മലനാട് റിവർ ക്രൂയിസ് പദ്ധതിയുടെ നടത്തിപ്പിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം വരുന്നതുവരെ നിർമാണം പൂർത്തീകരിച്ച ബോട്ട് ജെട്ടികൾ കണ്ണൂർ ഡി.ടി.പി.സിക്ക് കൈമാറാൻ ടൂറിസം വകുപ്പ് നിർദേശിച്ചിട്ടുണ്ടെന്നും ഇതനുസരിച്ച് ഡി.ടി.പി.സിക്ക് കൈമാറിയതായും ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ.
കണ്ണൂർ: അംബേദ്കർ സെറ്റിൽമെന്റ് സമഗ്ര വികസന പദ്ധതി പ്രകാരമുള്ള നിർത്തിവെച്ച പ്രവൃത്തി പുനരാരംഭിക്കാൻ തീരുമാനം. ജില്ലയിലെ 16 കോളനികളിൽ നടപ്പാക്കുന്ന പദ്ധതിയിൽ നിർത്തിവെച്ചവ പുനരാരംഭിച്ച് 13 എണ്ണം ഡിസംബർ 31ഓടെ പൂർത്തീകരിക്കുമെന്ന് ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ ജില്ല വികസന സമിതി യോഗത്തിൽ അറിയിച്ചു. 16 കോളനികളിലെയും പ്രവൃത്തികൾ സംബന്ധിച്ച് ഐ.ടി.ഡി.പി അസി. എൻജിനീയർ, ഹാബിറ്റാറ്റ് അസി. എൻജിനീയർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ, എസ്.ടി പ്രമോട്ടർ എന്നിവർ ചേർന്ന് നടത്തിയ പരിശോധന റിപ്പോർട്ട് ജില്ല വികസന കമീഷണർക്ക് കൈമാറിയിട്ടുണ്ട്. 16ൽ നാല് പ്രവൃത്തികൾ ഡിസംബർ 15നകവും രണ്ടെണ്ണം 25നകവും ഏഴെണ്ണം 31നകവും പൂർത്തിയാക്കും. ഒന്നിന് ജനുവരി 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.
പാട്യം പഞ്ചായത്തിലെ അമ്മാറമ്പ് കോളനിയിലെ പ്രവൃത്തി ആരംഭിച്ചതായി കെ.പി. മോഹനൻ എം.എൽ.എയെ അറിയിച്ചു. പയ്യന്നൂർ മണ്ഡലത്തിലെ പട്ടത്തുവയൽ പട്ടികവർഗ കോളനിയിലെ പദ്ധതി പുരോഗതി അവലോകനം ചെയ്യാൻ ടി.ഐ. മധുസൂദനൻ എം.എൽ.എയുടെയും ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റിന്റെയും സാന്നിധ്യത്തിൽ പരിശോധന നടത്തും. എയ്യൻകല്ല് പട്ടികവർഗ കോളനിയിലെ പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തിൽ കോളനിയിലെ കമ്യൂണിറ്റി ഹാൾ പുതുക്കി പണിയുന്നതിന് പട്ടികവർഗ വികസന വകുപ്പ് കോർപസ് ഫണ്ടിൽ ഉൾപ്പെടുത്തി ചെറുപുഴ പഞ്ചായത്ത് മുഖേന നടപ്പാക്കാൻ നിർദേശം നൽകി. ശ്രീകണ്ഠപുരം കരയോടി കോളനിയിലെ പ്രവൃത്തി സംബന്ധിച്ച് ഉൂരുകൂട്ടം യോഗം ചേർന്ന് തീരുമാനിക്കും.
കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ സൗജന്യമാക്കണമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ആവശ്യപ്പെട്ടു. മെഡിക്കൽ കോളജിൽ നിലവിൽ എ.എ.വൈ വിഭാഗത്തിന് മാത്രമാണ് സൗജന്യ ചികിത്സയെന്ന് ആർ.എം.ഒ അറിയിച്ചു. ബി.പി.എൽ വിഭാഗത്തിന് സൗജന്യ ചികിത്സ അനുവദിക്കമെന്ന ആവശ്യം ആശുപത്രി വികസന സമിതിയുടെ പരിഗണനയിലാണ്. കാരുണ്യ ആരോഗ്യ ചികിത്സ പദ്ധതി, മെഡിസെപ് പോലുള്ളവ ആശുപത്രിയിൽ അനുവദിക്കുന്നുണ്ട്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ നിലവിലെ മലിനജല ശുദ്ധീകരണ പ്ലാൻറിന്റെ ചോർച്ച തടയുന്നതിനും സംരക്ഷിക്കുന്നതിനുമായി സുരക്ഷമതിൽ സ്ഥാപിച്ചുനൽകുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നാശനഷ്ടം വന്നാൽ അതിന്റെ ഉത്തരവാദിത്തം കരാറുകാരായ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഏറ്റെടുക്കും. സീവേജ് ട്രീറ്റ്മെന്റ് പ്ലാൻറിന്റെ നവീകരണ പ്രവൃത്തി നടത്താൻ പാലക്കാട് ഐ.ആർ.ടി.സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കും. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് തകരാറുകളൊന്നും സ്ഥാപിക്കുകയില്ലെന്നും ആവശ്യമായ ക്ലിയറൻസ് കോളജ് പ്രവേശന കവാടത്തിലേക്കുണ്ടെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം കൈമാറുന്ന വിഷയം സർക്കാറിന്റെ പരിഗണനയിലാണെന്ന് തലശ്ശേരി സബ് കലക്ടർ അറിയിച്ചു. യോഗത്തിൽ ജില്ല കലക്ടർ അരുൺ കെ. വിജയൻ അധ്യക്ഷതവഹിച്ചു. കെ.വി. സുമേഷ് എം.എൽ.എ, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ, ജില്ല പ്ലാനിങ് ഓഫിസർ നെനോജ് മേപ്പാടിയത്ത് എന്നിവർ സംസാരിച്ചു.
മാഹി പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി ടെൻഡർ ചെയ്തെങ്കിലും ആരും ഏറ്റെടുക്കാത്തതിനാൽ മുഴപ്പിലങ്ങാട്-മാഹി പാലം റോഡ് പണിയുമായി ചേർത്ത് പ്രവൃത്തി ടെൻഡർ ചെയ്യുമെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ ജില്ല വികസന സമിതി യോഗത്തിൽ അറിയിച്ചു. റോഡ് പ്രവൃത്തിക്കായി 7.80 കോടി രൂപയും പാലം അറ്റകുറ്റപ്പണിക്ക് 19,33,282 രൂപയും അനുവദിച്ചിട്ടുണ്ട്. അടുത്ത ദിവസം ടെൻഡർ ചെയ്യും. ഡിസംബറിൽ പണി തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.