കണ്ണൂര്‍: ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെയാണ് യോഗം ഈ ആവശ്യമുന്നയിച്ചത്.
എ.ഡി.എമ്മിനെ അപമാനിച്ച് കൊന്ന പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യുക എന്നെഴുതിയ ബാനറുയര്‍ത്തി ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. അജണ്ടക്കു മുമ്പ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂരാണ് വിഷയമുന്നയിച്ചത്.
എന്നാല്‍, ഇതിനെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. കോടതിയുടെ പരിഗണനയിലുള്ള വിഷയം കൗണ്‍സില്‍ യോഗത്തില്‍ കൊണ്ടുവരുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം എതിർത്തത്. കൗണ്‍സിലില്‍ ഒരു രാഷ്ട്രീയ നാടകത്തിനില്ലെന്നും പ്രതിപക്ഷ കൗണ്‍സിലര്‍ എന്‍. സുകന്യ പറഞ്ഞു. സാധാരണ രീതിയില്‍ ചര്‍ച്ചക്ക് അനുമതി നല്‍കാനാകില്ലെന്നും മേയര്‍ നോക്കുകുത്തിയായി മാറിയെന്നും സി.പി.എമ്മിലെ ടി. രവീന്ദ്രന് പറഞ്ഞു.
ഗൗരവമുള്ള വിഷയമാണിതെന്നും ഇത്തരത്തിലുള്ള നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമമാണ് നടത്തേണ്ടെതെന്നും മുന്‍ മേയര്‍ ടി.ഒ. മോഹനന് പറഞ്ഞു. പൊലീസ് ദിവ്യക്ക് സംരക്ഷണമൊരുക്കുകയാണെന്നും ആഭ്യന്തര വകുപ്പിനെ നാണം കെടുത്തുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഭരണപക്ഷത്തെ മറ്റുള്ള കൗണ്‍സിലര്‍മാരും പ്രതികരിച്ചു. പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് അജണ്ട നടപടികളിലേക്ക് കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.