കണ്ണൂർ: വാട്ടര്‍ സ്പോര്‍ട്സിന്റെയും സാഹസിക ടൂറിസത്തിന്റെയും കേന്ദ്രമാക്കി കണ്ണൂരിനെ മാറ്റാന്‍ കഴിയുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ജില്ല ടൂറിസം കലണ്ടറിന്റെ ഭാഗമായുള്ള കണ്ണൂര്‍ കയാക്കത്തോണ്‍ 2022 ദേശീയ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഏപ്രില്‍ 24നാണ് പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനല്‍ മുതല്‍ അഴീക്കല്‍ പോര്‍ട്ട് വരെ 11 കിലോമീറ്റര്‍ ദൂരത്തില്‍ ദേശീയ കയാക്കിങ് ചാമ്പ്യന്‍ഷിപ് നടത്തുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കും.
സിംഗിള്‍ കയാക്കുകളും ഡബ്ള്‍ കയാക്കുകളും മത്സരത്തിലുണ്ടാകും. സിംഗിള്‍ കയാക്കുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കാറ്റഗറി ഉണ്ടാകും. ഡബ്ള്‍ കയാക്കുകളില്‍ പുരുഷന്മാര്‍, സ്ത്രീകള്‍, സ്ത്രീകളും പുരുഷന്മാരും അടങ്ങിയ മിക്‌സഡ് കാറ്റഗറിക്കും പ്രത്യേകം മത്സരം ഉണ്ടാകും. ആന്തൂര്‍ നഗരസഭ, നാറാത്ത്, പാപ്പിനിശ്ശേരി, കൊളച്ചേരി, ചിറക്കല്‍, അഴീക്കോട്, വളപട്ടണം, മാട്ടൂല്‍, പാപ്പിനിശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിലൂടെയും കയാക്കത്തോണ്‍ കടന്നുപോകും. കേരള ടൂറിസത്തില്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കണ്ണൂര്‍ കയാക്കത്തോണിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും മന്ത്രി ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ കെ.വി. സുമേഷ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ലോഗോ ഏറ്റുവാങ്ങി. കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാര്‍, അസി. ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.സി. ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.