കണ്ണൂർ: ഓമനത്തം തുളുമ്പുന്ന ഇനാരമോളുടെ പുഞ്ചിരി മായാതിരിക്കാൻ കൈകോർത്ത് കേരളവും കർണാടകയും. വിദഗ്ധ ചികിത്സക്കായി കുഞ്ഞിനെ കണ്ണൂർ മിംസ് ആശുപത്രിയിൽനിന്ന് നാലുമണിക്കൂർകൊണ്ടാണ് റോഡുമാർഗം ആംബുലൻസിൽ ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിലെത്തിയത്. സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന ജനിതക രോഗത്തിെൻറ പിടിയിലായ കണ്ണൂർ മുഴപ്പിലങ്ങാട്ടെ ഒമ്പത് മാസം പ്രായമുള്ള ഇനാരമോളെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി കേരളത്തിലെയും കർണാടകയിലെയും റോഡുകളിൽ ഗതാഗതം നിയന്ത്രിച്ചാണ് ആംബുലൻസിന് വഴിയൊരുക്കിയത്. ബംഗളൂരു കെ.എം.സി.സി ആംബുലൻസാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
ബുധനാഴ്ച രാവിലെ 10.55ഓടെയാണ് ആംബുലൻസ് കണ്ണൂരിലെ ആശുപത്രിയിൽനിന്ന് പുറപ്പെട്ടത്. കേരള എമർജൻസി ടീമും പൊലീസും സുഗമമായ വഴിയൊരുക്കി. മട്ടന്നൂർ-ഇരിട്ടി മാക്കൂട്ടം വഴിയാണ് ബംഗളൂരുവിലെത്തിയത്. ഡ്രൈവർ കാസർകോട് സ്വദേശി ഹനീഫയാണ് കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചത്. ആംബുലൻസ് ഇൻചാർജ് സലീം ടർളി, ജംഷീദ് എന്നിവരും കുഞ്ഞിെൻറ മാതാപിതാക്കളും വാഹനത്തിലുണ്ടായിരുന്നു.
കർണാടകയിൽ പൊലീസ് സീറോ ട്രാഫിക് ഒരുക്കിയിരുന്നു. ബംഗളൂരു കെ.എം.സി.സി ജന.സെക്രട്ടറി എം.കെ. നൗഷാദിെൻറ നേതൃത്വത്തിലാണ് യാത്രക്ക് ആവശ്യമായ സൗകര്യങ്ങൾ നടത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ബംഗളൂരുവിലെ ഡോക്ടർമാർ അഞ്ച് മണിക്കൂറിനുള്ളിൽ കുട്ടിയെ മണിപ്പാലിലെ ആശുപത്രിയിലെത്തിക്കാൻ നിർദേശിക്കുകയായിരുന്നു. വിമാനമാർഗം പ്രാവർത്തികമാകില്ലെന്നറിഞ്ഞതോടെയാണ് ആംബുലൻസ് തെരഞ്ഞെടുത്തത്.
ഇനാരമോളുടെ ചികിത്സക്കായി നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയെങ്കിലും 1.50 കോടി രൂപ മാത്രമാണ് ഇതുവരെ സ്വരൂപിക്കാനായത്. ജീവൻ രക്ഷിക്കാനായി ലോകത്തെ ഏറ്റവും വിലയേറിയ മരുന്ന് ലഭ്യമാക്കാനായി 15 കോടിരൂപ ഇനിയുമാവശ്യമാണ്. ഇനിയും വറ്റാത്ത മനുഷ്യനന്മയിലാണ് കുഞ്ഞിെൻറ കുടുംബത്തിെൻറയും നാട്ടുകാരുടെയും പ്രതീക്ഷ.
ഇനാര ഫണ്ട് ശേഖരണം: തുക കൈമാറി
എടക്കാട്: എസ്.എം.എ ബാധിച്ച മുഴപ്പിലങ്ങാട്ടെ ഇനാര മറിയത്തിെൻറ ചികിത്സക്ക് സംഗമം അയൽക്കൂട്ടായ്മയുടെ 12 സോണിൽനിന്ന് സ്വരൂപിച്ച 6,76,000 രൂപ ജമാഅത്തെ ഇസ്ലാമി സെക്രട്ടറി സി.കെ.എ.ജബ്ബാറിൽനിന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് ടി. സജിത പ്രജീഷ് ഏറ്റുവാങ്ങി.
സി.പി. ഫസൽ അധ്യക്ഷത വഹിച്ചു. കെ.എം. അഷ്ഫാഖ്,ഹാഷിം ബപ്പൻ, തറമ്മൽ നിയാസ്, എ.പി.ഷാഫി, കെ.എ. സൗദ, എം.കെ.മറിയു തുടങ്ങിയവർ സംസാരിച്ചു. കൂടുതൽ സംഖ്യ ശേഖരിച്ച അയൽക്കൂട്ടം അംഗങ്ങൾക്കുള്ള സമ്മാന വിതരണം പഞ്ചായത്തംഗം സി.പി.സമീറ നിർവഹിച്ചു. എ.പി.അബ്ദുൽ റഹീം സ്വാഗതവും എം.പി. നാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.