കല്യാശ്ശേരി: കെൽട്രോൺ രാജ്യത്താകമാനമുള്ള വിവര സാങ്കേതികവിദ്യ, ഇലക്ട്രോണിക്സ് രംഗത്ത് പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കല്യാശ്ശേരിയിലെ കണ്ണൂർ കെൽട്രോൺ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡിൽ (കെ.സി.സി.എൽ) ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക്സ് നിർമാണ കമ്പനിയായ കെൽട്രോൺതന്നെയാണ് ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം തുടങ്ങുന്നതെന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. രാജ്യത്തെ ആദ്യത്തെ ഐ.ടി പാർക്ക്, ഗ്രാഫീൻ കേന്ദ്രം, ഡിജിറ്റൽ യൂനിവേഴ്സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക് എന്നിവ കേരളത്തിലാണ്. 42 കോടി രൂപ ചെലവഴിച്ചാണ് സൂപ്പർ കപ്പാസിറ്റർ നിർമാണ കേന്ദ്രം ആരംഭിക്കുന്നത്. നാടിനെ ഇലക്ട്രോണിക്സ് വ്യവസായങ്ങളുടെ ഹബ് ആക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.സി.സി.എൽ സൂപ്പർ കപ്പാസിറ്റർ നിർമാണ പ്ലാന്റിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചശേഷം മുഖ്യമന്ത്രി പ്ലാന്റിന്റെ പ്രവർത്തനം വിലയിരുത്തി. മന്ത്രി പി. രാജീവ് അധ്യക്ഷതവഹിച്ചു. മുൻ മന്ത്രി ഇ.പി. ജയരാജൻ വിശിഷ്ടാതിഥിയായി. എം. വിജിൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കെൽട്രോൺ ചെയർമാൻ എൻ. നാരായണ മൂർത്തി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.സി.സി.എൽ എം.ഡി കെ.ജി. കൃഷ്ണകുമാർ, ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷ്ണൻ, കെ.സി.സി.പി.എൽ ചെയർമാൻ ടി.വി. രാജേഷ്, വിനോദൻ പൃത്തിയിൽ, കെ. സുന്ദരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.