മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളം ഉദ്ഘാടനം ചെയ്തു നാലുവര്‍ഷം പിന്നിടുന്നതിനിടയില്‍ വിമാനത്താവളത്തില്‍നിന്നു പിടികൂടിയത് 241 കിലോ സ്വർണം. ഇതിന്റെ മൂല്യമാകട്ടെ 136.64 കോടിയും! വിമാനത്തിലെ സീറ്റിനടിയിലും ശൗചാലയത്തിലും മാലിന്യത്തിലും ഉപേക്ഷിച്ച നിലയില്‍ ഇവിടെനിന്ന് നിരവധി തവണ സ്വർണം ലഭിച്ചു.
എയര്‍ കസ്റ്റംസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, എയര്‍പോര്‍ട്ട് പൊലീസ് എന്നിവരാണ് ഇത്രയും സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് പരിശോധനയില്‍ കണ്ടില്ലെങ്കിലും നാലു തവണയായി എയര്‍പോര്‍ട്ട് സി.ഐ എ. കുട്ടികൃഷ്ണന് 3.798 കിലോ സ്വര്‍ണം പിടികൂടിയതും കണ്ണൂരിന്റെ ചരിത്രം.
2018 ഡിസംബര്‍ ഒമ്പതിനായിരുന്നു കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം. 17 ദിവസം കഴിഞ്ഞ് ഡിസംബര്‍ 25നാണ് വിമാനത്താവളത്തില്‍നിന്ന് ആദ്യമായി സ്വര്‍ണം പിടികൂടിയത്. 2.292 കിലോ സ്വര്‍ണമാണ് പിടികൂടിയത്. കോവിഡ് കാലത്ത് ആദ്യമായി സ്വർണം പിടികൂടിയത് 2020 ജൂണ്‍ 20നാണ്. നിരവധി സ്ത്രീകളില്‍ നിന്നുംഒരുകുടുംബത്തിലെ അംഗങ്ങളില്‍നിന്നും കോവിഡ് കാലത്ത് സ്വര്‍ണം പിടികൂടി.
2019 ഡിസംബര്‍ 31 വരെ 62.972 കിലോ സ്വര്‍ണം പിടികൂടിയപ്പോള്‍, 2020ല്‍ 57 കേസിലായി 39.053 കിലോ സ്വര്‍ണം പിടികൂടി. 2021ല്‍ 80 തവണയായി 69.304 കിലോ സ്വർണം പിടികൂടിയപ്പോള്‍, 2022ല്‍ 75 തവണയായി 63.285 കിലോ സ്വര്‍ണം പിടികൂടി. ഈ വര്‍ഷം കേവലം 32 ദിവസത്തിനുള്ളില്‍ ഏഴു കേസുകളിലായി 5.945 കിലോ സ്വര്‍ണം പിടിച്ചു.
2021 ജനുവരിയില്‍ ഒന്നുമുതല്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി നാലു തവണ സ്വർണം പിടിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയത് അതേവര്‍ഷം മാര്‍ച്ചിലാണ്. 15 തവണയായി 9.672 കിലോസ്വര്‍ണം പിടികൂടി. തൊട്ടുപിന്നില്‍ 2021 ജനുവരിയിൽ 18 തവണയായി 9.360 കിലോസ്വർണം പിടികൂടി.
പ്രത്യേക ഉറയില്‍ പേസ്റ്റ് രൂപത്തിലാക്കിയാണ് കണ്ണൂരിലെ മിക്കസ്വര്ണക്കടത്തും. അപൂര്‍വമായേ മറ്റുരീതിയില്‍ കടത്താന്‍ ശ്രമിച്ചിട്ടുള്ളൂ. സ്വര്‍ണത്തിനുപുറമേ ഒട്ടേറെതവണ കോടികളുടെ മൂല്യമുള്ള യു.എസ് ഡോളര്‍, യു.എ.ഇ ദിര്‍ഹം, സൗദി റിയാല്‍, യൂറോ തുടങ്ങിയ വിദേശ കറന്‍സികള്‍, കോടികളുടെ ഹഷീഷ് ഓയില്‍, ലക്ഷങ്ങളുടെ നിരോധിത സിഗരറ്റുകള്‍ എന്നിവയും കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് പിടികൂടി.
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ബുധനാഴ്ച 795 ഗ്രാം സ്വര്‍ണം പിടികൂടി. ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കോഴിക്കോട് മേപ്പയൂര്‍ സ്വദേശിയായ ഷംസീറിനെയാണ് പിടികൂടിയത്. 45,15,600 രൂപ വില വരുന്ന 795 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
കസ്റ്റംസ് കണ്ണൂര്‍ പ്രിവന്റിവ് വിഭാഗവും വിമാനത്താവളം കസ്റ്റംസുമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. കസ്റ്റംസ് അസി. കമീഷണര്‍ ഇ.വി. ശിവരാമന്, സൂപ്രണ്ടുമാരായ കൂവന് പ്രകാശന്, ഗീതാകുമാരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.