കണ്ണൂർ: ഒന്നരനൂറ്റാണ്ടിലേറെ കാലപ്പഴക്കമുള്ള കണ്ണൂർ സെൻട്രൽ ജയിലിലെ കെട്ടിടങ്ങൾക്കും മതിലുകൾക്കും ബലക്ഷയമുണ്ടെന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് മനുഷ്യാവകാശ കമീഷനെ അറിയിച്ചു. 2023 ജൂലൈ അഞ്ചിനുണ്ടായ കനത്ത മഴയിൽ ജയിലിലെ പ്രധാന മതിൽ തകർന്നത് കാരണം ജയിലിന് സുരക്ഷാ ഭീഷണിയുണ്ടെന്നാരോപിച്ച് സമർപ്പിച്ച പരാതിയിൽ കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് സൂപ്രണ്ട് ഇക്കാര്യം അറിയിച്ചത്.
കനത്ത മഴയിൽ മൂന്നര മീറ്റർ ഉയരത്തിൽ ജയിലിനെ ചുറ്റുന്ന പ്രധാന മതിലിന്റെ ഒരു ഭാഗം തകർന്നപ്പോൾ പവർ ഫെൻസിങ് സംവിധാനവും ജയിൽ സുരക്ഷാ കേബിളും മുറിഞ്ഞു പോയതായി റിപ്പോർട്ടിൽ പറയുന്നു. ആയിരത്തിലേറെ തടവുകാരുടെ ബാഹുല്യവും അവർ തമ്മിലുള്ള നിരന്തരമായ പ്രശ്നങ്ങളും ജീവനക്കാരുടെ അഭാവവും ദൈനംദിന പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന അതീവ പ്രതിസന്ധി ഘട്ടത്തിലാണ് പ്രധാന മതിലിന് അപകടം സംഭവിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
ഇത് ജയിൽ ഭരണ നിർവഹണത്തെയും ജയിൽ സുരക്ഷയെയും ഗുരുതരമായി ബാധിക്കുമെങ്കിലും അനിഷ്ട സംഭവങ്ങളില്ലാതെ ജയിൽ സുരക്ഷ ഉറപ്പാക്കുന്നതിന് മതിയായ താൽക്കാലിക സംവിധാനം ഒരുക്കിയതായി റിപ്പോർട്ടിൽ പറയുന്നു. മതിൽ പുനർ നിർമിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശാനുസരണം ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് താത്കാലിക മതിലൊരുക്കി. മതിലിന്റെ ഇരുഭാഗത്തും 24 മണിക്കൂറും കനത്ത ജാഗ്രത തുടർന്നു. മതിൽ പുനർ നിർമിച്ചാൽ മാത്രമേ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ കഴിയുകയുള്ളൂ.
ഇതിന് 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് സർക്കാർ അനുമതി വാങ്ങിയിട്ടുണ്ട്. പരാതിയിടെ ഗൗരവം ഉൾക്കൊണ്ട് ജയിൽ അധികൃതർ നടപടി സ്വീകരിച്ച സാഹചര്യത്തിൽ കമീഷൻ കേസ് തീർപ്പാക്കി. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.