കണ്ണൂർ: കണ്ണൂർ- മംഗളൂരു- സൗത്ത് ബംഗളൂരു സിറ്റി എക്സ്പ്രസ് (16512/11) കോഴിക്കോടുവരെ നീട്ടാനുള്ള നിർദേശത്തിന് ഇന്ത്യൻ റെയിൽവേ ടൈം ടേബിൾ കമ്മിറ്റി അംഗീകാരം നൽകിയത് മലബാറിലെ യാത്രക്കാർക്ക് ആശ്വാസമായി. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കാർക്ക് യാത്രാദുരിതം കുറക്കുന്നതാണ് പുതിയ തീരുമാനം. റെയിൽവേ ബോർഡിന്റെ അന്തിമ വിജ്ഞാപനം വന്നാൽ സർവിസ് തുടങ്ങും. അതോടൊപ്പം 16610 മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് പാലക്കാടുവരെ നീട്ടാനും മംഗളൂരു-കോഴിക്കോട്-രാമേശ്വരം എക്സ്പ്രസ് പുതുതായി തുടങ്ങാനും ബംഗളൂരുവിൽ ചേർന്ന റെയിൽവേ ടൈംടേബിൾ കമ്മിറ്റി അംഗീകാരം നൽകി. മലബാറിൽനിന്നു പതിനായിരക്കണക്കിന് ആളുകളാണ് ജോലിക്കും വിദ്യാഭ്യാസത്തിനും കച്ചവടത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ബംഗളൂരു നഗരത്തെ ആശ്രയിക്കുന്നത്.
കണ്ണൂരിൽനിന്ന് വൈകീട്ട് 5.05ന് മംഗളൂരു വഴി പോകുന്ന സൗത്ത് ബംഗളൂരു സിറ്റി എക്സ്പ്രസ്, 6.05ന് പുറപ്പെടുന്ന കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസ് എന്നിവയാണ് മലബാറുകാർ ബംഗളൂരുവിലെത്താൻ ആശ്രയിക്കുന്നത്. ഇതിൽ കണ്ണൂർ-സൗത്ത് ബംഗളൂരു സിറ്റി എക്സ്പ്രസ് മംഗളൂരു വഴി ആയതിനാൽ തലശ്ശേരി, മാഹി, വടകര ഭാഗങ്ങളിലെ യാത്രക്കാർക്ക് ഉപകരിച്ചിരുന്നില്ല. ഷൊർണൂർ വഴി പോകുന്ന യശ്വന്ത്പൂർ എക്സ്പ്രസായിരുന്നു ഈ ഭാഗത്തുള്ളവർക്ക് ആശ്രയം. രണ്ട് ജനറൽ കമ്പാർട്ട്മെന്റ് മാത്രമുള്ള യശ്വന്ത്പൂരിൽ കാലുകുത്താനിടമുണ്ടാകില്ല. തിങ്കളാഴ്ച മാത്രം ഓടുന്ന മംഗളൂരു-യശ്വന്ത്പൂർ എക്സ്പ്രസ് ചുരുക്കം യാത്രക്കാർക്ക് മാത്രമാണ് ഉപകാരപ്പെടുന്നത്. മലബാറിൽനിന്ന് ബംഗളൂരുവിലേക്കുള്ള യാത്രാദുരിതം സംബന്ധിച്ച് 'മാധ്യമം' കഴിഞ്ഞയാഴ്ച വാർത്ത നൽകിയിരുന്നു. നാട്ടിലെത്താനും തിരിച്ചുപോകാനും യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ്.
കണ്ണൂർ- മംഗളൂരു- സൗത്ത് ബംഗളൂരു സിറ്റി എക്സ്പ്രസ് കോഴിക്കോട് വരെയെങ്കിലും നീട്ടണമെന്ന ആവശ്യത്തിന് ദീർഘകാലത്തെ പഴക്കമുണ്ട്. രാത്രി 9.35ന് കെ.എസ്.ആർ ബംഗളൂരു സിറ്റി ജങ്ഷനിൽനിന്ന് യാത്ര തുടങ്ങി രാവിലെ 10ന് കണ്ണൂരിലെത്തുന്ന വണ്ടി വൈകീട്ട് 5.05നാണ് തിരിച്ചുപോകുന്നത്.
ഏഴുമണിക്കൂർ കണ്ണൂരിൽ വിശ്രമിക്കുന്ന ട്രെയിൻ കോഴിക്കോട് ഭാഗത്തേക്ക് നീട്ടണമെന്ന ആവശ്യത്തിനാണ് ഇപ്പോൾ പച്ചക്കൊടി ലഭിച്ചിരിക്കുന്നത്. പ്ലാറ്റ്ഫോമില്ലെന്നാണ് ട്രെയിൻ നീട്ടാത്തതിന് കാരണമായി സതേൺ റെയിൽവേ പറഞ്ഞിരുന്നത്.
രാവിലെ 5.15ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന 16610 മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് പാലക്കാടുവരെ നീട്ടാൻ തീരുമാനിച്ചത് ഓഫിസ്, ജോലി, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഷൊർണൂർ ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് ഉപകരിക്കും. രാവിലെ 8.02ന് കണ്ണൂരിലെത്തുന്ന ട്രെയിൻ ജില്ലയിലെ 11 സ്റ്റേഷനുകളിലും നിർത്തിയാണ് കടന്നുപോകുന്നത്.
റെയിൽവേ ബോർഡ് മുമ്പ് അനുമതി നൽകിയതും ഇതുവരെ സർവിസ് തുടങ്ങാത്തതുമായ മംഗളൂരു-കോഴിക്കോട്-രാമേശ്വരം എക്സ്പ്രസും ഓടുന്നതിന് ടൈംടേബിൾ കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്. ജില്ലയിൽനിന്നും രാമേശ്വരം, പളനി, മധുര തീർഥാടകർക്കും കൊടൈക്കനാലിലേക്കുള്ള വിനോദ സഞ്ചാരികൾക്കും യാത്ര എളുപ്പമാകും. നിലവിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്ന് രാമേശ്വരത്തേക്ക് നേരിട്ട് ട്രെയിനില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.