കണ്ണൂർ: അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലെടുത്തവരുടെ കൂലി കുടിശ്ശിക നൽകണമെന്നതിൽ ഭരണ-പ്രതിപക്ഷങ്ങൾക്ക് ഒരേ സ്വരം. എന്നാൽ, ഇതിലേക്കുള്ള ചർച്ചയിൽ തെളിഞ്ഞത് ഇരുപക്ഷത്തെയും രാഷ്ട്രീയ ചായ്വും. പദ്ധതിയിലെ 2024-25 വർഷത്തെ പ്രവൃത്തികൾ നടപ്പാക്കുന്നത് സംബന്ധിച്ച ക്ഷേമകാര്യ കമ്മിറ്റിയുടെ ശിപാർശ സംബന്ധിച്ച അജണ്ട പരിഗണിച്ചപ്പോൾ ഭരണപക്ഷത്തെ കെ.പി. അബ്ദുൽ റസാഖാണ് ചർച്ചക്ക് തുടക്കമിട്ടത്. തുടർന്ന് സംസാരിച്ച മുൻ മേയർ ടി.ഒ. മോഹനൻ, കുടിശ്ശികയാകാൻ കാരണം സർക്കാർ ഫണ്ട് യഥാസമയം അനുവദിക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടി. കുടിശ്ശിക നൽകും എന്നു പറയുന്നതല്ലാതെ തരാൻ സർക്കാർ തയാറാകുന്നില്ല. ക്ഷേമ പെൻഷനുകൾ മുടങ്ങിയതു സംബന്ധിച്ചും അദ്ദേഹം സർക്കാറിനെതിരെയുള്ള ആയുധമാക്കി.
ഭരണപക്ഷ അംഗങ്ങളുടെ രാഷ്ട്രീയ പരാമർശങ്ങൾ സി.പി.എമ്മിലെ എൻ. സുകന്യ ചോദ്യം ചെയ്തു. തൊഴിലാളികളുടെ കൂലി തനതു ഫണ്ടിൽനിന്ന് കൊടുക്കണമെന്നും പിന്നീട് സർക്കാറിൽനിന്ന് കിട്ടുമ്പോൾ അതിലേക്ക് മാറ്റാമെന്നും പ്രതിപക്ഷം നേരത്തേ നിർദേശിച്ചിരുന്നു. എന്നാൽ, അന്ന് ഭരണപക്ഷം അംഗീകരിച്ചില്ല. ഇപ്പോൾ വസ്തുതകൾ മറന്നുകൊണ്ടോ ബോധപൂർവം മറച്ചുവെച്ചുവോ ആണ് മുൻ മേയർ ഉൾപ്പെടെ സംസാരിച്ചതെന്നും അവർ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മാത്രമല്ല, ക്ഷേമ പെൻഷനുകളും കൃത്യമായി എപ്പോൾ കൊടുക്കുമെന്നത് ഉൾപ്പെടെ പറഞ്ഞിട്ടുണ്ടെന്നും സുകന്യ പറഞ്ഞു. സർക്കാറിനെ കുറ്റപ്പെടുത്താനുള്ള അവസരമായി കൗൺസിൽ യോഗത്തെ മാറ്റരുതെന്നും അവർ പറഞ്ഞു.
രാഷ്ര്ടീയമായി സംസാരിക്കുന്നതിനു പകരം, കിട്ടാനുള്ള നടപടികളാണ് വേണ്ടതെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. രാഗേഷ് പറഞ്ഞു. കൂലി കൊടുക്കുന്നതിന് തനതു ഫണ്ടിൽനിന്ന് തുക അനുവദിക്കുകയും സർക്കാറിൽനിന്ന് കിട്ടുമ്പോൾ അതിലേക്ക് വരവുവെക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനുവദിച്ചു കിട്ടിയ മുഴുവൻ തുകയും തൊഴിലാളികളുടെ കുടിശ്ശിക നൽകാൻ ഉപയോഗിക്കാമെന്നും അടുത്ത വർഷത്തെ പ്രവൃത്തി തുടങ്ങാമെന്നും മേയർ മുസ്ലിഹ് മഠത്തിൽ മറുപടി നൽകി.
കഴിഞ്ഞ കൗൺസിൽ യോഗത്തിന്റെ ഏറിയ സമയവും നിറഞ്ഞുനിന്ന പയ്യാമ്പലം ശ്മശാനം ഇത്തവണയും ചർച്ചയിൽ സജീവമായി. ശ്മശാനത്തിൽ ചിരട്ട വിതരണം ചെയ്യുന്നതിന് ടെൻഡർ എടുത്ത കരാറുകാരൻ ഏഴു മാസമായിട്ടും ചിരട്ട നൽകാത്ത സംഭവമാണ് ചൂടേറിയ ചർച്ചക്ക് വഴിവെച്ചത്.
പ്രതിപക്ഷത്തെ ടി. രവീന്ദ്രനും പി.കെ. അൻവറും കെ. പ്രദീപനും പയ്യാമ്പലം ശ്മശാനത്തിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി. ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷാഹിന മൊയ്തീൻ, മുൻ ഡെപ്യൂട്ടി മേയർ കെ. ഷബീന, അഡ്വ. ചിത്തിര ശശിധരൻ, എസ്. ഷഹീദ, കെ.എം. സാബിറ തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.