കണ്ണൂർ: ട്രെയിൻ തീവെപ്പുപോലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കുമ്പോഴും കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ തെക്കു-കിഴക്ക് ഭാഗത്ത് ഒരു സുരക്ഷയും ഏർപ്പെടുത്തുന്നില്ല. വ്യാഴാഴ്ച പുലർച്ച തീപിടിച്ച എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ കോച്ച് നിർത്തിയിട്ടത് ഈ ഭാഗത്തെ എട്ടാം നമ്പർ ട്രാക്കിലാണ്. കണ്ണൂരിൽ നിർത്തിയിടുന്ന ട്രെയിനുകളും ചരക്കുവണ്ടികളും ഈ ഭാഗത്താണുള്ളത്. ടിക്കറ്റ് കൗണ്ടറിന് തെക്കുഭാഗത്തായി അര കിലോമീറ്ററോളം നീളത്തിൽ കുറ്റിക്കാടുകളും ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സുകളുമാണ്. ഈ ഭാഗത്ത് സാമൂഹിക വിരുദ്ധർ തമ്പടിക്കാറുണ്ടെന്ന് റെയിൽവേ ജീവനക്കാരും നാട്ടുകാരും പറയുന്നു. ഇവിടെ ഉപേക്ഷിച്ച മദ്യക്കുപ്പികളും മറ്റും വ്യാപകമായി കാണാം.
വാതിലുകളും ജനലുമില്ലാത്ത ഇടിഞ്ഞുപൊളിയാറായ റെയിൽവേ ക്വാർട്ടേഴ്സുകൾ പലവിധ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കും സൗകര്യപ്രദമാണ്. നിർത്തിയിടുന്ന തീവണ്ടികളുടെ കോച്ചുകളും കുറ്റവാളികൾക്ക് ഉപയോഗിക്കാൻ പാകത്തിലാണ്.
താവക്കര റെയിൽവേ അടിപ്പാത മുതലുള്ള ഭാഗങ്ങളിൽനിന്ന് സ്റ്റേഷൻ പരിസരത്തേക്ക് ആളുകൾക്ക് എത്തിപ്പെടാൻ പല വഴികളുണ്ട്. രാത്രിയും പകലുമെന്നുമില്ലാതെ വിജനമായ പ്രദേശമാണിത്. റെയിൽവേ ട്രാക്ക് വേർതിരിക്കുന്ന വേലിയോ മറ്റോ ഇവിടെയില്ല. ഈ ഭാഗത്ത് റെയിൽവേക്ക് കാമറകളുമില്ല. വ്യാഴാഴ്ച ട്രെയിൻ കോച്ചിന് തീവെച്ചുവെന്ന് കരുതുന്നയാൾ എത്തിയ ദൃശ്യം പതിഞ്ഞത് അടുത്തുള്ള ബി.പി.സി.എല്ലിന്റെ സംഭരണശാലയിലെ കാമറയിലാണ്. ട്രെയിൻ യാത്രക്കാരിയെ തീവെച്ച് കൊന്നതടക്കം കുറ്റകൃത്യങ്ങൾ മുമ്പ് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടന്നിട്ടുണ്ട്. 2014 ഒക്ടോബറിൽ പുലർച്ച പുറപ്പെടാൻ തയാറായ കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസിലെ തന്നെ യാത്രക്കാരിയെയാണ് തീകൊളുത്തി കൊന്നത്. ഒട്ടേറെ കവർച്ച സംഭവങ്ങളും കവർച്ചക്കിടെ നടന്ന കൊലപാതകവുമുണ്ടായിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് കുറ്റിക്കാടിന് തീയിട്ട സംഭവം അടുത്തകാലത്തായിരുന്നു. എലത്തൂർ ട്രെയിൻ തീവെപ്പിനു ശേഷം റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ വർധിപ്പിക്കുമെന്ന് അധികൃതർ ആവർത്തിച്ചിരുന്നെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.