കല്യാശ്ശേരി: കല്യാശ്ശേരി നിവാസികളുടെ പ്രധാന ആവശ്യമായിരുന്ന അടിപ്പാതക്ക് പ്രതീക്ഷ മങ്ങുന്നു. കല്യാശ്ശേരിയിലെ റോഡ് ഏതു സമയവും അടക്കാൻ പാകത്തിലുള്ള നിർമാണ പ്രവൃത്തികൾ തകൃതിയായി നടന്നുവരുകയാണ്. അടിപ്പാതക്കായി പഞ്ചായത്ത് ഭരണസമിതിയും ജനപ്രതിനിധികളും നാട്ടുകാരും എല്ലാ വാതിലുകളും മുട്ടിയെങ്കിലും ഫലമുണ്ടായില്ല.
ദേശീയപാത വികസനത്തിന്റെ ഭാഗമായി കല്യാശ്ശേരി മോഡൽ പോളി മുതൽ കീച്ചേരി വരെ വയക്കര വയലിലൂടെ കടന്നുപോകുന്ന ബൈപാസ് റോഡിന്റെ നിർമാണം അന്തിമഘട്ടത്തിലെത്തി. കല്യാശ്ശേരി മുതൽ കീച്ചേരിവരെ കല്യാശ്ശേരിയിലെ പ്രമുഖമായ വയക്കര പാടശേഖരത്തിന്റെ മധ്യത്തിലൂടെ ഒരുകി.മീറ്റർ ദൈർഘ്യത്തിലാണ് ഈ ബൈപാസ്. കണ്ണൂർ ബൈപാസിലെ പ്രധാന പാടശേഖരം കൂടിയാണിത്. ഇതിന്റെ പ്രവൃത്തികൾ ഏതാണ്ട് പൂർത്തിയായി.
വയക്കരയിലെ ബൈപാസ് റോഡിൽ മെക്കാഡം ടാറിങ് അടക്കമുള്ള പ്രവൃത്തികൾ വേഗത്തിലാണ്. കല്യാശ്ശേരി ഹാജി മൊട്ടയിലെ നിർദിഷ്ട ടോൾ പ്ലാസ വയക്കരവയലിലേക്ക് മാറ്റി ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കണമെന്ന് കല്യാശ്ശേരി പഞ്ചായത്ത് ഭരണസമിതി അടക്കം ബന്ധപ്പെട്ട അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നു.
അത്തരം നിർദേശം പൂർണമായി അവഗണിച്ചുള്ള നിർമാണമാണ് വയക്കര വയലിൽ പുരോഗമിക്കുന്നത്. ഇത് പ്രദേശവാസികൾക്കും വലിയ തിരിച്ചടിയാണ്. ഇതോടെ വയക്കര വയലിലേക്ക് അടിപ്പാത മാറണമെന്നുള്ള പ്രതീക്ഷ പൂർണമായും മങ്ങിയ സാഹചര്യമാണ്.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി, പി. സന്തോഷ് എം.പി, എം. വിജിൻ എം.എൽ.എ എന്നിവരുമായി പഞ്ചായത്ത് തലത്തിൽ ഇടപെട്ടിരുന്നു. മുഖ്യമന്ത്രിക്കും നിയമസഭ സ്പീക്കർക്കും പൊതുമരാമത്ത് മന്ത്രിക്കും നിവേദനങ്ങൾ നൽകി കാത്തിരിക്കുകയാണ് കല്യാശ്ശേരിക്കാർ. ഡി.പി.ആർ പ്രകാരം അവിടെ അടിപ്പാത നിർമിക്കാൻ അനുമതിയില്ലെന്ന നിലപാടിലാണ് അധികൃതർ. അടിപ്പാത നിർമിക്കാതെ റോഡ് അടച്ചാൽ കല്യാശ്ശേരിയെ രണ്ടായി കീറിമുറിക്കുന്ന സ്ഥിതിയാവും.
രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന കല്യാശ്ശേരിയിലെ കെ.പി.ആർ മെമ്മോറിയൽ സ്കൂളിലെ കുട്ടികളുടെ യാത്രയും അവതാളത്തിലാകും. കൂടാതെ വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലേക്കുള്ള യാത്രയും താളംതെറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.