കണ്ണൂർ: കഴിഞ്ഞ വർഷങ്ങളിൽ കണ്ണൂരിന് വാരിക്കോരി പദ്ധതികളും ഫണ്ടും ലഭിച്ചപ്പോൾ ഇത്തവണ കാര്യമായൊന്നുമില്ല. തളിപ്പറമ്പ് മണ്ഡലത്തിലെ നാടുകാണിയിൽ അനിമൽ സഫാരി പാർക്ക്, മ്യൂസിയം, മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടി, ഹജ്ജ് തീര്‍ഥാടനത്തിന് കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു കോടി, അഴീക്കൽ തുറമുഖം സമഗ്രവികസനത്തിന് നാലുകോടി, കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് 30.92 കോടി തുടങ്ങിയവയാണ് പ്രധാന നേട്ടങ്ങൾ.
ജൈവ വൈവിധ്യ പാർക്ക്, മൃഗശാല എന്നിവയോടെയുള്ള സഫാരി പാർക്കിന് 300 ഏക്കർ സ്ഥലത്ത് 300 കോടി രൂപ നിക്ഷേപം വേണ്ടിവരും. പ്രാഥമിക പ്രവർത്തനങ്ങൾക്കായി രണ്ട് കോടിയാണ് വകയിരുത്തിയത്. കഴിഞ്ഞ ജൂണിൽ നാടുകാണിയിൽ അനിമൽ സഫാരി പാർക്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുണ്ടായിരുന്നെങ്കിലും സി.പി.ഐയുടെ അടക്കം എതിർപ്പിനെ തുടർന്ന് പിന്നാക്കം പോയിരുന്നു. ഈ പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.
ഹജ്ജ് തീര്‍ഥാടനത്തിനായി കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു കോടി നീക്കിവെച്ചത് മലബാറിൽ നിന്നുള്ള ഹജ്ജ് തീര്‍ഥാടര്‍ക്ക് ഏറെ ആശ്വാസമാണ്. കൈത്തറി-യന്ത്രത്തറി മേഖലക്കായി 51.89 കോടി രൂപ വകയിരുത്തിയത് ജില്ലക്കും പ്രതീക്ഷയാണ്. അഴീക്കോട് കൈത്തറി ഗ്രാമം പദ്ധതിക്ക് രണ്ട്കോടി അനുവദിച്ചിട്ടുണ്ട്. കണ്ണൂർ നാടുകാണി കിൻഫ്ര ടെക്സ്റ്റൈൽ സെന്ററിൽ ഡൈയിങ് ആൻഡ് പ്രിന്റിങ് യൂനിറ്റ് സ്ഥാപിക്കുന്നതിനുള്ള മൂലധന സഹായമായി ഒമ്പത് കോടിയും വകയിരുത്തി.
പെരളശ്ശേരിയിൽ എ.കെ.ജി മ്യൂസിയത്തിന് 3.75 കോടി വകയിരുത്തി. 2021ൽ മുഖ്യമന്ത്രി തറക്കല്ലിട്ട മ്യൂസിയത്തിന് കഴിഞ്ഞ ബജറ്റിൽ ആറുകോടി രൂപ പ്രഖ്യാപിച്ചിരുന്നു. പഴശ്ശി ജലസേചന പദ്ധതിയുടെ പ്രധാന കനാലിന്റെയും ശാഖാ കനാലുകളുടെയും വിതരണ ശൃംഖലയുടെയും നവീകരണ പ്രവർത്തനങ്ങൾക്കായി 15 കോടി രൂപ വകയിരുത്തി. അന്തര്‍ദേശീയ തലത്തിൽ വലിയ പരിപാടികൾക്ക് വേദിയാകുന്ന തരത്തിൽ വിപുലമായ കണ്വെന്ഷന് സെന്ററുകള്‍ സ്ഥാപിക്കുന്ന പട്ടികയിൽ ആദ്യഘട്ടത്തിൽ കണ്ണൂരും സ്ഥാനംപിടിച്ചു.
അഴീക്കൽ തുറമുഖത്തിന്റെ സമഗ്രവികസനത്തിനായി നാല് കോടി അനുവദിച്ചു. ആഴം കൂട്ടാനും സംരക്ഷണ ഭിത്തി നിർമാണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനാണ് തുക വകയിരുത്തിയത്. അഴീക്കൽ തുറമുഖത്തിന് സ്ഥിരം ഐ.എസ്.പി.എസ് കോഡ് ലഭിച്ചത് കഴിഞ്ഞയാഴ്ചയാണ്. അന്താരാഷ്ട്ര കപ്പലുകൾ അടുക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഇന്റർനാഷനൽ ഷിപ്സ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐ.എസ്.പി.എസ്) കോഡിന് കേന്ദ്രതുറമുഖ മന്ത്രാലയമാണ് അനുമതി നൽകിയത്.
ബജറ്റിൽ നാല് കോടി പ്രഖ്യാപിച്ചതോടെ കൂടുതല്‍ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി തുറമുഖത്തിന്റെ ശേഷി വർധിപ്പിക്കാനാകും. നടപ്പാക്കുന്നതിനായി റഡാർ അടിസ്ഥാനമാക്കിയുള്ള ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം സ്ഥാപിക്കാനും സഹായകമാകും. തലശ്ശേരി, കണ്ണൂര്‍ തുടങ്ങിയ ചെറുകിട തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ച് കോടി പ്രഖ്യാപിച്ചിട്ടുണ്ട്.
