കണ്ണൂർ: ദിവസവും നിരവധി മൃതദേഹങ്ങൾ സംസ്കരിക്കുന്ന പയ്യമ്പലം ശാന്തിതീരം ശ്മശാനത്തിന്റെ അവഗണന ഉയർത്തിക്കാട്ടി ഭരണ പ്രതിപക്ഷ കൗൺസിലർമാർ. പയ്യാമ്പലം ശാന്തി തീരം ശ്മശാനത്തിൽ ശവദാഹത്തിന് കീറിയ വിറക്, ചിരട്ട എന്നിവ ഇറക്കി നൽകിയ കരാറുകാരന് സെക്യൂരിറ്റിയായി നൽകിയ ഡെപ്പോസിറ്റ് തിരിച്ചു നൽകുന്നത് സംബന്ധിച്ച അജണ്ട പരിഗണനക്കെടുത്തപ്പോൾ സി.പി.എമ്മിലെ കെ. പ്രദീപൻ ആണ് ചർച്ചക്ക് തുടക്കമിട്ടത്. ശ്മശാനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അവ്യക്തത ഉണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം അവിടത്തെ കണക്ക് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഓഫിസിന്റെ അവസ്ഥ പരിതാപകരമാണ്. വിറക് നനയുന്നുണ്ട്. കീറിയ വിറകില്ല. തികഞ്ഞ അനാസ്ഥയാണ് അവിടെ നടക്കുന്നത് -അദ്ദേഹം പറഞ്ഞു.
തുടർന്ന സംസാരിച്ച വികസന കാര്യ സ്ഥിരംസമിതി ചെയർമാൻ പി.കെ. രാഗേഷ് രൂക്ഷമായാണ് പ്രതികരിച്ചത്. കോർപറേഷനിലെ ആർക്കൊക്കെയോ വാശിയുള്ളതു പോലെയുള്ള സമീപനമാണ് പയ്യാമ്പലം ശ്മശാനത്തോടുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പുതിയ ഓഫിസിലേക്ക് പ്രവർത്തനം മാറ്റാൻ കൗൺസിൽ തീരുമാനിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പായിട്ടില്ല. മൃതദേഹങ്ങളോടുള്ള അനാദരവാണ് അവിടെ ഉണ്ടാകുന്നത് -അദ്ദേഹം ആരോപിച്ചു. കാര്യമായ ഇടപെൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് നഗരാസൂത്രണകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിയാദ് തങ്ങൾ പറഞ്ഞു. കൗൺസിലിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണം. കോർപറേഷന് നാണക്കേടാണ് അവിടത്തെ ഇപ്പോഴത്തെ അവസ്ഥയെന്ന് ബി.ജെ.പിയിലെ വി.കെ. ഷൈജു പറഞ്ഞു. കെ.എം. ഷാജിയുടെ എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിച്ചതിനെ തുടർന്ന് പയ്യാമ്പലം ശ്മശാനത്തിന്റെ നവീകരിക്കുന്നതിന് തയറാക്കിയ മാസ്റ്റർ പ്ലാനിന് സി.ആർ.സെഡ് അനുമതി കിട്ടാത്തതാണ് ഈ അവസ്ഥക്ക് കാരണമെന്ന് മുൻ മേയർ അഡ്വ.ടി.ഒ. മോഹനൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ആവശ്യപ്പെട്ട് കത്ത് കൊടുക്കാൻ പറഞ്ഞിട്ടും ഉദ്യോഗസ്ഥർ നൽകിയിട്ടില്ല. വികസനം നടപ്പാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് തോന്നണമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള അലംഭാവം ഇതിനു കാരണമാണെന്നും കൗൺസിൽ തീരുമാനത്തിന്റെ പ്രാധാന്യം അവർ ഉൾക്കൊള്ളുന്നില്ലെന്നും ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര പറഞ്ഞു.
സംഭവത്തിൽ ഉദ്യോഗസ്ഥരുടെ വിശദീകരണം തേടിയ മേയർ മുസ്ലീഹ് മഠത്തിൽ ഇനി അലംഭാവം ഉണ്ടായാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി. കെട്ടിട നിർമാണ തൊഴിലാളി സെസ്സ് തദ്ദേശ സ്ഥാപനങ്ങൾ മുഖേന പിരിച്ചെടുക്കണമെന്ന അജണ്ട ഭരണ -പ്രതിപക്ഷ വാക്ക് തർക്കത്തിനിടയാക്കി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാചൊരായ ഷാഹിന മൊയ്തീൻ, ഷമീമ, പി.പി. വത്സലൻ, എസ്. ഷഹീദ, കെ. നിർമല, കെ.വി. അനിത, എം.പി. രാജേഷ്, കെ.പി. അബ്ദുൽ റസാക്ക് എന്നിവരും സംസാരിച്ചു.
കോർപറേഷൻ കൗൺസിൽ യോഗത്തിൽ കൊമ്പുകോർത്ത് മുൻ മേയർ അഡ്വ.ടി.ഒ. മോഹനനും വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. രാഗേഷും. ചൊവ്വാഴ്ച നടന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഒന്നിലേറെ തവണയാണ് ഇരുവരും വാഗ്വാദമുണ്ടായത്. പയ്യാമ്പലം ശ്മശാനം സംബന്ധിച്ച അജണ്ടയിൽ മുൻ മേയർ സംസാരിച്ചശേഷം സംസാരിച്ച പി.കെ. രാഗേഷ് മുൻ മേയർക്കെതിരെ ശക്തമായാണ് പ്രതികരിച്ചത്. പയ്യാമ്പലം ശ്മശാനത്തിന്റെ ശോച്യാവസ്ഥ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ ഇട്ടിട്ട് പ്രതികരിക്കുന്നതിനു പകരം ഡിലീറ്റ് ചെയ്യുകയാണ് മുൻ മേയർ ചെയ്തതെന്ന് പി.കെ. രാഗേഷ് പറഞ്ഞു. പി.കെ. രാഗേഷിനു ശേഷം വീണ്ടും ടി.ഒ. മോഹനൻ സംസാരിച്ചത് രാഗേഷിന്റെ ഒളിയമ്പുകൾക്കുള്ള മറുപടിയായി. മേയർ മുസ്ലീഹ് മഠത്തിൽ സംസാരിക്കുന്നതിനിടയിൽ മുൻ മേയർ ഇരുന്ന ഭാഗത്തേക്ക് നോക്കിയതോടെ വീണ്ടും എഴുന്നേറ്റ പി.കെ. രാഗേഷ് ‘മേയർ അങ്ങോട്ടു നോക്കേണ്ടതില്ലെന്ന്’ ഓർമപ്പെടുത്തുകയും മേയറുടെ സംസാരത്തിനിടെ തന്നെ മുൻ മേയർക്കെതിരെ അഭിപ്രായ പ്രകടനം നടത്തുകയും ചെയ്തു.
എടക്കാട് സോണലിലെ ആറ്റടപ്പ അർബൻ ഡയാലിസിസ് സെന്ററിൽ മെഡിക്കൽ ഓഫിസറുടെ നിയമനം സംബന്ധിച്ച അജണ്ട പരിഗണനക്കെടുത്തപ്പോഴും മുൻ മേയറുടെ അഭാവത്തിലും അദ്ദേഹത്തിനെതിരെ പരോക്ഷമായി പി.കെ. രാഗേഷ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.