കണ്ണൂർ: തീൻമേശകളിൽ എരിവും മണവുമായി കണ്ണൂർ മുളകെത്തും. ആദ്യഘട്ടത്തിൽ ഒമ്പതു പഞ്ചായത്തുകളിലാണ് മുളകുപാടം ഒരുങ്ങുക. ഗുണമേന്മയുള്ള മുളകുപൊടി ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. മുളക് കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയും സാധ്യതയും കണക്കിലെടുത്ത് കർഷകർക്ക് കൂടുതൽ വിളവും ലാഭവും ലഭിക്കുന്ന മുളക് കൃഷി ജില്ല പഞ്ചായത്ത് നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചു. ചുവന്ന മുളക്, ക്യാപ്സിക്കം, കാന്താരി എന്നിവയുടെ ഉൽപാദനം വർധിപ്പിക്കും. കുഞ്ഞിമംഗലം, ചെറുകുന്ന്, ഏഴോം, മാട്ടൂൽ, പടിയൂർ, പിണറായി, കടമ്പൂർ, പാട്യം, പായം പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. പിന്നീട് ജില്ല മുഴുവൻ പദ്ധതി വ്യാപിപ്പിക്കും.
ജില്ലയിലെ വിവിധ ഫാമുകളിൽ ഉൽപാദിപ്പിച്ച അത്യുൽപാദന ശേഷിയുള്ള തൈകൾ 20 ഹെക്ടറിലാണ് കൃഷി ചെയ്യുന്നത്. മുളക് കൃഷിക്കാവശ്യമായ കാലാവസ്ഥയും സാധ്യതകളുമാണ് കണ്ണൂർ ചില്ലീസ് പദ്ധതി തുടങ്ങാനിടയാക്കിയത്. മറ്റ് കൃഷികളെ അപേക്ഷിച്ച് കീടബാധയും വന്യമൃഗശല്യവും കുറഞ്ഞതിനാൽ കർഷകർക്ക് വെല്ലുവിളി കുറവാണ്. മൂന്നുമാസത്തിനുള്ളിൽ വിളവെടുപ്പ് നടക്കുന്നതിനാൽ ലാഭവും എളുപ്പത്തിൽ ലഭിക്കും. മുളക് കൃഷിക്കായി അത്യുൽപാദന ശേഷിയുള്ള ഹൈബ്രിഡ് തൈകൾ കരിമ്പം ജില്ല ഫാം മുഖേനയും കൃഷിഭവൻ വഴിയും വിതരണം ചെയ്തു തുടങ്ങി. കാർഷിക ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കൃഷി. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ നിലമൊരുക്കലും തടമെടുക്കലും അടക്കമുള്ള പ്രവൃത്തികൾ നടത്തും.
കണ്ണൂർ ചില്ലീസിന്റെ ജില്ലതല നടീൽ ഉദ്ഘാടനം ചെറുകുന്ന് പള്ളിച്ചാലിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചു. നേരത്തേ, പ്രാദേശികമായി മുളകുപൊടി ഉൽപാദനത്തിനായി ജില്ലയിലെ ചില തദ്ദേശ സ്ഥാപനങ്ങൾ വറ്റൽ മുളക് കൃഷിയുമായി മുന്നോട്ടുവന്നിരുന്നു. മാങ്ങാട്ടിടത്തും പാട്യത്തും ആറളത്തുമെല്ലാം ഇത്തരത്തിൽ മുളകുപാടങ്ങൾ ഒരുക്കിയിരുന്നു. ചടങ്ങിൽ ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. നിഷ അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് കൃഷി അസി. ഡയറക്ടർ ബി. സുഷ പദ്ധതി വിശദീകരിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, അംഗങ്ങളായ രേഷ്മ പരാഗൻ, കെ. പത്മിനി, ചെറുകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. സജീവൻ, അംഗം പി.എൽ. ബേബി, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു.പി. ശോഭ, ചെറുകുന്ന് കൃഷി ഓഫിസർ എം. സുരേഷ്, കൃഷി അസി. എം.കെ. സുരേഷ് എന്നിവർ പങ്കെടുത്തു.
‘‘കണ്ണൂർ ചില്ലീസ് ബ്രാൻഡിൽ മുളകുപൊടി വിപണിയിലിറക്കും. ഗുണമേന്മയും മായവുമില്ലാത്ത മുളകുപൊടി ലഭ്യമാക്കുകയാണ് ലക്ഷ്യം. മുളകിൽ വിപ്ലവം തീർക്കാനൊരുങ്ങുകയാണ് കണ്ണൂർ’’-പി.പി. ദിവ്യപ്രസിഡന്റ്, ജില്ല പഞ്ചായത്ത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.