ശ്രീകണ്ഠപുരം: കുടിയേറ്റ ജനതയുടെ കൈക്കരുത്തിൽ പിറന്ന കണ്ടകശ്ശേരി പാലം അപകടാവസ്ഥയിലായി വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ. കഴിഞ്ഞ രണ്ടു പ്രളയ സമയത്തും പാലത്തിനു മുകളിലൂടെ വെള്ളം കുത്തിയൊലിച്ചതിന്റെ ഫലമായി കൈവരികളെല്ലാം തകർന്ന സ്ഥിതിയിലാണ്. നിലവിൽ തകർന്ന കൈവരികളുടെ ഭാഗത്ത് മുളകൾ കെട്ടിവെച്ചാണ് അപകടം ഒഴിവാക്കുന്നത്. കാലവർഷം വീണ്ടും കനത്തതോടെ പാലം തകർന്നു വീഴുമോയെന്ന ഭയത്തോടെയാണ് യാത്രക്കാർ ഇതുവഴി സഞ്ചരിക്കുന്നത്.
ക്നാനായ കുടിയേറ്റ സുവർണ ജൂബിലി സ്മാരകമായാണ് കാൽ നൂറ്റാണ്ടു മുമ്പ് പയ്യാവൂർ -പടിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കണ്ടകശ്ശേരിയിൽ പാലം പണിതത്. നാട്ടുകാർ പിരിവെടുത്തായിരുന്നു നിർമാണം. 1993ൽ ശിലാസ്ഥാപനം നടത്തി. പടിയൂർ, പയ്യാവൂർ പഞ്ചായത്തും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തും പാലം നിർമാണവുമായി സഹകരിച്ചു. 2002ൽ കോട്ടയം രൂപതാ മെത്രാൻ മാർ. മാത്യു മൂലക്കാട്ടാണ് പാലം ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടന വർഷംതന്നെ മണിക്കടവിൽ ഉരുൾപൊട്ടിയതിനെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ പാലത്തിന്റെ തൂണുകൾ പുഴയിലേക്ക് താഴ്ന്നുപോയിരുന്നു. ഇതിന്റെ ഫലമായി പാലത്തിന്റെ കോൺക്രീറ്റ് സ്ലാബ് ഒരു വശത്തേക്ക് ചരിഞ്ഞു. കൈവരിയും അരിക് കരിങ്കൽക്കെട്ടും തകർന്നിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ചരിഞ്ഞ പാലത്തിന്റെ തൂണുകൾ ശരിയാക്കാൻ പോലും അധികൃതർ തയാറായിട്ടില്ല. പയ്യാവൂരിൽ നിന്ന് ബ്ലാത്തൂർ, ഉളിക്കൽ, കാഞ്ഞിലേരി ഭാഗങ്ങളിലേക്കുള്ള ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ മറ്റു ബദൽ മാർഗമില്ലാത്തതിനാൽ ഈ പാലത്തിൽക്കൂടിയാണ് ഇപ്പോഴും കടന്നുപോകുന്നത്. തിരൂർ ഭാഗങ്ങളിലുള്ളവർക്ക് ഉളിക്കൽ-പയ്യാവൂർ മലയോര ഹൈവേ വഴിയുള്ള ബസുകളെ ആശ്രയിക്കാനും ഈ പാലം കടക്കണം. നിലവിൽ പയ്യാവൂർ പൊലീസ് സ്റ്റേഷൻ ഈ പാലത്തിനടുത്ത് സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്റ്റേഷനിലേക്ക് വരുന്നവരും പലപ്പോഴും ഈ പാലം കടക്കുന്നുണ്ട്.
കനത്ത മഴയിൽ പാലം മിക്കപ്പോഴും വെള്ളത്തിനടിയിലാകാറുണ്ട്. കഴിഞ്ഞ രണ്ട് പ്രളയത്തിലും പാലം പൂർണമായും വെള്ളത്തിനടിയിലായി ഗതാഗതം മുടങ്ങിയിരുന്നു. അപകടാവസ്ഥയിലായി വർഷങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി പോലും നടത്താൻ അധികൃതർ തയാറായില്ലെന്ന് ആക്ഷേപവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.