്‍ വ്യവസായംപോലെ തഴച്ചുവളരുന്ന ബോംബ് നിർമാണം തടയുന്നതിലും യുവജനങ്ങള്‍ക്കിടയില്‍ പിടിമുറുക്കുന്ന മയക്കുമരുന്നു മാഫിയയെ നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ട പൊലീസ് സംവിധാനത്തിനെതിരെ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകീട്ട് 3.30ന് തോട്ടടയില്‍നിന്നു കണ്ണൂര്‍ സിറ്റി സെന്ററിലേക്ക് ജനകീയ യാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച തോട്ടടയിൽ നടന്ന ബോംബേറ് കേസിലെ പ്രതികൾക്ക് സി.പി.എം പിന്തുണയെന്ന ആരോപണവുമായി കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ. ബോംബെറിഞ്ഞ സംഘവും കൊല്ലപ്പെട്ട ജിഷ്ണുവും സജീവ സി.പി.എം പ്രവർത്തകരാണ്. ബോംബ് പ്രതികൾക്ക് എങ്ങനെ ലഭിച്ചുവെന്നത് ദുരൂഹമാണ്.
ഇതിൽ കാര്യക്ഷമമായ പൊലീസ് അന്വേഷണം നടത്തണം. കേസിൽ ഉൾപ്പെട്ട പ്രതികൾ ചേലോറ മാലിന്യ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ ബോംബെറിഞ്ഞ് പരിശീലനം നടത്തിയിട്ടുണ്ട്. ശനിയാഴ്ച അർധരാത്രി ഒരു മണിയോടെ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ ബോംബ് സ്ഫോടനം നടന്നിരുന്നു. ഇത് പ്രതികൾ ബോംബ് എറിഞ്ഞ് പലിശീലനം നടത്തി എന്നതിന് തെളിവാണ്. ഇതിലെല്ലാം വ്യക്തമായ അന്വേഷണം നടത്തണമെന്നും മേയർ പറഞ്ഞു.
തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ടതിന് ശേഷമുള്ള നടപടിക്രമങ്ങളിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് എ.സി.പി പി.പി. സദാനന്ദൻ. കൊലചെയ്യപ്പെട്ട ജിഷ്ണുവിന്റെ മൃതദേഹം ഒന്നര മണിക്കൂറോളം റോഡിൽ തന്നെ കിടന്നിരുന്നു. ഇതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. എന്നാൽ, അക്രമത്തിൽ പരിക്ക് പറ്റിയാൽ മാത്രമാണ് ഒരാളെ ഉടൻ ആശുപത്രിയിലെത്തിക്കുക. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തല ചിന്നിച്ചിതറിയ നിലയിലായിരുന്നു. ഇതിന്റെ ഭാഗമായി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കേണ്ടതായിട്ടുണ്ട്.
ഇതിനാലാണ് ഒന്നര മണിക്കൂർ മൃതദേഹം മാറ്റാതെ വെച്ചതെന്നും എ.സി.പി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന് ശേഷം പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച് സ്ഥലത്ത് യു.ഡി.എഫ് പ്രവർത്തകർ തടിച്ചു കൂടുകയും തുടർന്ന് എൽ.ഡി.എഫ് പ്രവർത്തകരുമായി വാക്കേറ്റവുമുണ്ടായിരുന്നു.
നഗരത്തിന് തൊട്ടടുത്തുപോലും ക്രിമിനലുകള്‍ വിലസുമ്പോള്‍ പൊലീസ് നോക്കുകുത്തിയായി മാറുകയാണെന്ന് എസ്.ഡി.പി.ഐ ജില്ല ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് കുറ്റപ്പെടുത്തി. ബോംബും ആയുധവുമൊക്കെയായി പട്ടാപ്പകല്‍പോലും ക്രിമിനല്‍ സംഘങ്ങള്‍ വിലസുകയാണ്. മനുഷ്യജീവന് ഒരു വിലയുമില്ലാത്ത അവസ്ഥയാണ് ആഭ്യന്തരമന്ത്രിയുടെ ജില്ലയില്‍ പോലുമുള്ളത്.
സോഷ്യല്‍ മീഡിയ പോസ്റ്റിന്റെയും മറ്റും പേരില്‍ കടുത്ത വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്ന പൊലീസ് നിസ്സാര വകുപ്പുകൾ ചാർത്തി ഗുണ്ടാസംഘങ്ങളെ ജയിലിലടക്കാതെ പുറത്തുവിടാന്‍ സൗകര്യമൊരുക്കുകയാണ്.
തോട്ടടയിലെ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തേണ്ടതുണ്ട്. ബോംബുകള്‍ സുലഭമാണെന്നും ഏതു പട്ടാപ്പകലും ബോംബും ആയുധങ്ങളുമായി യാത്ര ചെയ്യാന്‍ കഴിയുമെന്നും ക്രിമിനല്‍ സംഘങ്ങള്‍ കരുതുന്നത് പൊലീസിന്റെ പിടിപ്പുകേടാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.