കണ്ണൂർ: ദിവസേന രണ്ടായിരത്തിലധികം രോഗികളെത്തുന്ന കണ്ണൂർ ജില്ല ആശുപത്രി അത്യാസന്ന നിലയിൽ. ആവശ്യത്തിന് ജീവനക്കാരും കെട്ടിട സൗകര്യവുമില്ലാത്തത് രോഗികളെ ചില്ലറയൊന്നുമല്ല വലക്കുന്നത്. ഇപ്പോഴും പൂർണ സജ്ജമായില്ലെങ്കിലും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലടക്കം ചികിത്സവിഭാഗങ്ങൾ വർധിക്കുമ്പോൾ വർഷങ്ങൾക്ക് മുന്നേയുള്ള സ്റ്റാഫ് പാറ്റേണിലാണ് ആശുപത്രി ഓടുന്നത്. രണ്ടായിരത്തിലേറെ രോഗികളാണ് ഓരോ ദിവസവും ജില്ല ആശുപത്രിയിൽ എത്തുന്നത്. അഞ്ഞൂറോളം കിടക്കകളാണുള്ളത്. ആറു രോഗികൾക്ക് ഒരു നഴ്സ് വേണമെന്നാണ് കണക്ക്. എന്നാൽ, ഏറെക്കാലമായി കണക്കുകളെല്ലാം തെറ്റിച്ചാണ് ജില്ല ആശുപത്രിയുടെ പ്രവർത്തനം. നിലവിൽ 35 രോഗികൾക്ക് ഒരു നഴ്സ് എന്ന നിലയാണ്. ഏറെ ശ്രദ്ധ ആവശ്യമായ ഐ.സി.യുവിൽ ഒരു രോഗിക്ക് ഒരു നഴ്സാണ് കണക്ക്. എന്നാൽ, എട്ടുപേർക്ക് രണ്ടുപേർ എന്ന നിലയിലാണുള്ളത്.
10 ദിവസമെങ്കിലും കൂടുമ്പോഴാണ് ജീവനക്കാർക്ക് ആഴ്ചയിലെ അവധിയെടുക്കാനാവുന്നത്. അനുവദനീയമായ മറ്റു അവധികൾ എടുക്കാനാവാത്ത അവസ്ഥയാണ്. 37 നഴ്സുമാരുടെ ഒഴിവ് നിലവിലുണ്ട്. അറ്റൻഡർമാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. ഒരു വാർഡിൽ ഒരാൾ വേണ്ടയിടത്ത് രണ്ടുവാർഡുകളുടെ കാര്യമാണ് ഒരാൾ നോക്കുന്നത്.
എൻ.എച്ച്.എം, എച്ച്.എം.സി മുഖേന താൽക്കാലികാടിസ്ഥാനത്തിൽ നേരത്തേ ജീവനക്കാരെ നിയമിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാർ ഫണ്ട് ലഭിക്കാത്തതിനാൽ ഇപ്പോഴില്ല. ജില്ല ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി യൂനിറ്റി തുടങ്ങിയപ്പോൾ കാത്ത് ലാബ്, കാർഡിയോളജി ഐ.സി.യു, ഡയാലിസിസ് യൂനിറ്റ് തുടങ്ങിയവ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. അന്ന് താൽക്കാലികമായി ജീവനക്കാരെ നിയമിച്ചെങ്കിലും ഫണ്ടില്ലാത്തതിനാൽ തുടർനിയമനമുണ്ടായില്ല. 20 പേരുടെ നിയമനമാണ് പുതുക്കാതിരുന്നത്. എച്ച്.എം.സി മുഖേന ആളുകളെ നിയമിച്ചപ്പോൾ മെഡിക്കൽ ഐ.സി.യുവിലെ കിടക്കകൾ നാലിൽനിന്ന് എട്ടായി ഉയർത്തിയിരുന്നു. കരാർ നിയമനം ഒഴിവായപ്പോഴും ജീവനക്കാരുടെ എണ്ണം വർധിച്ചില്ല. 23 വിഭാഗങ്ങളിലായി അമ്പതിലേറെ ജീവനക്കാരുടെ കുറവ് കണ്ണൂരിലുണ്ട്. തലശ്ശേരി ജനറൽ ആശുപത്രിയിലും സമാനസ്ഥിതിയാണ്. വയനാട്, കോഴിക്കോട് ജില്ലകളിലെയും രോഗികൾ ആശ്രയിക്കുന്ന തലശ്ശേരി ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ രോഗികൾ ദുരിതത്തിലാണ്.
കണ്ണൂർ: ജില്ല ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതിൽ കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ല ആശുപത്രി യൂനിറ്റിന്റെ നേതൃത്വത്തിൽ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു. രൂക്ഷമായ നഴ്സിങ് ജീവനക്കാരുടെ കുറവ് നികത്തുക, സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ മതിയായ നഴ്സുമാരെ നിയമിക്കുക, നഴ്സുമാരുടെ അധിക ജോലിഭാരത്തിനു പരിഹാരം കാണുക, പിരിച്ചുവിട്ട താത്കാലിക നഴ്സുമാർക്ക് പകരം ജീവനക്കാരെ നിയമിക്കുക എന്നീ ആവശ്യങ്ങളുമായാണ് പ്രതിഷേധം.
കെ.ജി.എൻ.എ ജില്ല സെക്രട്ടറി കെ.വി. പുഷ്പജ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എസ്. ദീപു, കെ. സരിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.