കൂത്തുപറമ്പ്: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം വിപുലികരിക്കാനുള്ള പ്രവർത്തനങ്ങളുമായി നഗരസഭ. കൂത്തുപറമ്പ് നഗരസഭയുടെ കീഴിലുള്ള ജീവനം കിഡ്നി പേഷ്യന്റ് വെൽഫെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഉദാരമതികളുടെ സഹായത്തോടെയാണ് മൂന്നാം ഷിഫ്റ്റ് ഉൾപ്പെടെയുള്ള പ്രവർത്തനം ആരംഭിക്കുക.
ഇതിന്റെ ഭാഗമായി നഗരസഭയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും വ്യാപാര വ്യവസായ വിദ്യാഭ്യാസ മേഖലകളിലുള്ളവരുടെയും സന്നദ്ധ സംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും യോഗം 20ന് വൈകീട്ട് 4.30ന് സ്റ്റേഡിയം പവലിയനിൽ ചേരും.
ഏതാനും വർഷം മുൻപ് കിഫ്ബിയിൽ നിന്നുള്ള 1.20 കോടിഫണ്ട് ഉപയോഗിച്ചാണ് താലൂക്ക് ആശുപത്രിയിൽ 10 ഡയലിസിസ് യന്ത്രങ്ങൾ സ്ഥാപിച്ചത്. നഗരസഭ വകയിരുത്തിയ 45 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു ആദ്യഘട്ടത്തിൽ ഒരുഷിഫ്റ്റ് പ്രവർത്തിപ്പിച്ചത്. പിന്നീട് ഡയലിസിസ് രോഗികൾ കൂടിയതോടെ രണ്ട് ഷിഫ്റ്റുകളിലായിട്ടായിരുന്നു പ്രവർത്തനം.
കൂത്തുപറമ്പ് നഗരസഭയുടെ കീഴിൽ ജീവനം കിഡ്നി പേഷ്യന്റ് വെൽഫെയർ ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചായിരുന്നു ഇതിനുള്ള ഫണ്ട് കണ്ടെത്തിയിരുന്നത്. 2019ൽ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ ഫണ്ട് ശേഖരണത്തിലൂടെ 48,63,355 രൂപയാണ് സൊസൈറ്റിക്ക് ലഭിച്ചത്. എന്നാൽ, രോഗികളുടെ എണ്ണം വർധിക്കുകയും ചെലവ് കൂടുകയും ചെയ്ത സാഹചര്യത്തിൽ വീണ്ടും ഫണ്ട് കണ്ടെത്തേണ്ട സാഹചര്യത്തിലാണ് സൊസൈറ്റി.
അതോടൊപ്പം മൂന്നാമതൊരു ഷിഫ്റ്റ് തുടങ്ങിയാലെ പുതിയ അപേക്ഷകരിൽ പലർക്കും ചികിത്സ ലഭ്യമാക്കാൻ സാധിക്കുകയുള്ളൂ. വീണ്ടും ജനകീയ ഫണ്ട് ശേഖരണത്തിനുള്ള തയാറെടുപ്പിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.