കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരെൻറ കണ്ണിൽ മുളകുപൊടി വിതറി കുത്തിപ്പരിക്കേൽപിച്ച് ഏഴു ലക്ഷത്തിലധികം രൂപ കവർന്നു. കണ്ണവം സ്വദേശി സ്വരാജിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞദിവസം ഉച്ചക്ക് ശേഷം ചെറുവാഞ്ചേരി ടൗണിലാണ് സംഭവം.
പെട്രോൾ പമ്പിലെ അക്കൗണ്ടൻറായ സ്വരാജ് ചെറുവാഞ്ചേരി ഗ്രാമീൺ ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന പണമാണ് കവർന്നത്. ബാങ്കിലേക്ക് കയറുന്നതിനിടെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച രണ്ടുപേർ ആക്രമിക്കുകയായിരുന്നു. തലക്കും വയറിനും കൈക്കുമാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. യുവാവിനെ ചെറുവാഞ്ചേരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.
പൊയിലൂരിലെ ക്വാറി ഉടമയായ രാജീവേൻറതാണ് പെട്രോൾ പമ്പ്. മുളകുപൊടി കരുതിയ കടലാസിൽ രാജീവനുള്ള ഭീഷണി സന്ദേശവും കണ്ടെത്തിയിട്ടുണ്ട്.
'ക്വാറി മാഫിയ രാജീവന് തുടക്കം മാത്രം' എന്നാണ് സന്ദേശത്തിലുള്ളത്. കണ്ണവം ഇൻസ്പെക്ടർ കെ. സുധീർ, എസ്.ഐ അനീന്ദ്രൻ എന്നിവർ സ്ഥലത്ത് പരിശോധന നടത്തി. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.