കണ്ണൂർ: സാധരണ തെക്കോട്ടാണ് ബജറ്റിലെ കണക്കുകൾ എന്നും അനുകൂലമാകാറ്. വടക്കൻ കേരളത്തിെൻറ കണക്കുകൂട്ടൽ പിഴക്കാറുമാണ് പതിവ്. ഇക്കുറി അതിനു മാറ്റം വരുമെന്നാണ് പ്രതീക്ഷ. സ്വപ്നപദ്ധതികളൊന്നുമില്ലെങ്കിലും അടിസ്ഥാന വികസനങ്ങൾ ബജറ്റിലൂടെ ജില്ലയെ തേടിയെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ബജറ്റിൽ തുക വകയിരുത്തിയ പദ്ധതികളിൽ പലതും ശൈശവ ഘട്ടം പോലും പിന്നിട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. ജില്ലക്ക് കൈനിറയെ നൽകിയാണ് മന്ത്രി തോമസ് ഐസക് കഴിഞ്ഞ സർക്കാറിെൻറ അവസാന സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്. അഴീക്കൽ ഹാർബറിന് 3698 കോടി രൂപ
അനുവദിച്ചതാണ് ജില്ലക്ക് കിട്ടിയ പ്രധാന നേട്ടങ്ങളിലൊന്ന്. എന്നാൽ, ഇതിെൻറ നാലിലൊന്നു തുക പോലും വിനിയോഗിച്ച് പ്രവൃത്തി ആരംഭിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. എങ്കിലും മുഖ്യമന്ത്രിയുടെ സ്വന്തം നാടായ കണ്ണൂരിൽ സമഗ്ര വികസനത്തിന് കുതിപ്പേകുന്ന ഒട്ടേറെ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ. മലബാർ മേഖലയുടെ മൊത്തം വികസനത്തിനു ഘടകമായേക്കുന്ന അഴീക്കൽ തുറമുഖ വികസനത്തിന് കുതിപ്പേകുന്ന പദ്ധതികൾ ഇക്കുറിയും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയുണ്ട്. കൂടാതെ കണ്ണൂരിെൻറ നട്ടെല്ലായ കൈത്തറി മേഖലയുടെ പുനരുദ്ധാരണത്തിനും പ്രത്യേക പദ്ധതി പ്രതീക്ഷിക്കുന്നു. ഉത്തര മലബാറിെൻറ സ്വപ്നപദ്ധതിയായ തലശ്ശേരി -മൈസൂരു റെയിൽവേ ലൈൻ നിർമാണം സംബന്ധിച്ചും ബജറ്റിൽ പരാമർശമുണ്ടായേക്കുമെന്നാണ് കണക്കുകൂട്ടൽ. കണ്ണൂർ വ്യവസായ പാർക്കിന് കഴിഞ്ഞ ബജറ്റിൽ മൂന്ന് കോടിയാണു വകയിരുത്തിയത്.
സാങ്കേതിക വിദ്യാഭ്യാസം കഴിഞ്ഞവർക്കും സാങ്കേതിക പരിജ്ഞാനമുള്ളവർക്കും സർക്കാർ, അർധ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളുടെ സഹകരണത്തോടെ പുതിയ സാങ്കേതികവിദ്യയിൽ പരിശീലനം നൽകി നൂതന ശാസ്ത്ര സാങ്കേതിക വിദ്യകളിൽ തൊഴിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാൽ, പദ്ധതി യാഥാർഥ്യമാക്കാൻ സാധിച്ചിട്ടില്ല. തുടർ നടത്തിപ്പിനായുള്ള തുക വകയിരുത്തുമെന്ന പ്രതീക്ഷയും കണ്ണൂരിനുണ്ട്. കാഞ്ഞിരോട് നെയ്ത്ത് സംഘത്തോടനുബന്ധിച്ച് സമഗ്ര കൈത്തറി ഗ്രാമത്തിന് കഴിഞ്ഞ ബജറ്റിൽ മൂന്നരക്കോടിയാണ് വകയിരുത്തിയത്. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള കൈത്തറി ഉൽപന്നങ്ങളുടെ ഉൽപാദനവും പ്രദർശനവും വിപണനവും ലക്ഷ്യമാക്കുക വഴി ഈ ഗ്രാമം ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറ്റുമെന്നായിരുന്നു കഴിഞ്ഞ തവണത്തെ പ്രഖ്യാപനം. ഇതും യാഥാർഥ്യമാക്കേണ്ടതുണ്ട്.
പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് വികസനമുന്നേറ്റത്തിന് കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച നടപടികൾ യാഥാർഥ്യമാകാൻ പുതിയ സർക്കാറിെൻറ കരുതൽ വേണം. അത്യുത്തരകേരളത്തിലെ ചികിത്സാരംഗത്തുള്ള കുതിച്ചുചാട്ടത്തിന് നിരവധി പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പലതും പ്രാരംഭദശയിൽപോലും എത്തിയിട്ടില്ല. അത്യാധുനിക ട്രോമാകെയർ ബ്ലോക്ക് നിർമിക്കുന്നതിന് കഴിഞ്ഞ ഫെബ്രുവരി 23ന് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ശിലയിട്ടുവെങ്കിലും ഇതുവരെ പ്രാരംഭ പ്രവൃത്തിപോലുമായിട്ടില്ല. കിഫ്ബി പദ്ധതിയിൽ 57.69 കോടി രൂപ ചെലവിട്ടാണ് ഇതിെൻറ ഒന്നാംഘട്ട പ്രവർത്തനം നടത്തുന്നതിന് തീരുമാനിച്ചത്.
സ്ഥാപനം സർക്കാർ ഏറ്റെടുത്തശേഷം മുൻ ആരോഗ്യമന്ത്രി ശൈലജ, ആരോഗ്യവകുപ്പിലെ ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത് തയാറാക്കിയ മാസ്റ്റർ പ്ലാനിെൻറ തീരുമാനമാണ് ട്രേമാകെയർ ഉൾപ്പെടെയുള്ള വികസനം. ഇതിനായി കൂടുതൽ തുക ഈ ബജറ്റിൽ വകയിരുത്തുമെന്നാണ് പ്രതീക്ഷ. കായികമേഖലയിൽ വലിയ മുന്നേറ്റത്തിന് വഴിതുറക്കുന്ന ഖേലോ പദ്ധതിയിൽപെടുത്തിയ സിന്തറ്റിക് ട്രാക് നിർമാണത്തിെൻറ ഉദ്ഘാടനവും ഫെബ്രുവരിയിൽ നടന്നിരുന്നു. പ്രാരംഭ പ്രവൃത്തി തുടങ്ങിയെങ്കിലും ഇഴയുകയാണെന്ന ആക്ഷേപമുയരുന്നു.
കായിക മേഖലയിൽ വലിയ വികസനമായിരിക്കും പദ്ധതി യാഥാർഥ്യമാകുന്നതോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിനും ജില്ലക്കും തന്നെയും വന്നുചേരുക. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കും കഴിഞ്ഞ ബജറ്റിൽ അടിയന്തര പ്രാധാന്യം നൽകിയിരുന്നു. ഇതും യാഥാർഥ്യമായില്ല. കെട്ടിടത്തിെൻറ പല ഭാഗങ്ങളും ജീർണാവസ്ഥയിലാണ്. പൂർണമായും പുതുക്കേണ്ട നിരവധി ഭാഗങ്ങളുണ്ട്. പുതിയ ഹൃദ്രോഗവിഭാഗം, ഓക്സിജൻ പ്ലാൻറ് ഉൾപ്പെടെ നിരവധി വികസനപ്രവർത്തനങ്ങൾ മെഡിക്കൽ കോളജ് കാത്തിരിക്കുന്നുണ്ട്. കോവിഡിെൻറ പശ്ചാത്തലത്തിൽ ആശുപത്രിയുടെ സമഗ്രവികസനത്തിന് കൂടുതൽ തുക ബജറ്റിൽ വകയിരുത്തുമെന്നാണ് പ്രതീക്ഷ.
തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധാനം ചെയ്യുന്ന ധർമടം നിയോജക മണ്ഡലത്തോട് തൊട്ടുരുമ്മി നിൽക്കുന്ന തലശ്ശേരി നിയോജക മണ്ഡലത്തിലെ ജനങ്ങൾ വികസനം കാത്തുകഴിയുന്ന നിരവധി പദ്ധതികൾ യാഥാർഥ്യമാകാനുണ്ട്. തലശ്ശേരി-മൈസൂർ റെയിൽപാതയാണ് ഇതിൽ പ്രധാനം. ഈ പദ്ധതി പൂവണിയാൻ ഇനിയും എത്രകാലം കാത്തിരിക്കണമെന്നാണ് ജനങ്ങളുടെ ചോദ്യം.