തളിപ്പറമ്പ്: ചപ്പാരപ്പടവ് നാടുകാണിയിലെ പ്ലാന്റേഷൻ കോർപറേഷൻ വകയായുള്ള എസ്റ്റേറ്റ് ഏറ്റെടുത്താണ് സംസ്ഥാനത്തെ ആദ്യത്തെ സഫാരി പാർക്ക് യാഥാർഥ്യമാക്കുന്നത്. അടുത്ത സാമ്പത്തിക വർഷം പാർക്കിന്റെ പ്രാഥമിക ജോലി ആരംഭിക്കും. മൃഗശാല, മ്യൂസിയം, ജൈവ പാർക്ക് എന്നിവ ചേർന്നതായിരിക്കും സഫാരി പാർക്ക്. പൊതുമേഖല, സഹകരണ മേഖല, സ്വകാര്യ മേഖല എന്നിവയുടെ സംയുക്ത സംരംഭമായാണ് സഫാരി പാർക്ക് ആരംഭിക്കുക.
ആവശ്യമായി ഭൂമി ഉടൻ തന്നെ പ്ലാന്റേഷൻ കോർപറേഷനിൽ നിന്ന് ഏറ്റെടുക്കും. എം.വി. ഗോവിന്ദൻ എം.എൽ.എയുടെ സ്വപ്നപദ്ധതിയാണ് 300 ഏക്കറിൽ ആരംഭിക്കുന്ന മൃഗശാലയും സഫാരി പാർക്കും. ഇതിനു പറമെ, തളിപ്പറമ്പ് മണ്ഡലത്തിലെ ഏഴ് പഞ്ചായത്തിലും രണ്ട് നഗരസഭകളിലുമായി ഹാപ്പിനസ് പാർക്ക് നിർമിക്കുന്നതിന് രണ്ടര കോടിയും ബജറ്റിൽ അനുവദിച്ചു.
തലശ്ശേരി: ആതുര ശുശ്രൂഷ രംഗത്ത് വികസനക്കുതിപ്പിലേറി കോടിയേരി മലബാർ കാൻസർ സെന്റർ. ചികിത്സ സൗകര്യം മെച്ചപ്പെടുത്തുന്നതിന് 28 കോടി രൂപ സർക്കാർ ബജറ്റിൽ വകയിരുത്തി. വടക്കൻ കേരളത്തിലെ ജനങ്ങൾക്ക് ഓങ്കോളജി ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച മലബാർ കാൻസർ സെന്റർ സാധാരണക്കാരായ രോഗികൾക്ക് താങ്ങും തണലുമാണ്. ആശുപത്രിയിലെ വിവിധ വകുപ്പുകൾ/ ഡിവിഷനുകൾ ശക്തിപ്പെടുത്തുന്നതിനാണ് ബജറ്റിൽ പ്രാമുഖ്യം നൽകിയത്.
എൻ.എ.ബി.എൽ അക്രഡിറ്റേഷനായി ആശുപത്രി ലാബിന്റെ നവീകരണം, അണുബാധ നിയന്ത്രണ പരിപാടി ശക്തിപ്പെടുത്തൽ എന്നിവയാണ് പദ്ധതികളിൽ ചിലത്.
ചെറിയ നിർമാണ പ്രവർത്തനങ്ങൾ, സിവിൽ ജോലികൾ, നവീകരണം, അറ്റകുറ്റപ്പണികൾ, മെഡിക്കൽ ലൈബ്രറി ശക്തിപ്പെടുത്തൽ, ഗവേഷണ ശേഷിയുടെ വികസനം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസസ് ആൻഡ് റിസർച്ചിന്റെ നിർമാണവും അടിസ്ഥാന സൗകര്യ വികസനവും, ഉപഭോഗവസ്തുക്കൾ, ആശുപത്രി ഉപകരണങ്ങൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ, എൻജിനീയറിങ് ആൻഡ് മെയിന്റനൻസ് ഡിപ്പാർട്ട്മെന്റിന്റെ ശാക്തീകരണം, ഇമ്യൂണോളജി ആൻഡ് ഇമ്യൂണോതെറപ്പി സൗകര്യം ശക്തിപ്പെടുത്തൽ, വിവർത്തന ഗവേഷണം വർധിപ്പിക്കുന്നതിന് 3 ഡി പ്രിന്റിങ് സൗകര്യം സ്ഥാപിക്കൽ, ക്ലിനിക്കൽ ഗവേഷണത്തിന്റെയും സെല്ലുലാർ തെറപ്പിയുടെയും വികസനം, ഗുണമേന്മ ഉറപ്പ് ശക്തിപ്പെടുത്തൽ (ഫയർ ഇൻഷുറൻസ്, സമഗ്രമായ വാർഷിക പരിപാലന കരാർ, അക്രഡിറ്റേഷൻ മുതലായവ) നടന്നുവരുകയാണ്.
സ്തനാർബുദവും സെർവിക്കൽ കാൻസറുമാണ് സ്ത്രീകളിൽ കൂടുതൽ കണ്ടുവരുന്നത്. സ്ത്രീകളിൽ അർബുദവുമായി ബന്ധപ്പെട്ട രോഗാവസ്ഥയെയും മരണനിരക്കും ചെറുക്കുന്നതിനുള്ള പ്രധാന ഉപകരണമാണ് കാൻസർ സ്ക്രീനിങ് ടെസ്റ്റുകൾ. എൻ.സി.ഡി കൺട്രോൾ പ്രോഗ്രാമിന്റെ ഭാഗമായും കാൻസർ സെന്ററുമായി സഹകരിച്ചും ഡി.എച്ച്.എസ് സംസ്ഥാന വ്യാപകമായി സ്ക്രീനിങ് കാമ്പയിൻ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.