കൂത്തുപറമ്പ്: സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതിയുടെ ശബ്ദസാമ്പിൾ പരിശോധനക്കയക്കുന്നതിന് കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് എ.എഫ്. ഷിജു അനുമതി നൽകി. കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിൽ തൊടീക്കളം റൈസ് മില്ലിന് സമീപം സി.പി.എം പ്രവർത്തകനായ ഗണപതിയാടൻ പവിത്രൻ കൊല്ലപ്പെട്ട കേസിലാണ് പുതിയ വഴിത്തിരിവ്. കേസിൽ ഏഴാം പ്രതിയായ കുപ്പി സുബീഷ് സുഹൃത്തുമായി നടത്തിയ ടെലിഫോൺ സംഭാഷണം താരതമ്യം ചെയ്യാനാണ് ശബ്ദസാമ്പിൾ പരിശോധനക്കയക്കുന്നത്. നേരത്തെ അന്വേഷണസംഘം ശേഖരിച്ച സംഭാഷണം ഫോറൻസിക് ലാബിലേക്ക് അയച്ചിരുന്നു. ഇത് താരതമ്യം ചെയ്യുന്നതിനായാണ് പരിശോധനക്ക് അയക്കുന്നത്. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പി. വിക്രമൻ നൽകിയ ഹർജിയിലാണ് അനുമതി നൽകിയത്. എ.ഡി.ജി.പി എസ്. ശ്രീജിത്തിെൻറ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം. 2009 മാർച്ച് 21നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതിയുടെ ശബ്ദം പരിശോധനക്ക് അയക്കാനുള്ള അനുമതി നൽകാൻ മജിസ്ട്രേട്ടിന് അധികാരമില്ലെന്നും ഭരണഘടന തത്ത്വ ലംഘനമാണെന്നും പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. പി. േപ്രമരാജൻ വാദിച്ചു. എന്നാൽ, സുപ്രീംകോടതി വിധിപ്രകാരം ഉത്തർപ്രദേശിലെ റിതേഷ് സിൻഹ കേസിൽ ശബ്ദം പരിശോധിക്കാൻ അനുമതിനൽകാൻ കോടതിക്ക് അധികാരമുണ്ടെന്ന് മൂന്നംഗ ബെഞ്ച് വിധി ഉദ്ധരിച്ചുകൊണ്ട് അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ ഷീജ മോഹൻരാജ് പറഞ്ഞു. നിരവധി കേസുകളിൽ ഇത് ഭരണഘടനാ ലംഘനമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.