കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് പുറപ്പെടൽ കേന്ദ്രം അനുവദിച്ചതോടെ റൺവേ വികസനം വേഗത്തിലാകുമെന്ന് പ്രതീക്ഷ.
വിമാനത്താവളത്തിന്റെ റണ്‍വേ 4000 മീറ്ററാക്കാനുള്ള പ്രവൃത്തിയുടെ ഭാഗമായുള്ള ഭൂമിയേറ്റെടുക്കല്‍ അനന്തമായി നീളുകയാണ്. ഇതിനുള്ള ഫണ്ട് സംസ്ഥാന സർക്കാർ അനുവദിക്കാത്തതാണ് ഭൂമിയേറ്റെടുക്കുന്നതിന് തടസ്സമാകുന്നത്. വിമാനത്താവള ഉദ്ഘാടനം കഴിഞ്ഞയുടന്‍ റണ്‍വേ വികസനത്തിനായി വേഗത്തില്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. കീഴല്ലൂര്‍ വില്ലേജിലെ കാനാട്, കീഴല്ലൂര്‍ പ്രദേശങ്ങളിലെ 245 ഏക്കര്‍ ഭൂമിയാണ് കിയാലിന് റണ്‍വേ വികസനത്തിന് ഏറ്റെടുക്കേണ്ടത്.
2019ല്‍ ഭൂമി അളന്നു തിട്ടപ്പെടുത്തിയെങ്കിലും സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും മൂല്യം പൊതുമരാമത്ത് വകുപ്പ് നിര്‍ണയിക്കാത്തതിനാലാണ് വികസന പ്രവൃത്തി നിലച്ചത്. വിമാനത്താവളത്തിൽനിന്ന് നാലായിരത്തോളം ഹജ്ജ് തീർഥാടകർ എത്തിയേക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി പറഞ്ഞിരുന്നു. ഇതോടെ വിദേശ വിമാന കമ്പനികൾക്ക് കൂടി സർവിസ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ്. ഇതിനൊപ്പം റൺവേ വികസനപ്രവൃത്തിയും വേഗത്തിലാകുമെന്ന പ്രതീക്ഷയും ഭൂവുടമകൾ മുന്നോട്ടുവെക്കുന്നു.
റൺവേ വികസനത്തിനായുള്ള സാമൂഹികാഘാത പഠന റിപ്പോർട്ട് പ്രകാരം പ്രദേശത്തെ 162 കുടുംബങ്ങളും അഞ്ച് ക്ഷേത്രങ്ങളും പള്ളിയും നെയ്ത്തുശാലയും അംഗൻവാടിയുമാണ് റണ്‍വേ വികസനത്തിനായി ഏറ്റെടുക്കേണ്ടത്.
എന്നാൽ, പ്രാഥമിക നടപടകൾ പൂർത്തിയാക്കിയെന്നല്ലാതെ അടിസ്ഥാന വില നിശ്ചയിക്കൽപോലും നടന്നിട്ടില്ല. സർവേ നടത്തി അടയാളപ്പെടുത്തിയതിനാൽ നിർദിഷ്ട ഭൂമിയിലെ വീടുകള്‍ അറ്റകുറ്റപ്പണി ചെയ്യാനോ വിൽക്കാനോ ഉടമകൾക്ക് കഴിയുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഭൂമിയേറ്റെടുക്കൽ വേഗം പൂർത്തിയാക്കണമെന്ന നിലപാടിലാണ് ഭൂരിപക്ഷം ഭൂവുടമകളും.
വിദേശ വിമാന സർവിസിനായി കാത്തിരിക്കുന്ന വേളയിലാണ് കണ്ണൂരിന് ഹജ്ജ് പുറപ്പെടൽ കേന്ദ്രം അനുവദിച്ചുകിട്ടുന്നത്. ഹജ്ജ് വിമാന സർവിസ് ടെൻഡർ സൗദി വിമാനക്കമ്പനികൾക്ക് ലഭിച്ചാൽ വിദേശവിമാന സർവിസ് എന്ന ദീർഘകാല ആവശ്യവും സഫലമാവും. അതിനുള്ള ഒരുക്കത്തിനിടെ ഭൂമി ഏറ്റെടുക്കലും കൂടി വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.