കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ഹോസ്റ്റലിലും പാമ്പുകളുടെ ശല്യത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപെടൽ. ശുചിമുറിയിലും നവജാത ശിശുക്കളുടെ വാർഡുകളിലും പാമ്പുകൾ രൂക്ഷമായിട്ടും കാടു വെട്ടി തെളിക്കാൻ മെഡിക്കൽ കോളജ് അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന പരാതിയിലാണ് മനുഷ്യാവകാശ കമീഷൻ ഇടപെട്ടത്.
മെഡിക്കൽ കോളേജ് സൂപ്രണ്ട് പരാതി പരിശോധിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഒക്ടോബർ 23ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. കഴിഞ്ഞ ദിവസം വിദ്യാർഥികളുടെ ഹോസ്റ്റലിലാണ് പാമ്പിനെ കണ്ടത്. കഴിഞ്ഞയാഴ്ച ആശുപത്രിയിലെ അഞ്ചാം നിലയിലും കാർഡിയോളജി വാർഡിലും പാമ്പ് കയറിയിരുന്നു. ആശുപത്രി കെട്ടിട പരിസരം കാടു കയറിയിട്ട് ദിവസങ്ങളായി.
വിദ്യാർഥികളും ജീവനക്കാരും ഭീതിയോടെയാണ് വഴി നടക്കുന്നതെന്നും റിപ്പോർട്ടുണ്ട്. വാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മെഡിക്കൽ കോളജിൽ പാമ്പുശല്യം രൂക്ഷമാണ്. കഴിഞ്ഞയാഴ്ച കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയുടെ അഞ്ചാം നിലയിലെ 503ാം വാർഡിലെ ശുചിമുറിയിൽ കാട്ടുപാമ്പിനെ കണ്ടെത്തിയിരുന്നു.
ചികിത്സയിലുള്ള രോഗി രാവിലെ ശുചിമുറിയിലെത്തിയപ്പോഴാണ് പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് കണ്ടത്. ഉടൻ വാർഡിലുള്ള മറ്റുള്ളവരുമെത്തി പാമ്പിനെ നീക്കി. സെപ്റ്റംബർ 18ന് അഞ്ചാം നിലയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിനു സമീപത്തുനിന്നാണ് പാമ്പിനെ കണ്ടെത്തിയത്. കാർഡിയോളജി വിഭാഗത്തിലെ സി ബ്ലോക്ക് വാർഡിൽ നിന്ന് പാമ്പിനെ പിടികൂടിയിരുന്നു. അന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു. ശുചിമുറിയിലും വാർഡുകളിലും പാമ്പ് നിത്യ സന്ദർശകരായതോടെ ഭീതിയോടെയാണ് രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിയിലെത്തുന്നത്. കിടക്കയും പായയുമെല്ലാം പരിശോധിച്ച ശേഷമാണ് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.