കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ കിഴക്കേ കവാടത്തിൽ പുതിയ എക്സ്‌കലേറ്റർ പ്രവൃത്തി വൈകുന്നു. എസ്കലേറ്റർ സ്റ്റേഷനിലെത്തിച്ച് പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് മാസം ഒന്നായി. 10 ദിവസത്തിനകം പ്രവൃത്തി പൂർത്തിയാക്കി യാത്രക്കാർക്ക് തുറന്നുകൊടുക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പണി പൂർത്തിയായില്ല.
കോഴിക്കോട് സ്റ്റേഷനിൽ എസ്കലേറ്റർ നിർമിക്കുന്ന കരാറുകാർ തന്നെയാണ് കണ്ണൂരിലും നിർമിക്കുന്നത്. കോഴിക്കോട്ടെ പ്രവൃത്തി പൂർത്തിയായാൽ മാത്രമേ ഇവിടെ എസ്കലേറ്റർ പ്രവർത്തനം തുടങ്ങൂ. തൂണുകളിൽ യന്ത്രം ഘടിപ്പിക്കുന്ന പ്രവൃത്തി കഴിഞ്ഞമാസം പൂർത്തിയാക്കിയിരുന്നു. എക്സ്‌കലേറ്റർ താങ്ങിനിർത്താനുള്ള സിവിൽ ജോലികൾ അടക്കം കഴിഞ്ഞവർഷം തുടങ്ങിയെങ്കിലും കോവിഡിനെ തുടർന്ന് മുടങ്ങി. കോവിഡ് പ്രതിസന്ധി മാറിയതോടെ കഴിഞ്ഞ മാസം നിർമാണം വേഗത്തിലായിരുന്നു. ഏപ്രിൽ ആദ്യവാരത്തോടെ യാത്രക്കാർക്കായി തുറന്നുകൊടുക്കുമെന്നാണ് അറിയിച്ചതെങ്കിലും പ്രവൃത്തി മെല്ലെപ്പോക്കിലായി. ഒരുവർഷം മുമ്പാണ് കണ്ണൂരിൽ എസ്കലേറ്റർ അനുവദിച്ചത്.
ഒന്നിന് പുറമെ നാലാം പ്ലാറ്റ്ഫോമിലും എസ്കലേറ്റർ സൗകര്യം വരുന്നതോടെ ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും പ്രായമായവർക്കും ലഗേജുമായി വരുന്നവർക്കും ഏറെ ആശ്വാസമാകും. നിലവിൽ കിഴക്കേ കവാടത്തിലേക്ക് ഇറങ്ങുന്ന ഭാഗത്ത് ഒരേസമയം ഏഴുപേർക്ക് മാത്രം കയറാനാകുന്ന ലിഫ്റ്റ് സൗകര്യമുണ്ട്. രണ്ടും മൂന്നും ട്രെയിനുകൾ ഒരേസമയത്ത് വരുമ്പോൾ മേൽപാലം യാത്രക്കാരെക്കൊണ്ട് നിറയുന്ന അവസ്ഥയാണ്.
ലഗേജുമായി വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോക്ക്. ലിഫ്റ്റിൽ കയറാനായി യാത്രക്കാർ തിരക്കുകൂട്ടുന്നത് സ്ഥിരം കാഴ്ചയാണ്. ലിഫ്റ്റിനോടുചേർന്ന് എസ്കലേറ്റർ സ്ഥാപിക്കുന്നതോടെ ദുരിതം അവസാനിക്കും. ലിഫ്റ്റിനോട് ചേർന്ന് കിഴക്കേ കവാടത്തിന്‍റെ ഒരുഭാഗം അടച്ചാണ് എസ്കലേറ്ററിന്‍റെ പ്രവൃത്തി നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.