കൂത്തുപറമ്പ്: ടൗണിലെ 34 ഓട്ടോറിക്ഷകൾക്ക് മുനിസിപ്പാലിറ്റിയിൽ സിറ്റി പെർമിറ്റ് അനുവദിക്കണമെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ (എച്ച്.എം.എസ്) അംഗങ്ങളായ എം. അരുൺ ഉൾപ്പെടെ 34 ഓട്ടോറിക്ഷ ഉടമകളാണ് ഹൈകോടതിയെ സമീപിച്ചത്.
ആർ.ടി.ഒ ചെയർമാനെ എതിർകക്ഷിയാക്കി നൽകിയ ഹരജിയിലാണ് കഴിഞ്ഞമാസം അഞ്ചിന് ജഡ്ജിമാരായ എ. മുഹമ്മദ് മുസ്താഖ്, എ.എ. സിയാദ് റഹ്മാൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വിധി പ്രസ്താവിച്ചത്.
തങ്ങൾക്ക് സിറ്റി പെർമിറ്റ് നിഷേധിക്കുന്നതിന് അന്യായമായി ഇടപെടുകയും നഗരസഭയുടെ ശിപാർശയിൽ 300 പേർക്ക് അനധികൃതമായി പെർമിറ്റ് അനുവദിക്കുകയും ചെയ്തുവെന്നാണ് ഇവരുടെ പരാതി. തങ്ങൾക്ക് പെർമിറ്റിന് അപേക്ഷിക്കാനുള്ള അവസരം പലഘട്ടങ്ങളിലായി നഷ്ടപ്പെട്ടെന്നും ഇവർ ഹൈകോതിയിൽ ബോധിപ്പിച്ചു.
റിട്ട് അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് പരാതിക്കാരായ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് നഗരസഭ പരിധിയിൽ യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദം നൽകണമെന്നും ഇനി മറ്റാർക്കെങ്കിലും സിറ്റി പെർമിറ്റ് അനുവദിക്കുന്നതിന് മുമ്പ് മൂന്നുമാസത്തിനകം ഇവർക്ക് പെർമിറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. പരാതിക്കാർക്കു വേണ്ടി അഭിഭാഷകനായ ലിജിൻ തമ്പാൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.