കൂത്തുപറമ്പ് (കണ്ണൂർ): വനം വകുപ്പിെൻറ കുടിയിറക്ക് ഭീഷണിയെ തുടർന്ന് ദുരിതം അനുഭവിക്കുകയാണ് ചെറുവാഞ്ചേരിയിലെ രണ്ട് കുടുംബങ്ങൾ. കണ്ണവം വനത്തോട് ചേർന്ന പ്രദേശത്ത് താമസിക്കുന്ന പൂവത്തൂരിലെ പരാരിപ്പറമ്പത്ത് വീട്ടിൽ കമലയുടെയും ബന്ധുവായ ഗൗരിയുടെയും കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. വർഷങ്ങളായി വനം വകുപ്പ് പാട്ടത്തിന് നൽകിയ ഭൂമി ഒരു മാസത്തിനകം ഒഴിയണമന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതോടെ എങ്ങോട്ട് പോകണമെന്നറിയാതെ വിലപിക്കുകയാണ് ഇരു കുടുംബങ്ങളും.
61 വർഷമായി കമലയുടെ കുടുംബം കണ്ണവം വനത്തോട് ചേർന്ന പ്രദേശത്ത് താമസം തുടങ്ങിയിട്ട്. 1941ലാണ് കമലയുടെ അച്ഛൻ നരിക്കോടൻ കേളുനായർക്ക് കൃഷി ചെയ്യാനായി നാല് ഏക്കർ വനഭൂമി പാട്ടവ്യവസ്ഥയിൽ അനുവദിച്ചത്. 1975ൽ കേളു നായർ മരിച്ചതോടെ പാട്ടത്തുക മുടങ്ങി. 1998ൽ 22 വർഷത്തെ തുകയായ 2799 രൂപ അടക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് നോട്ടീസ് നൽകിയിരുന്നു. പിന്നീട് 2004 വരെ തുക കൃത്യമായി അടച്ചു. ഇതിനുശേഷം വനം വകുപ്പ് ലീസ് തുക വാങ്ങിയിട്ടില്ല എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോൾ കേന്ദ്രത്തിൽനിന്ന് ഓർഡർ വരണമെന്ന മറുപടിയാണ് വനം വകുപ്പിൽ നിന്നും ലഭിച്ചത്. പിന്നീട് വന്നതാകട്ടെ വീടും സ്ഥലവും ഒഴിയണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസാണ്.ഈ മാസം 14നാണ് കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ നോട്ടീസ് ലഭിക്കുന്നത്. കമലക്ക് ജോലിയൊന്നുമില്ല. ഭർത്താവ് പത്മനാഭന് അസുഖം വന്നതോടെ ഇപ്പോൾ വീട്ടിൽ തന്നെയാണ്. വീടിന് സമീപത്തുള്ള കൃഷിയിൽ നിന്നുള്ള വരുമാനമാണ് ഈ കുടുംബത്തിെൻറ ഏക ആശ്രയം. നോട്ടീസ് ലഭിച്ചതോടെ കമലയും ഭർത്താവ് പത്മനാഭനും എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ്. 1941ലാണ് ലീസിന് അനുവദിച്ചതെങ്കിലും വനംവകുപ്പിെൻറ നോട്ടീസിൽ 1976ൽ അനുവദിച്ചുവെന്നാണ് ഉള്ളതെന്നും ഇത് വനം വകുപ്പ് തെറ്റായി രേഖപ്പെടുത്തിയതാണെന്നുമാണ് കമല പറയുന്നത്. സമാന സ്ഥിതിയാണ് ഇവരുടെ ബന്ധുവായ കെ. ഗൗരിയുടേതും.
1942ൽ ഗൗരിയുടെ ഭർതൃപിതാവിെൻറ പിതാവ് കുഞ്ഞുകുട്ടിക്ക് നാലര ഏക്കർ ഭൂമിയാണ് കൃഷി ചെയ്യാനായി പാട്ടവ്യവസ്ഥയിൽ അനുവദിച്ചത്. ഇതിൽ 26 സെൻറ് സ്ഥലത്താണ് ഗൗരിയും കുടുംബവും 37 വർഷമായി താമസിക്കുന്നത്. മക്കളെല്ലാം വിവാഹിതരായതോടെ ഗൗരി ഒറ്റക്കാണ് ഈ വീട്ടിൽ താമസം. നോട്ടീസ് ലഭിച്ചതോടെ ഇനി എങ്ങോട്ട് പോകുമെന്നാണ് ഗൗരിയും ചോദിക്കുന്നത്. വർഷങ്ങളായുള്ള സമ്പാദ്യം ഉപയോഗിച്ച് കെട്ടിയ വീട് ഉൾപ്പെടെ നഷ്ടമാകുന്നതിെൻറ വേദനയിലാണ് ഈ കുടുംബങ്ങൾ. വനംവകുപ്പിെൻറ നടപടിക്കെതിരെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനൊരുങ്ങുകയാണ് കമലയും ഗൗരിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.