കേളകം: കൊട്ടിയൂർ-വയനാട് ചുരംപാതയിലെ പാൽചുരത്ത് ആശ്രമം ജങ്ഷന് സമീപം ചരക്കുലോറി അപകടത്തിൽ പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല. നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡിൽനിന്ന് പുറത്തേക്ക് കടന്ന് തിട്ടയിൽ ഇടിച്ച് നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ഏതാനും മാസങ്ങൾക്കിടെ ഇതേ സ്ഥലത്ത് നിരവധി ചരക്കുലോറികൾ അപകടത്തിൽപെടുകയും അപകട മരണങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. കൊടുംവളവിൽ ചരക്കുലോറികൾ നിരന്തരം അപകടത്തിൽ പെടുമ്പോഴും, സുരക്ഷ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനോ സുരക്ഷാവേലി നിർമിക്കാനോ അധികൃതർ നടപടിയെടുക്കുന്നില്ല.
വയനാട് മുട്ടിലിൽനിന്ന് കാസർകോട് ഭാഗത്തേക്ക് കന്നുകാലി മാലിന്യവുമായി പോകുകയായിരുന്ന ചരക്ക് ലോറിയാണ് വ്യാഴാഴ്ച രാവിലെ ഏഴരയോടെ അപകടത്തിൽപെട്ടത്.
മാലിന്യവണ്ടിയിലെ മലിനജലം പുറത്തേക്കൊഴുകി പ്രദേശം ദുർഗന്ധപൂരിതമായി. അപകടത്തിൽപെട്ട ചരക്ക് ലോറി ക്രെയിൻ ഉപയോഗിച്ച് സ്ഥലത്ത്നിന്ന് നീക്കം ചെയ്തു. ആശ്രമം വളവിലെ അപകട പരമ്പരകൾ തടയാൻ ലോഹ സുരക്ഷാവേലി നിർമിക്കുകയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.