സംഘർഷ സാധ്യത; കണ്ണൂരിൽ കെ-റെയിൽ സർവേ മാറ്റിവെച്ചു

കണ്ണൂർ: സംഘർഷ സാധ്യതയെത്തുടർന്ന് കണ്ണൂരിൽ കെ-റെയിൽ സർവേ മാറ്റിവെച്ചു. എടക്കാട് -മുഴപ്പിലങ്ങാട് ഭാഗത്തായിരുന്നു ചൊവ്വാഴ്ച സർവേ നടക്കേണ്ടിയിരുന്നത്. സംഘർഷത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സർവേ മാറ്റിവെച്ചത്. സാങ്കേതിക പ്രശ്നമാണ് സർവേ മാറ്റാൻ കാരണമെന്നാണ് കെ-റെയിൽ അധികൃതരുടെ വിശദീകരണം.

കഴിഞ്ഞ ദിവസം പ്രദേശത്ത് നടന്ന സർവേക്കിടെ സമരാനുകൂലികളും സർവേക്കുറ്റി പിഴുതെറിയാനെത്തിയവരും തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സർവേ തുടർ നടപടികൾ അധികൃതർ നിർത്തിവെച്ചത്. രണ്ടുമാസത്തെ ഇടവേളക്കുശേഷം കഴിഞ്ഞയാഴ്ച കണ്ണൂർ ചാലയിലായിരുന്നു സർവേ പുനരാരംഭിച്ചത്.

സർവേക്കെതിരെ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ നേതൃത്വത്തിൽ പ്രതിഷേധക്കാരെത്തി സർവേ തടഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് തിങ്കളാഴ്ച എടക്കാട് ഭാഗത്ത് സർവേ തുടങ്ങിയത്. ഇതിനിടെയാണ് സംഘർഷം ഉടലെടുത്തത്. കല്ലിടൽ സംബന്ധിച്ച മുന്നറിയിപ്പ് നൽകാതെയാണ് അധികൃതർ സർവേക്കായെത്തുന്നത്. ഇതിനെതിരെ പ്രദേശവാസികളുടെയടക്കം പ്രതിഷേധം ശക്തമാണ്.

സമരത്തെ കൈയൂക്കുകൊണ്ട് നേരിടരുത് -ലീഗ്

കണ്ണൂർ: സിൽവർ ലൈനിനെതിരായി കുടിയിറക്കപ്പെടുന്നവരും സ്ത്രീകൾ ഉൾപ്പെടെയുള്ള ബഹുജനങ്ങളും നടത്തുന്ന സമരത്തെ പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് നേരിടുന്നത് കാടത്തമാണെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറിയും യു.ഡി.എഫ് കൺവീനറുമായ അഡ്വ. അബ്ദുൽ കരീം ചേലേരി.

ജനകീയ പോരാട്ടത്തെയാണ് സി.പി.എം ഗുണ്ടായിസംകൊണ്ട് തകർക്കാൻ ശ്രമിക്കുന്നത്.കല്ലുപറിക്കുമ്പോൾ പല്ലുപോകുന്നത് നോക്കണമെന്ന സി.പി.എം നേതാക്കളുടെ പ്രകോപനപരമായ പ്രതികരണങ്ങളുടെ ആവേശത്തിൽ ഉദ്യോഗസ്ഥരെയും പൊലീസിനെയും കൂട്ടുപിടിച്ച് സി.പി.എം പ്രവർത്തകർ സമരത്തെ നേരിടുന്നത് നാട്ടിൽ കൂടുതൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ചേലേരി പറഞ്ഞു.

Tags:    
News Summary - K-Rail survey postponed in Kannur considering protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.