കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന സംസ്ഥാന സർക്കാർ ഉത്തരവ് നടപ്പാക്കില്ലെന്ന് കണ്ണൂർ കോർപറേഷൻ കൗൺസിൽ. പ്രാദേശിക സർക്കാറുകളുടെ തനത് ഫണ്ടുകൾ സ്പെഷൽ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന ധനവകുപ്പിന്റെ ഉത്തരവ് ചർച്ച ചെയ്യാനായി ശനിയാഴ്ച ചേർന്ന കൗൺസിൽ ബഹളത്തിൽ മുങ്ങി.
യു.ഡി.എഫ്, എൽ.ഡി.എഫ് കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും കൂക്കിവിളിയുമുണ്ടായി. ബഹളത്തിനൊടുവിൽ എൽ.ഡി.എഫ് കൗൺസിലർമാർ പ്ലക്കാർഡേന്തി മേയറുടെ ഇരിപ്പിടത്തിന് അടുത്തെത്തി പ്രതിഷേധിച്ചു. തുടർന്ന് മുദ്രാവാക്യം വിളികളുമായി കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. ബഹളത്തിനിടയിൽ തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കില്ലെന്നും കൗൺസിൽ തീരുമാനം മേയർ മുസ്ലിഹ് മഠത്തിൽ അറിയിച്ചു. കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ എൽ.ഡി.എഫ് കൗൺസിലർമാർ കോർപറേഷൻ ഓഫിസ് പടിക്കൽ പ്രതിഷേധിച്ചു. കോർപറേഷൻ ഫണ്ട് ധൂർത്തടിക്കാനുള്ള തന്ത്രമാണ് സർക്കാറിനുള്ളതെന്ന് മുൻമേയർ ടി.ഒ. മോഹനൻ പറഞ്ഞു.
ഫണ്ട് ട്രഷറിയിലേക്ക് നൽകിയാൽ കോർപറേഷനിൽ ഭരണ സ്തംഭനമുണ്ടാകും. നവകേരളത്തിനായി നൽകിയ പണം സർക്കാർ തിരിച്ചുനൽകേണ്ടിവന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. വ്യാജമായ ഭീതി പരത്താനാണ് ശ്രമമാണ് നടക്കുന്നതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം വർധിപ്പിക്കാനായത് സംസ്ഥാന സർക്കാർ നികുതിയടക്കം വർധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന് എൽ.ഡി.എഫ് കൗൺസിലർ എൻ. സുകന്യ പറഞ്ഞു. പദ്ധതി വിഹിതം 32 ശതമാനം മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വർഷം ചെലവഴിച്ചത്. സംസ്ഥാനം പ്രതിസന്ധിയിലായതോടെയാണ് ഇത്തരമൊരു നിർദേശമുണ്ടായത്.
കേരളത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോൾ യു.ഡി.എഫ് ബി.ജെ.പിയുടെ ബി ടീം ആയി പ്രവർത്തിക്കുകയാണെന്നും അവർ പറഞ്ഞു. ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ പി.കെ. രാഗേഷ്, സുരേഷ് ബാബു എളയാവൂർ, സിയാദ് തങ്ങൾ, കൗൺസിലർമാരായ വി.കെ. ഷൈജു, കെ.പി. അബ്ദുൽ റസാഖ്, ടി. രവീന്ദ്രൻ, പി.കെ. അൻവർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.