കണ്ണൂർ/ കൂത്തുപറമ്പ്: വടക്കഞ്ചേരി ബസപകടത്തിനുശേഷം ജില്ലയിലെ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. ഞായറാഴ്ചയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്‍റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. പരിശോധനയിൽ ബസുകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.
കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ 10 ബസുകൾക്കെതിരെ നടപടിയെടുത്തു. രണ്ടു ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി ഫോക്കസ് ത്രീ എന്ന പേരിൽ നടക്കുന്ന പരിശോധനയുടെ ഭാഗമായിട്ടായിരുന്നു കൂത്തുപറമ്പിലടക്കം പരിശോധന.
കണ്ണൂർ എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒ എ.സി. ഷീബയുടെ പ്രത്യേക നിർദേശപ്രകാരമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പരിശോധന. ടൂറിസ്റ്റ്, സ്വകാര്യ ബസ് ഉൾെപ്പടെയുള്ളവയിലാണ് പരിശോധന. എക്സ്ട്ര കളർ ലൈറ്റിങ്, സ്റ്റിക്കർ, കണ്ടക്ടർ ലൈസൻസ് ഇല്ലാത്തവ, യൂനിഫോം ഇല്ലാത്തവ തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയ ബസുകൾക്കെതിരെയാണ് നടപടി.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 47 കേസുകളിലായി 93,000 രൂപ വിവിധ ബസുടമകളിൽനിന്ന് പിഴ ഈടാക്കി. ലൈറ്റുകളും കാതടപ്പിക്കും ഹോണുകളും കണ്ടെത്തി അഴിച്ചുമാറ്റി.
ബസുകളിൽ ഡ്രൈവറുടെ കാഴ്ച മറക്കുംവിധം ഗ്ലാസുകളിൽ തൂക്കിയിട്ട തോരണങ്ങളും മാലകളും അലങ്കാര വസ്തുക്കളും ഉദ്യോഗസ്ഥർ അഴിച്ചുമാറ്റി. എയർഹോണുകളും പിടികൂടി. ആകെ 600ലേറെ ബസുകളിൽ പരിശോധന നടത്തി.
അവധിദിനമായ ഞായറാഴ്ച മോട്ടോർ വാഹനവകുപ്പ് ജില്ലയിൽ നടത്തിയ പരിശോധനയിൽ 75,000 രൂപ പിഴയീടാക്കി. അനധികൃതമായി ബസുകളിൽ അടക്കം ഘടിപ്പിച്ച 37 ലൈറ്റുകൾ കണ്ടെടുത്തു. കാതടപ്പിക്കുന്ന ശബ്ദമുള്ള അഞ്ച് സ്റ്റീരിയോകളും പിടിച്ചെടുത്തു.
മൊബൈൽ ഫോൺ ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്‍പെൻഡ് ചെയ്തു. ടാക്സില്ലാതെ ഓടിയ ടൂറിസ്റ്റ് വാഹനവും പിടികൂടി. 23 മറ്റ് നിയമലംഘനങ്ങളും കണ്ടെത്തി. ആകെ 78 വാഹനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.