കേളകം: കാക്കയങ്ങാടിലെ കൃഷിയിടത്തിൽ പന്നിക്കുവെച്ച കെണിയിൽ പുലി കുടുങ്ങിയതോടെ മലയോര ജനത ആശങ്കയിൽ. മാസങ്ങൾക്ക് മുമ്പാണ് കേളകം പഞ്ചായത്തിലെ കരിയം കാപ്പ് ജനവാസ മേഖലയിൽ വട്ടമിട്ടിരുന്ന കടുവ ദിവസങ്ങളോളം നാടിന്റെ സമാധാനം കെടുത്തി, ഒടുവിൽ മയക്കുവെടിയിൽ ചത്തൊടുങ്ങിയത്. ഇതേസംഭവം കൊട്ടിയൂർ പന്നിയാംമലയിലുമുണ്ടായി. കഴിഞ്ഞ ദിവസം കൊട്ടിയൂർ ഒറ്റപ്ലാവിൽ കൃഷിയിടത്തിൽ കരടിയും പ്രത്യക്ഷപ്പെട്ടത് ഞടുക്കുന്നതായി.
ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പ്രദേശങ്ങളായ ആറളം ഫാം, ആദിവാസി പുനരധിവാസ മേഖല, കേളകം പഞ്ചായത്തിലെ രാമച്ചി, ശാന്തിഗിരി, കരിയംകാപ്പ്, മാങ്കുളം, വെള്ളൂന്നി, ഏലപ്പീടിക തുടങ്ങിയ പ്രദേശങ്ങളും കൊട്ടിയൂർ പഞ്ചായത്തിലെ പാൽച്ചുരം, പന്നിയാംമല, അമ്പയത്തോട്, ചപ്പമല, നെല്ലിയോടി, ഒറ്റപ്ലാവ് പ്രദേശങ്ങളിലെ ജനങ്ങളാണ് പുലിപ്പേടിയിൽ കഴിയുന്നത്.
പ്രധാന പാതകളിൽ പോലും വന്യജീവികളുടെ വിഹാരമായതോടെ പ്രഭാത സവാരിക്ക് പോലും പുറത്തിറങ്ങാൻ ഭയമാണ്. അമ്പതോളം കാട്ടാനകൾ വട്ടമിടുന്ന ആറളം ഫാമിൽ കടുവയുടെ സാന്നിധ്യം പതിവായതോടെ ഭീതിയുടെ നിഴലിലാണ് പുനരധിവാസ മേഖല.
കോളയാട് പഞ്ചായത്തിന്റെ വിവിധ മേഖലകളിലും ചിറ്റാരിപറമ്പയിലും കാട്ടുപോത്തിന്റെ വിഹാരം കൂടിയായതോടെ ജനവാസ മേഖലകൾ വന്യജീവികളുടെ സങ്കേതങ്ങളായി മാറി. ശല്യം രൂക്ഷമായതോടെ നൂറുകണക്കിന് പുനരധിവാസ കൂടുംബങ്ങൾ പാലായനം ചെയ്തതും ആറളം ഫാമിൽ കൃഷിയിടങ്ങൾ വന മാതൃകയിലാവാൻ കാരണമായി. ആറളം കാർഷിക ഫാമിലെ ഭൂമിയും കാടുമൂടിയ നിലയിലാണ്.
ഫാമിനോട് അതിർത്തി പങ്കിടുന്ന കൊട്ടിയൂർ, ആറളം വനാതിർത്തികളിൽ ആന മതിൽ നിർമാണം ആരംഭിച്ചെങ്കിലും പൂർത്തിയായിട്ടില്ല. കാട്ടാന കൂട്ടങ്ങളും മറ്റ് വന്യജീവികളും ആറളം ആദിവാസി പുനരധിവാസ മേഖലയിലും ആറളം ഫാമിലും ചുറ്റിയടിക്കുമ്പോഴും ഇവയെ തുരത്തുന്നതിന് വിയർക്കുകയാണ് വനപാലകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.