കണ്ണൂർ: കാത്തിരിപ്പിനൊടുവില്‍ മമ്പറം പാലം യാഥാര്‍ഥ്യമാകുന്നു. വെള്ളിയാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന് പാലത്തിെൻറ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കും. കണ്ണൂര്‍- കൂത്തുപറമ്പ് റോഡില്‍ അഞ്ചരക്കണ്ടി പുഴക്ക് കുറുകെയാണ് മമ്പറം പാലം നിർമിച്ചിരിക്കുന്നത്. ധര്‍മടം മണ്ഡലത്തിലെ പെരളശ്ശേരി, വേങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായിരുന്ന പഴയ മമ്പറം പാലത്തിന് സമാന്തരമായാണ് പുതിയ പാലം.
50 വര്‍ഷത്തിലധികം പഴക്കമുണ്ട് പഴയ പാലത്തിന്. 10 വര്‍ഷം മുമ്പുതന്നെ സ്ലാബിനു കേടുപാടുകള്‍ വന്നതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്തി. പുതിയ പാലം നിർമിക്കുന്നതിനുള്ള ടെൻഡര്‍ നടപടികള്‍ ഏഴു വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കിയിരുന്നെങ്കിലും സമീപന റോഡിനുള്ള സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് പണി ആരംഭിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് 2018ലാണ് സമീപന റോഡിനുള്ള സ്ഥലം ഏറ്റെടുത്ത് നിർമാണ പ്രവൃത്തി തുടങ്ങിയത്.
ഉള്‍നാടന്‍ ജലപാത വികസനത്തിെൻറ ഭാഗമായി മമ്പറം പുഴയിലൂടെ ജലഗതാഗതം ഉണ്ടാകുമെന്ന നിർദേശത്തില്‍ ആദ്യമുള്ള പാലത്തിെൻറ സ്കെച്ച് മാറ്റി പുതിയ ഡിസൈന്‍ കിട്ടുന്നത് വൈകിയതും പ്രളയവും കോവിഡ് ലോക്ഡൗണുമെല്ലാം നിർമാണം വീണ്ടും വൈകാൻ കാരണമായി. പാലത്തിനായി നബാര്‍ഡ് ആർ.ഐ.ഡി.എഫ് 22 സ്കീമില്‍ ഉള്‍പ്പെടുത്തി 13.4 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. ജലഗതാഗത്തിന് കൂടി ഉതകുന്ന രീതിയില്‍ രൂപകല്പന ചെയ്തിരിക്കുന്ന പാലം നിലവിലുള്ള പാലത്തില്‍ നിന്നും മൂന്ന് മീറ്റര്‍ മാറിയാണുള്ളത്.
ആറ് മീറ്റര്‍ ഉയരത്തില്‍ പുഴയില്‍ പ്രധാന മൂന്ന് തൂണുകളടക്കം 31 തൂണുകളാണുള്ളത്. ആകെ 287 മീറ്റര്‍ നീളമുള്ള പാലത്തിന് കണ്ണൂര്‍ ഭാഗത്തേക്ക് 11 മീറ്റര്‍ വീതിയിലും കൂത്തുപറമ്പ് ഭാഗത്തേക്ക് 12 മീറ്റര്‍ വീതിയിലുമുള്ള നടപ്പാതയുണ്ട്. ഇരുഭാഗങ്ങളിലും കൈവരിയും നിര്‍മിച്ചിട്ടുണ്ട്. ചടങ്ങിൽ മന്ത്രി ജി. സുധാകരന് അധ്യക്ഷതവഹിക്കും. പാലത്തിെൻറ നിര്‍മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.