പദ്ധതിക്കായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തലശ്ശേരിക്കാർ മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. അധികൃത തലത്തിൽ ഈ ആവശ്യം ഉന്നയിച്ച് നിരവധി നിവേദനങ്ങളുമെത്തി. ചർച്ചകളും നടന്നു. എന്നാൽ, നഷ്ടങ്ങളുടെ കണക്ക് പറഞ്ഞ് പദ്ധതിയിൽനിന്നും അധികൃതർ പിറകോട്ടു പോകുന്ന സമീപനമാണ് തുടർന്നുണ്ടായത്. ഒന്നാം ലോകയുദ്ധം കൊണ്ടുമാത്രം ബ്രിട്ടീഷുകാർക്ക് നടപ്പാക്കാൻ സാധിക്കാതെ പോയ സ്വപ്ന പദ്ധതിയായ തലശ്ശേരി-മൈസൂർ പാത യാഥാർഥ്യമാവുന്നതോടെ മലബാറിെൻറ സമഗ്ര വികസനത്തോടൊപ്പം കേരളത്തിലെ ട്രെയിൻ യാത്രക്കാർക്കാകെ വലിയ രീതിയിൽ ഗുണം ലഭിക്കും.
പാത യാഥാർഥ്യമാവുന്നതോടെ ടൂറിസത്തിനും മെഡിക്കൽ ടൂറിസത്തിനും കായിക രംഗത്തെ മുന്നേറ്റത്തിനും ജില്ലയും മലബാറും സാക്ഷ്യം വഹിക്കും. ഈ ബജറ്റിലെങ്കിലും പാതക്കായുള്ള ചെറുവിരൽ അനക്കാൻ നടപടിയുണ്ടാകുമോ എന്നതാണ് ജില്ല ഉറ്റുനോക്കുന്നത്. തലശ്ശേരിയിൽ അമ്മയും കുഞ്ഞും ആശുപത്രിക്കായുള്ള കാത്തിരിപ്പും ബാക്കിയുണ്ട്. ചിറക്കര കണ്ടിക്കലിലാണ് ഇതിനായി സ്ഥലമേറ്റെടുത്തത്. ആശുപത്രിക്കായി തറക്കല്ലിട്ടു. നിർമാണ പ്രവൃത്തി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പ്രവൃത്തികൾ ഇനിയും ബാക്കിയുണ്ട്.
കടൽപാലം നവീകരണം ഉൾപ്പടെയുള്ള തീരദേശ ടൂറിസം വികസനം പ്രഖ്യാപിച്ചതു പോലെ യാഥാർഥ്യമായാൽ തലശ്ശേരിയുടെ മുഖച്ഛായ മാറും. ഇതിനെല്ലാം പദ്ധതികൾ പ്രഖ്യാപിക്കുമെന്ന സ്വപ്നത്തിലാണ് തലശ്ശേരി.
ശ്രീകണ്ഠപുരം: ഇക്കുറിയും ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് മലയോരം. കാട്ടുതീയും മറ്റ് ദുരന്തങ്ങളുമുണ്ടായാൽ നേരിടേണ്ടുന്ന അഗ്നിരക്ഷ നിലയം, മലയോര കേന്ദ്രമെന്ന നിലയിൽ ശ്രീകണ്ഠപുരത്ത് സ്ഥാപിക്കുമെന്ന പ്രഖ്യാപനം ജലരേഖയായത് വൻ പ്രതിഷേധങ്ങൾക്കിടയാക്കുകയാണ്. വേനൽ ചൂടിൽ പല തവണ കാട്ടുതീയുണ്ടാവാറുണ്ടെന്നതാണ് അനുഭവം. മലയോര ഗ്രാമങ്ങളിലെ ഹെക്ടർ കണക്കിന് പ്രദേശങ്ങൾ വേനലിൽ അഗ്നിക്കിരയാവാറുണ്ട്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ പൈതൽമലയിലും പാലക്കയം തട്ടിലും കാഞ്ഞിരക്കൊല്ലിയിലുമെല്ലാം കാട്ടുതീ പതിവാണ്.
