കണ്ണൂര്‍: ഉദ്ഘാടനം ചെയ്തതിനു പിന്നാലെ അടച്ചിട്ട കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ സർവിസ് പുനരാരംഭിക്കുന്നതിന് ഒക്ടോബര്‍ മൂന്നിന് ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്ന് നടപടിയെടുക്കാൻ ജില്ല വികസന സമിതി യോഗം നിര്‍ദേശിച്ചു. മേയറുടെ അധ്യക്ഷതയില്‍ ഒക്ടോബര്‍ മൂന്നിന് ഉച്ചക്ക് രണ്ടിന് ഓട്ടോ തൊഴിലാളികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥുടെയും യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ല പൊലീസ് മേധാവി, ആര്.ടി.ഒ, കോര്പറേഷന് സെക്രട്ടറി എന്നിവരെ കഴിഞ്ഞ ജില്ല വികസന സമിതി യോഗം ചുമതലപ്പെടുത്തിയിരുന്നു. നഗരപരിധിയും ചാര്‍ജും സംബന്ധിച്ചാണ് നിലവില്‍ പ്രധാനമായും ഓട്ടോ തൊഴിലാളികള്‍ക്ക് എതിര്‍പ്പുള്ളതെന്നും ഇക്കാര്യത്തില്‍ അവരുടെ ആശങ്ക പരിഹരിച്ച് സമവായത്തില്‍ എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മേയര്‍ ടി.ഒ. മോഹനന് പറഞ്ഞു.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമുള്ള സമിതിയെന്ന് അദ്ദേഹം പറഞ്ഞു. മൂന്നു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പ്രീപെയ്ഡ് ഓട്ടോ സംവിധാനം പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഒന്നര വര്‍ഷത്തിനിടയില്‍ നിരവധി തവണ ജില്ല വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടതായി രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍.എ പറഞ്ഞു.
നഗരത്തിലെത്തുന്ന യാത്രക്കാരുടെ ആവശ്യമാണ് താന്‍ യോഗങ്ങളില്‍ നിരന്തരം ഉന്നയിച്ചത്. എന്നാല്‍, ആവശ്യമായ ഗൗരവത്തോടെ വിഷയം ബന്ധപ്പെട്ടവര്‍ കൈകാര്യം ചെയ്തുവെന്ന് അഭിപ്രായമില്ല. തെറ്റായ രീതിയില്‍ വിഷയം ചിത്രീകരിക്കപ്പെട്ടെന്നും എം.എല്‍.എ പറഞ്ഞു. ആര്‍ക്കാണ് ചുമതല എന്നതല്ല, പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും എം.എല്‍.എ പറഞ്ഞു.
എം.എല്‍.എ ഫണ്ടില്‍ നിര്‍ദേശിക്കുന്ന പ്രവൃത്തികള്‍ക്ക് യഥാസമയം എസ്റ്റിമേറ്റുകള്‍ സമര്‍പ്പിക്കാത്തതിനാല്‍ ഭരണാനുമതി വൈകുന്നത് പരിഹരിക്കണമെന്ന കഴിഞ്ഞ വികസന സമിതി യോഗത്തിലെ കെ.പി. മോഹനന് എം.എല്‍.എയുടെ നിര്‍ദേശത്തില്‍ സാങ്കേതിക തടസ്സം ഒഴികെയുള്ള മുഴുവന്‍ നിർദേശങ്ങളും അംഗീകരിച്ചിട്ടുണ്ടെന്ന് എ.ഡി.സി (ജനറല്‍) യോഗത്തില്‍ വ്യക്തമാക്കി.
കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിച്ച സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുള്ള നഷ്ടപരിഹാരം അനുവദിക്കുന്നതിനായി ബാക്കിയുണ്ടെങ്കില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി ലഭ്യമാക്കുന്നതിന് മുഴുവന്‍ താലൂക്ക് തഹസില്‍ദാര്‍മാര്‍ക്കും നിർദേശം നല്‍കിയിട്ടുണ്ടെന്നും നഷ്ടപരിഹാരം ലഭ്യമാക്കാത്ത വിവരം എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും യോഗത്തില്‍ വ്യക്തമാക്കി.
കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി ലഭിച്ച പരാതികളില്‍ തീര്‍പ്പ് കൽപിക്കാന് ബാക്കിയുള്ളവയുടെ പുരോഗതി വിലയിരുത്തി.
ഇതുസംബന്ധിച്ച് ഓരോ താലൂക്ക് തിരിച്ചുള്ള പരാതികളുടെ കണക്കുകള്‍ അവതരിപ്പിച്ചു. കരുതലും കൈത്താങ്ങും പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനായി ഒക്ടോബര്‍ മൂന്നിന് കലക്ടറുടെ ചേംബറില്‍ യോഗം ചേരുന്നതിനും വികസന സമിതിയില്‍ തീരുമാനമായി. എ.ഡി.എം കെ.കെ. ദിവാകരന് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.