കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് മുന്നോടിയായി കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നടത്തി. വ്യാഴാഴ്ച രാവിലെയോടെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ചടങ്ങുകളാരംഭിച്ചു. കോട്ടയം തിരൂർകുന്നിൽനിന്ന് മണിയൻ ചെട്ടിയാന്റെ നേതൃത്വത്തിലുള്ള വിളക്കുതിരി സംഘം രാവിലെയോടെ ഇക്കരെ കൊട്ടിയൂരിലെത്തിയിരുന്നു. ഒറ്റപ്പിലാൻ, ആശാരി, പുറങ്കലയൻ എന്നിവരുടെ നേതൃത്വത്തിൽ ഇക്കരെ ക്ഷേത്രനടയിലും അക്കരെ ക്ഷേത്രത്തിന്റെ കിഴക്കെ നടയായ മന്ദംചേരിയിലും തണ്ണിംകുടി ചടങ്ങ് നടത്തി. തുടർന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായിയുടെയും നേതൃത്വത്തിൽ പാരമ്പര്യ ഊരാളന്മാരും മറ്റ് അടിയന്തരക്കാരും ആചാരപ്രകാരം പ്രത്യേക വഴികളിലൂടെ മന്ദംചേരിയിൽ ഉരുളിക്കുളത്തിലെത്തി. അവിടെനിന്ന് ശേഖരിച്ച കൂവയിലകളോടെ ബാവലിപ്പുഴയിലെത്തി കുളിച്ച്, കുറിച്യ സ്ഥാനികനായ ഒറ്റപ്പിലാന്റെ അനുമതിയോടെ അക്കരെ സന്നിധാനത്ത് പ്രവേശിച്ചു. കൂവ ഇലയിൽ ശേഖരിച്ച തെളിനീര് പടിഞ്ഞിറ്റ നമ്പൂതിരി മണിത്തറയിൽ അഭിഷേകം ചെയ്തു. തുടർന്ന് പ്രസാദമായി അഷ്ടബന്ധവും സ്വീകരിച്ച് അടിയന്തിരക്കാർ സന്നിധാനത്തുനിന്നും മടങ്ങി. അർധരാത്രിയോടെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ ആയില്യാർ കാവിൽ പ്രത്യേക പൂജയും അടിയന്തരക്കാർക്ക് അപ്പട നിവേദ്യവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.