കണ്ണൂർ: ടൂറിസം വകുപ്പും കണ്ണൂർ ഡി.ടി.പി.സിയും ചേർന്ന് വളപട്ടണം പുഴയിൽ ആദ്യമായി സംഘടിപ്പിച്ച കണ്ണൂർ കയാക്കത്തണിൽ വ്യക്തിഗത ഇനത്തിൽ 1.17 മണിക്കൂറിൽ കയാക്കിങ് പൂർത്തീകരിച്ച് ആലപ്പുഴ സ്വദേശി ബി. അക്ഷയ് വ്യക്തിഗത ചാമ്പ്യനായി. പുരുഷന്മാരുടെ ഗ്രൂപ് ഇനത്തിൽ 1.6 മണിക്കൂറിൽ തുഴഞ്ഞെത്തി ആലപ്പുഴ സ്വദേശികളായ കണ്ണൻ, ആദർശ് എന്നിവർ ഒന്നാമതായി. ഗ്രൂപ് മിക്‌സഡ് വിഭാഗത്തിൽ കെ. നിധി (ഡൽഹി), കെവിൻ കെ. ഷാജി (കോഴിക്കോട്) എന്നിവർ 1.17 മണിക്കൂറിൽ ഒന്നാമതായി.
വ്യക്തിഗത ഇനം: രണ്ടാം സ്ഥാനം ഫെബിൻ തോമസ് (എറണാകുളം, 1.20 മണിക്കൂർ). പുരുഷന്മാരുടെ ഗ്രൂപ്: രണ്ടാം സ്ഥാനം റിനിൽ ബാബു, കെ.വി. വൈഷ്ണവ് (എറണാകുളം, 1.11 മണിക്കൂർ). മിക്‌സഡ് ഗ്രൂപ്: രണ്ടാം സ്ഥാനം: എസ്.പി. രാഹുൽ, ശരണ്യ എസ്. മോഹൻ (തിരുവനന്തപുരം, 1.22 മണിക്കൂർ).
ആകെ 66 പേരാണ് മത്സര രംഗത്തുണ്ടായത്. വ്യക്തിഗത ഇനത്തിൽ 22 പേരും പുരുഷന്മാരുടെ ഗ്രൂപ്പിൽ രണ്ടുപേരുടെ 14 ടീമുകളും മിക്സഡ് വിഭാഗത്തിൽ രണ്ടു പേരുടെ എട്ട് ടീമുകളും മത്സരിച്ചു. വിനോദസഞ്ചാര മേഖലക്ക് പുതിയ അനുഭവങ്ങൾ പകർന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ് കയാക്കത്തൺ ഞായറാഴ്ച രാവിലെ പറശ്ശിനിക്കടവിൽ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഫ്ലാഗ്ഓഫ് ചെയ്തു. പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെ 11 കി.മീറ്റർ നീളത്തിലായിരുന്നു മത്സരം.
കെ.വി. സുമേഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, തലശ്ശേരി സബ് കലക്ടർ അനു കുമാരി, ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ, ആന്തൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. പ്രേമരാജൻ, നഗരസഭ അംഗം കെ.വി. ജയശ്രീ, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജീഷ് കുമാർ എന്നിവർ സംബന്ധിച്ചു. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, തലശ്ശേരി സബ് കലക്ടർ അനു കുമാരി എന്നിവർ കയാക്കത്തണിൽ പറശ്ശിനിക്കടവ് മുതൽ ഫിനിഷിങ് പോയന്റ് വരെ നിറഞ്ഞ ആവേശത്തോടെ പങ്കെടുത്തു.
അഴീക്കോട് പോർട്ടിൽ നടന്ന ചടങ്ങിൽ എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ്, കലക്ടർ എസ്. ചന്ദ്രശേഖർ എന്നിവർ സമ്മാനദാനം നടത്തി. ഒന്നാമതെത്തിയ ടീമിന് 50,000 രൂപയും രണ്ടാമതെത്തിയ ടീമിന് 30,000 രൂപയും സമ്മാനമായി ലഭിച്ചു. വ്യക്തിഗത മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് 25,000 രൂപയും രണ്ടാംസ്ഥാനത്തിന് 15,000 രൂപയുമാണ് സമ്മാനത്തുക. മത്സരാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കോസ്റ്റൽ പൊലീസ്, വിവിധ കരകളിൽ ആംബുലൻസ് സൗകര്യം, ബോട്ടുകളിൽ മെഡിക്കൽ സംഘം, കുടിവെള്ളം, ഫയർഫോഴ്സിന്റെ സ്‌ക്യൂബ ടീം എന്നിവ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.