കൂത്തുപറമ്പ്: വലിയവെളിച്ചത്ത് കഴിഞ്ഞദിവസം പൊലീസ് പിടിയിലായത് ലക്ഷങ്ങൾകൊണ്ട് കളിക്കുന്ന വൻ ചൂതാട്ടസംഘം. അതിസാഹസികമായി പൊലീസ് നടത്തിയ പരിശോധനയിൽ 8.76 ലക്ഷം രൂപയുമായി 28 പേരെയാണ് പിടികൂടിയത്. ഇതര ജില്ലകളിൽനിന്നുവരെ ചൂതാട്ടത്തിനായി ആഡംബര വാഹനങ്ങളിൽ ആളുകൾ വലിയവെളിച്ചത്ത് എത്തുന്നുണ്ട്. ഇതിനെതിരെ പ്രദേശവാസികൾക്ക് നേരത്തെ പരാതി ഉണ്ടായിരുന്നു. കോഴിക്കോട്, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽനിന്ന് ചൂതാട്ടത്തിന് ആളുകൾ എത്തുന്നതായി പറയുന്നു.
ജനവാസം കുറഞ്ഞപ്രദേശത്ത് പൊലീസിനെ പോലും കവച്ചുവെക്കുന്ന സുരക്ഷാസംവിധാനങ്ങളൊരുക്കിയാണ് ചൂതാട്ടമാഫിയയുടെ പ്രവർത്തനം. തങ്ങളുടെ സംഘത്തിൽ ഉൾപ്പെടാത്തവർ പുറത്തുനിന്ന് എത്തുമ്പോൾ അറിയിക്കാൻ പ്രത്യേക സംഘമുണ്ട്. ചൂതാട്ടത്തിനെത്തുന്നവർക്ക് മാഫിയസംഘം പ്രത്യേക രഹസ്യകേന്ദ്രത്തിലെത്താൻ നിർദേശം നൽകുകയും അവിടെനിന്നും വാഹനങ്ങളിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് രഹസ്യമായി എത്തിക്കുകയുമാണ് പതിവെന്ന് പൊലീസ് പറഞ്ഞു.
ഇത്തരം ചൂതാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നത് നേരത്തെ വിവിധ കേസുകളിൽ പ്രതികളായവരും ക്വട്ടേഷൻ സംഘങ്ങളുമാണെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ചൂതാട്ടത്തിനായി എത്തുന്നവരിൽ ഭൂരിഭാഗവും വലിയ പലിശക്ക് പണം നൽകുന്ന വട്ടിപ്പലിശക്കാരാണെന്നും ചോദ്യംചെയ്യലിൽ വ്യക്തമായിട്ടുണ്ട്. ദിവസവും ലക്ഷക്കണക്കിന് രൂപയുടെ ചൂതാട്ടമാണ് ഇവിടെ നടക്കുന്നത്. രഹസ്യവിവരത്തെ തുടർന്ന് കൂത്തുപറമ്പ് എസ്.ഐ ബിനുമോഹനും സംഘവും ഞായറാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിലാണ് വൻ ചൂതാട്ടസംഘം വലയിലായത്. ഏതാനും പേർ പൊലീസിനെ കണ്ട് കടന്നുകളഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.