കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പുതുമോടിയിലേക്ക്

പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കുന്ന കിഫ്ബി, പൊതു മരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം എം.വിജിൻ എം.എൽ.എയുടെ അധ്യക്ഷതയിൽ മെഡിക്കൽ കോളജിലെ കോൺഫറൻസ് ഹാളിൽ നടന്നു. ആശുപത്രിയിൽ നടക്കുന്ന നവീകരണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു.

കെട്ടിടത്തിന്റെ പുറത്തും അകത്തുമുള്ള പെയിന്റിങ്, വാർഡ് നവീകരണം, ശുചീകരണ മുറി നവീകരണം, ഇലക്ട്രിക്കൽ പ്രവൃത്തികൾ, അഗ്നിശമന സുരക്ഷ സംവിധാനങ്ങളുടെ നവീകരണം, മെഡിക്കൽ കോളജ് വളപ്പിലെ റോഡുകളുടെ നവീകരണം, നിരീക്ഷണ കാമറ സ്ഥാപിക്കൽ, ശീതീകരണ സംവിധാനം നവീകരിക്കൽ, നിലവിലുള്ള ആറ് ലിഫ്റ്റുകളുടെ നവീകരണവും പുതുതായി നാല് ലിഫ്റ്റുകൾ സ്ഥാപിക്കലും, നിലവിലുള്ളതിനുപുറമെ 500 കെ.വിയുടെ പുതിയ രണ്ട് ജനറേറ്ററുകൾ സ്ഥാപിക്കൽ, ആശുപത്രി കെട്ടിടത്തിന്റെ റൂഫിങ് നവീകരണം തുടങ്ങിയ പ്രവൃത്തികളാണ് നടന്നുവരുന്നത്.

ഇതിനായി സംസ്ഥാന സർക്കാർ 35.52 കോടി രൂപയാണ് അനുവദിച്ചത്. ഏഴാം നിലയിൽ വാർഡുകളുടെ നവീകരണ, അറ്റകുറ്റപ്പണികൾ ഒരുമാസത്തിനകം പൂർത്തീകരിക്കണമെന്ന് യോഗത്തിൽ എം.എൽ.എ, കിഫ്ബി, പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

88.4 കോടി ചെലവിൽ കോളജിൽ പുതുതായി ആരംഭിക്കുന്ന അത്യാധുനിക അത്യാഹിത വിഭാഗത്തിന്റെ ആദ്യഘട്ട നിർമാണം ആരംഭിക്കുന്നതിനായുള്ള സാങ്കേതിക അംഗീകാരം കിഫ്ബിയിൽനിന്നും എത്രയും വേഗം ലഭിക്കുന്നതിനായി ഇടപെടൽ നടത്തുന്നതിനും തീരുമാനിച്ചു.

എം.എൽ.എക്കുപുറമെ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.അജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. വിമൽ റോഹൻ, ആർ.എം.ഒ ഡോ. സരിൻ, പൊതു മരാമത്ത് വിഭാഗത്തിലെ സീനിയർ ഉദ്യോഗസ്ഥരായ സി. സവിത, കെ. വിനോദ് കുമാർ, എം. പ്രസാദ്, മെഡിക്കൽ കോളജ് എൻജിനീയറിങ് വിഭാഗം മേധാവി കെ. വിനോദ്, വാപ്‌കോസ് പ്രതിനിധികളായ കെ. രഘുനാഥൻ, അൻകേഷ് ബക്ഷി, കെ.എച്ച്. ഷാജി, കെ. അബ്ദുൽ റസാഖ്, കരാർ ചുമതല ഏറ്റെടുത്ത എച്ച്.എസ്.ഒ.ബി സീനിയർ വൈസ് പ്രസിഡന്റ് അപരേഷ് ബാനർജി, പ്രോജക്ട് മാനേജർ ആർ. രാജേഷ്, മെഡിക്കൽ കോളജിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.