കണ്ണൂർ: അത്യാധുനിക രീതിയിൽ കോടിരൂപ ചെലവഴിച്ച് കക്കാട് പുഴക്കരയിൽ നിർമിച്ച നീന്തൽക്കുളം നോക്കുകുത്തിയായിട്ട് വർഷങ്ങൾ. വർഷാവർഷം പുഴനിറഞ്ഞ് കുളത്തിലേക്ക് ചളിയും മാലിന്യവും കയറുകയാണ്. കുളത്തിന്റെ ടൈലുകൾ വരെ ഇളകി സുരക്ഷവേലിയും തകർന്ന് കന്നുകാലികൾക്കും സാമൂഹിക വിരുദ്ധർക്കും താവളമായി. പ്രളയത്തിൽ മലിനജലം കയറി ലക്ഷങ്ങൾ മുടക്കി പണിത അത്യാധുനിക പ്ലാന്റ് മുഴുവനായും നശിച്ചു.
പരാതികൾക്കൊടുവിൽ കക്കാട് നീന്തൽക്കുളത്തിന്റെ ശോച്യാവസ്ഥ സ്പോർട്സ് ഡയറക്ടറേറ്റ് പരിശോധിച്ച് മൂന്നു കോടി രൂപ ചെലവിട്ട് പുനർനിർമാണം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും ഒന്നുമായില്ല. ഇതോടെ നീന്തൽക്കുളം വെള്ളത്തിലാകുമെന്നുറപ്പായി. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നവീകരണം നടത്താൻ പദ്ധതിയുണ്ടെന്ന് സ്പോർട്സ് കൗൺസിൽ നേരത്തേ പറഞ്ഞെങ്കിലും പാഴ്വാക്കായി. കുളത്തിൽ മദ്യക്കുപ്പികളും സിഗരറ്റ് പാക്കറ്റുകളും ഭക്ഷണാവശിഷ്ടങ്ങളും അടങ്ങിയ മാലിന്യം നിറഞ്ഞ അവസ്ഥയാണ്. വെള്ളത്തിൽ ആകെ പായലും പൂപ്പലും. വർഷംതോറും വെള്ളപ്പൊക്കത്തിൽ പുഴയിൽനിന്ന് മലിനജലം കയറുന്നതിനാൽ അസ്സഹനീയമായ നാറ്റമാണ് പരിസരത്ത്. ഇത്തവണയും ചളിവെള്ളം കയറി. പരിശീലനം നടത്തുന്നവർക്ക് വസ്ത്രം മാറാനുള്ള മുറികളും വാതിലുകളും ശൗചാലയവും നശിച്ചു. ആളൊഴിഞ്ഞതോടെ വാഷ്ബേസിനും ക്ലോസറ്റുമെല്ലാം സാമൂഹിക വിരുദ്ധർ തകർത്തു.
നീന്തൽ പരിശീലനത്തിനായി 1.04 കോടി രൂപ ചെലവിൽ സംസ്ഥാന യുവജന കായിക മന്ത്രാലയവും ജില്ല സ്പോർട്സ് കൗൺസിലും ചേർന്ന് 2018ലാണ് അത്യാധുനിക കുളം നിർമിച്ചത്. കക്കാട് പുഴയിൽനിന്നും വെള്ളം കയറുന്നിടത്ത് ലക്ഷങ്ങൾ മുടക്കിയുള്ള നീന്തൽകുളം നിർമാണം വിജയിക്കില്ലെന്ന് കായികപ്രേമികളും നാട്ടുകാരും തുടക്കത്തിലേ പറഞ്ഞിരുന്നെങ്കിലും ഇതൊന്നും വകവെക്കാതെയായിരുന്നു കുളമൊരുക്കിയത്.
മേയ് ഏഴിനാണ് അന്നത്തെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ നീന്തൽക്കുളം നാടിന് നാടിന് സമർപ്പിച്ചത്. ജില്ല സ്പോർട്സ് കൗൺസിലിന്റെ അധീനതയിലുള്ള 94 സെന്റ് സ്ഥലത്താണ് കുളവും കോംപ്ലക്സും നിർമിച്ചത്. ആറ് ട്രാക്കുകളിൽ 25 മീറ്റർ നീളവും 12.5 മീറ്റർ വീതിയുമുള്ളതാണ് കുളം.
തുടക്കത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന നീന്തൽക്കുളത്തിൽനിന്നും നിരവധി കുട്ടികളാണ് പരിശീലനം നേടിയത്. നിർമിച്ച സ്പോർട്സ് കൗൺസിലിനും വേണ്ടാതായതോടെയാണ് നീന്തൽക്കുളം നശിക്കുന്നത്. രാത്രിയില്‍ നീന്തല്‍ പരിശീലനം നടത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിരുന്നു. ഇതിനായുള്ള വിളക്കുതൂണുകൾ നിലംപൊത്തിത്തുടങ്ങി. കുളവും പരിസരവും കന്നുകാലികളും തെരുവുനായ്ക്കളും കൈയടക്കിയിരിക്കുകയാണ്. കുളത്തിന്റെ പരിസരങ്ങളിലും ഡ്രസ്സിങ് റൂമുളിലും ശൗചാലയത്തിലുമെല്ലാം കന്നുകാലികൾ തമ്പടിച്ചിരിക്കുന്നു. മുറികളിലടക്കം ചാണകമാണ്. ലക്ഷങ്ങൾ ചെലവഴിച്ച് ഒരുക്കിയ കുളവും കോംപ്ലക്സും മാലിന്യംതള്ളൽ കേന്ദ്രമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.