പൈതൽ മലഞ്ചെരുവിൽ തീ പടർന്ന് അത്യപൂർവ ഔഷധ സസ്യങ്ങളും വംശനാശം നേരിടുന്ന വന്യജീവികളുമെല്ലാം വെന്തുരുകിയ ദയനീയ കാഴ്ചയാണുണ്ടാവുന്നത്. ഇതിനു പുറമെ മലമടക്കുകളിലെ തോട്ടങ്ങളിൽ അഗ്നിബാധയെ തുടർന്ന് ഏക്കർ കണക്കിന് സ്ഥലത്തെ കശുമാവും റബറും ഉൾപ്പെടെ നശിക്കാറുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും മലയോര മേഖലകളിലെ തീപിടിത്തം തടയാൻ അഗ്നിശമനസേനക്ക് സാധിക്കാറില്ല. കാരണം തളിപ്പറമ്പിലും മട്ടന്നൂരിലുമാണ് നിലവിൽ മലയോര കേന്ദ്രങ്ങളിലുള്ളവർ ആശ്രയിക്കുന്ന അഗ്നിരക്ഷാ നിലയങ്ങൾ പ്രവർത്തിക്കുന്നത്. ഉൾഗ്രാമങ്ങളിൽ തീപിടിത്തമോ മറ്റ് ദുരന്തങ്ങളോ ഉണ്ടായാൽ ഏറെ ദൂരെയുള്ള തളിപ്പറമ്പ്, മട്ടന്നൂർ ,കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേന എത്തണമെങ്കിൽ ഏറെ സമയമെടുക്കും. ദുരന്തങ്ങൾ കഴിഞ്ഞ ശേഷമാണ് പലപ്പോഴും അഗ്നിശമനസേന അതിർത്തി ഗ്രാമങ്ങളിലെത്താറുള്ളത്. ചെങ്ങളായി, പയ്യാവൂർ, ശ്രീകണ്ഠപുരം പുഴകളിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 15 ഓളം വിദ്യാർഥികൾ മുങ്ങിമരിച്ചിരുന്നു.
മലയോര കേന്ദ്രമെന്ന പരിഗണനയിൽ നേരത്തെ യു.ഡി.എഫ് സർക്കാർ അഗ്നിരക്ഷാ നിലയം അനുവദിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും അത് യാഥാർഥ്യമായില്ല. പിന്നീട് കഴിഞ്ഞ ഇടതുസർക്കാറും ബജറ്റിൽ പരിഗണിക്കാവുന്ന പദ്ധതികളിൽ മാത്രമായി ശ്രീകണ്ഠപുരം അഗ്നിരക്ഷ നിലയത്തെെവച്ചു. പ്രധാന പദ്ധതികൾ നടപ്പാക്കിയ ശേഷം പരിഗണിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇതുവരെ അതുണ്ടായില്ല. ഇത്തവണയെങ്കിലും യാഥാർഥ്യമാവുമെന്ന കാത്തിരിപ്പിലാണിവിടത്തുകാർ. കക്കണ്ണൻപാറ കലാഗ്രാമത്തോടനുബന്ധിച്ച് ഫൈൻ ആർട്സ് കോളജ് ആരംഭിക്കുമെന്ന പ്രഖ്യാപനത്തിനും പഴക്കം വന്നതല്ലാതെ കോളജ് വന്നില്ല. യു.ഡി.എഫ് സർക്കാറാണ് കലാഗ്രാമം യാഥാർഥ്യമാക്കിയത്. അന്ന് തന്നെ ഇവിടെ ഫൈൻ ആർട്സ് കോളജ് സ്ഥാപിക്കുമെന്ന് മന്ത്രിമാർ പ്രഖ്യാപിച്ചു. പിന്നീട് ഇടതു സർക്കാർ വന്നപ്പോഴും പ്രഖ്യാപനം തുടർന്നു.
ഇതിനു പുറമെ ചെമ്പന്തൊട്ടി കുടിയേറ്റ മ്യൂസിയം രണ്ടാം ഘട്ട വികസനവും പൈതൽമല, പാലക്കയം തട്ട്, കാഞ്ഞിരക്കൊല്ലി തുടങ്ങിയ ടൂറിസം വികസന പദ്ധതികളുമെല്ലാം ഇരിക്കൂർ മണ്ഡലത്തിൽ യാഥാർഥ്യമാവാനുണ്ട്. ബജറ്റിൽ കനിഞ്ഞാൽ എല്ലാ പദ്ധതികൾക്കും ജീവൻ വെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.