കണ്ണൂർ: ചെണ്ടുമല്ലിയും ജമന്തിയും നിറഞ്ഞ പാതയോരങ്ങളും ഓണക്കോടി തിരഞ്ഞെടുക്കലുകളുടെ തിരക്കുകളുമില്ലാത്ത ഉത്രാടദിനമാണ് കടന്നുപോയത്. നാടാകെ കോവിഡ് പ്രതിരോധത്തിലായതോടെ ഒന്നാം ഓണനാളിൽ നാടും നഗരവും കഴിഞ്ഞവർഷങ്ങളിലേതുപോലെ സജീവമായില്ല. ഓണഷോപ്പിങ്ങും യാത്രകളും കാര്യമായി ഇല്ലാത്തതിനാൽ ഉത്രാടപ്പാച്ചിൽ പേരിനുമാത്രമായി.
സാധാരണ ഉത്രാടനാളിൽ ആവശ്യസാധനങ്ങൾ വാങ്ങാൻ എത്തിയ ആളുകളെകൊണ്ട് നിരത്തുകളെല്ലാം നിറയാറുണ്ടായിരുന്നു. കോവിഡ് മഹാമാരിയൊരുക്കിയ പ്രതിസന്ധിയിൽ ജനം കൂട്ടമായി പുറത്തിറങ്ങിയില്ല. പൂക്കച്ചവടക്കാരെക്കൊണ്ടും വഴിയോര വ്യാപരംകൊണ്ടും നിറയാറുള്ള കണ്ണൂരും തലശ്ശേരിയും ഇരിട്ടിയും തളിപ്പറമ്പും പയ്യന്നൂരുമെല്ലാം തിരക്കൊഴിഞ്ഞുനിന്നു. പൂക്കളും വസ്ത്രങ്ങളും ആവശ്യസാധനങ്ങളും വാങ്ങാനാണ് ഉത്രാടദിനത്തിൽ ജനങ്ങൾ നഗരങ്ങളിലെത്തിയിരുന്നത്.
ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന പൂക്കൾക്ക് കഴിഞ്ഞ ദിവസമാണ് സർക്കാർ അനുമതി നൽകിയത്. ചുരുക്കം ചില കച്ചവടക്കാർ മാത്രമാണ് പൂക്കളുമായെത്തിയത്. കടകളിൽവെച്ചു മാത്രമേ പൂക്കച്ചവടം അനുവദിച്ചുള്ളൂ. അന്തർ സംസ്ഥാനങ്ങളിൽനിന്നെത്തുന്ന പൂക്കളോട് ജനം അകൽച്ച കാണിച്ചതോടെ തൊടിയിലെയും പറമ്പിലെയും നാടൻപൂക്കളാണ് കളത്തിൽ നിറഞ്ഞത്.
ഓണം പ്രമാണിച്ച് വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒമ്പത് വരെ തുറന്നെങ്കിലും കാര്യമായ കച്ചവടം നടന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ഓണക്കാലത്ത് സജീവമായിരുന്ന തെരുവുകച്ചവടവും ഇത്തവണയുണ്ടായില്ല. സ്വകാര്യ വാഹനങ്ങളിലാണ് ജനം കാര്യമായി നഗരങ്ങളിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.