പ്രിയരെ മരണം തട്ടിയെടുത്ത ഞെട്ടലിൽ കണ്ണപുരം; പൊലിഞ്ഞത് കുടുംബത്തിലെ രണ്ടുപേർ

പാപ്പിനിശ്ശേരി: കണ്ണപുരത്തെ വാഹനാപകടത്തിൽ പൊലിഞ്ഞത് കുടുംബത്തിലെ രണ്ടുപേർ. ഞായറാഴ്ച രാവിലെയാണ് കണ്ണപുരത്തെ ഞെട്ടലിലാക്കി വാഹനാപകടം നടന്നത്. യോഗശാല റോഡിന് സമീപത്തെ ഓട്ടോടാക്സി ഡ്രൈവർ എം. നൗഫൽ, ഭാര്യയുടെ അമ്മാവൻ അബ്ദുസ്സമദ് എന്നിവരാണ് മരിച്ചത്. അബ്ദുസ്സമദ് രാവിലെ തൊട്ടടുത്ത കടയിൽ സാധനം വാങ്ങുന്നതിനായി എത്തിയതായിരുന്നു. ഇതിനിടെയാണ് മരുമകളുടെ ഭർത്താവായ നൗഫലിനെ കണ്ടത്. ഇരുവരും സംസാരിക്കുന്നതിനിടെയായിരുന്നു ദാരുണമായ അപകടം നടന്നത്. നിയന്ത്രണംവിട്ട പിക്അപ് വാൻ റോഡരികിലുണ്ടായിരുന്ന ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നൗഫൽ സമീപത്തെ കടയുടെ ഷട്ടറിനു മുകളിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പിക്അപ് വാൻ ചായക്കടയിലേക്ക് പാഞ്ഞുകയറി സമീപത്തെ വൈദ്യുതിത്തൂണിലിടിച്ചാണ് നിന്നത്.

ചായക്കടയും അപകടത്തിൽ തകർന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന നാലോളം ഇരുചക്രവാഹനങ്ങളും ഒരു ഓട്ടോ ടാക്സിക്കും കേടുപാടുപറ്റി. അപകടത്തിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ വളപട്ടണം സ്വദേശി നൗഷാദിനെ മംഗളൂരവില സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽപെട്ട പിക് അപ് വാനിലെ ഡ്രൈവറും ക്ലീനറും അടക്കം മൂന്നുപേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.